മണിപ്പൂരിൽ ബീരേൻ സിങ്ങിനെ മാറ്റില്ല; സംഭവം പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി: അമിത് ഷാ

ണിപ്പൂരിലെ ആക്രമണത്തെക്കാള്‍ അപലപനീയമാണ് അത് ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നായിരുന്നു അമിത്ഷായുടെ വിമര്‍ശനം.

New Update
amit shah manipur n

ന്യൂഡൽഹി: മണിപ്പൂരിൽ സംഘർഷമുണ്ടെന്ന് അംഗീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങ്ങിനെ മാറ്റില്ലെന്നും അമിത്ഷാ വ്യക്തമാക്കി. അവിശ്വാസപ്രമേയ ചർച്ചയുടെ ഭാഗമായി ലോക്സഭയിൽ സംസാരിക്കവെയായിരുന്നു അമിത്ഷായുടെ പ്രതികരണം. മണിപ്പൂരില്‍ ഉണ്ടായ അക്രമ സംഭവങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ അമിത്ഷാ മണിപ്പൂരിലെ അക്രമ സംഭവങ്ങളെ അപലപിച്ചു. മണിപ്പൂർ വിഷയത്തിൽ പാർലമെൻ്റിൽ പ്രതികരിക്കാൻ പ്രതിപക്ഷം സമ്മതിച്ചില്ലെന്നും അമിത്ഷാ കുറ്റപ്പെടുത്തി.

മണിപ്പൂര്‍ സംഭവത്തെ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിയെന്ന വിമർശനവും അമിത്ഷാ ഉയർത്തി. മണിപ്പൂരിലെ ആക്രമണത്തെക്കാള്‍ അപലപനീയമാണ് അത് ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നായിരുന്നു അമിത്ഷായുടെ വിമര്‍ശനം. 'മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറല്ലെന്ന് പ്രതിപക്ഷം ജനങ്ങള്‍ക്ക് ഇടയില്‍ വ്യാജ പ്രചരണം നടത്തി. മണിപ്പൂരിനെക്കുറിച്ച് പറയാന്‍ ആഭ്യന്തര മന്ത്രിയെ അനുവദിക്കാത്തത് എന്ത് മര്യാദ? ആറ് വര്‍ഷമായി മണിപ്പൂരില്‍ ബിജെപി സര്‍ക്കാരാണ് ഭരിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ മണിപ്പൂരില്‍ ഒരു ദിവസം പോലും കര്‍ഫ്യൂ, ബന്ദ് ഒന്നും ഉണ്ടായിട്ടില്ല; അമിത്ഷാ പറഞ്ഞു.

Advertisment

രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനത്തെയും അമിത്ഷാ വിമർശിച്ചു. രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിച്ചപ്പോൾ അരങ്ങേറിയത് രാഷ്ട്രീയ നാടകമെന്നും അമിത്ഷാ കുറ്റപ്പെടുത്തി. 'യാത്രയ്ക്ക് ഹെലികോപ്ടർ നൽകാമെന്ന് പറഞ്ഞിട്ടും റോഡിലൂടെ യാത്ര ചെയ്തത് രാഷ്ട്രീയ നാടകം കളിക്കാൻ. ഇത്തരം സന്ദർഭങ്ങളിൽ രാഷ്ട്രീയം കളിക്കുന്നവരെ ജനം തിരിച്ചറിയും'; അമിത്ഷാ കുറ്റപ്പെടുത്തി.

സ്ത്രീകളെ നഗ്നരാക്കി നടത്തിയ ദൃശ്യങ്ങൾ പ്രചരിച്ച സംഭവത്തെക്കുറിച്ചും അമിത്ഷാ പ്രതികരിച്ചു. ഇത്തരം പ്രവർത്തനങ്ങൾ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ അമിത്ഷാ ഇത് ലോകത്ത് എവിടെ നടന്നാലും ദുഃഖകരമാണെന്നും അഭിപ്രായപ്പെട്ടു. വിഡിയോ ദൃശ്യങ്ങൾ പാർലമെൻ്റ് ആരംഭിക്കുന്നതിന് തൊട്ട് മുൻപ് എങ്ങനെ പുറത്ത് വന്നെന്ന ചോദ്യം മുന്നോട്ടുവെച്ച അമിത്ഷാ വീഡിയോ ദൃശ്യങ്ങൾ പൊലീസിന് അല്ലേ നൽകേണ്ടിയിരുന്നത് എന്നും ചോദിച്ചു.

വീഡിയോ പുറത്ത് വന്ന് 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി. എല്ലാ പ്രതികളും ഇന്ന് നിയമ നടപടി നേരിടുന്നു. കുക്കി-മെയ്തെയ് മേഖലകൾക്ക് നടുവിൽ 36000 സുരക്ഷാ ഉദ്യോഗസ്ഥരുടെ ബഫർസോൺ സൃഷ്ടിച്ചു. മുൻ സർക്കാരുകളുടെ കാലത്തെ അപേക്ഷിച്ച് പരമാവധി വേഗത്തിൽ മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കാൻ ശ്രമിക്കുമെന്നും മണിപ്പൂരിൽ സ്വീകരിച്ച നടപടികൾ ചൂണ്ടിക്കാണിച്ച് അമിത്ഷാ പറഞ്ഞു.

bjp latest news amit shah manipur
Advertisment