/sathyam/media/media_files/Faa1XAyg8KHC3qRId0Xx.jpg)
ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ സഖ്യത്തെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. അമിത്ഷായുടെ പ്രസംഗത്തെ ക്വിറ്റ് ഇന്ത്യാ മുദ്രാവാക്യം മുഴക്കിയാണ് ഭരണപക്ഷ ബഞ്ചുകള്‍ സ്വീകരിച്ചത്. പ്രധാനമന്ത്രിക്കോ സര്‍ക്കാരിനോ എതിരെ ജനങ്ങളുടെ അവിശ്വാസം പ്രതിഫലിപ്പിക്കുന്ന അവിശ്വാസ പ്രമേയമല്ല പ്രതിപഷം കൊണ്ടുവന്നതെന്ന് അമിത്ഷാ കുറ്റപ്പെടുത്തി. മറിച്ച് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കാനാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നിരിക്കുന്നതെന്നും അമിത്ഷാ ആരോപിച്ചു. പലതവണ ജനങ്ങളുടെ ദുരിതം പ്രതിഫലിപ്പിക്കുന്ന വിധത്തില്‍ പ്രതിപക്ഷം സര്‍ക്കാരുകള്‍ക്കെതിരായി അവിശ്വാസം കൊണ്ട് വന്നിട്ടുണ്ടെന്നും അമിത്ഷാ ഓര്‍മ്മപ്പെടുത്തി.
'ഇത്തവണ പ്രധാനമന്ത്രിക്കും സര്‍ക്കാരിനും എതിരെ കൊണ്ടുവന്നിരിക്കുന്ന അവിശ്വസം ജനങ്ങളുടെയോ സഭയുടെയോ അവിശ്വാസമല്ല. ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തുകയാണ് ഈ അവിശ്വാസ പ്രമേയത്തിന്റെ ലക്ഷ്യം. അവതരിപ്പിക്കപ്പെട്ട അവിശ്വാസ പ്രമേയത്തില്‍ സര്‍ക്കാരിനെതിരായ എന്തെങ്കിലും അവിശ്വാസം ആര്‍ക്കും പ്രകടമാക്കാന്‍ സാധിച്ചിട്ടില്ല. മുഴുവന്‍ പ്രസംഗവും ശ്രദ്ധയോടെ കേട്ടു. അതില്‍ നിന്നും കൃത്യമായ നിഗമനത്തില്‍ എത്തിച്ചേര്‍ന്നു. ഇത് ജനങ്ങളുടെ മനസ്സില്‍ പരിഭ്രാന്തി സൃഷ്ടിക്കാനുള്ള അവിശ്വാസ പ്രമേയമാണ്, ഇത് ജനങ്ങളുടെ ഇച്ഛക്ക് അനുസൃതമായി കൊണ്ടുവന്ന അവിശ്വാസമല്ല. ഞാനും രാജ്യം മുഴുവന്‍ സഞ്ചരിച്ചിട്ടുണ്ട്. ജനങ്ങളോട് സംസാരിച്ചിട്ടുണ്ട് എവിടെയും ജനങ്ങള്‍ ഈ സര്‍ക്കാരില്‍ അവിശ്വാസം പ്രകടിപ്പിച്ചിട്ടില്ല. ജനങ്ങള്‍ക്ക് വിശ്വാസമാണ്. രണ്ട് തവണ ജനങ്ങള്‍ എന്‍ഡിഎയെ തിരഞ്ഞെടുത്തു.' അമിത്ഷാ പറഞ്ഞു.
'ഇന്ത്യയിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്ന ഒരു സര്‍ക്കാരിനെതിരെ കൊണ്ടുവരുന്ന ആദ്യത്തെ 'അവിശ്വാസ' പ്രമേയമാണിത്. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം ഭരിച്ച ഏറ്റവും ജനപ്രീതിയുളള പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് അമിത്ഷാ പറയുമ്പോള്‍ ഭരണപക്ഷം ആഹ്ളാദാരവത്തോടെയാണ് ആ പ്രസ്താവനയെ വരവേറ്റത്. 'സ്വാതന്ത്ര്യത്തിന് ശേഷം 24 മണിക്കൂറും ജോലി ചെയ്യുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തെ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി'; അമിത്ഷാ പറഞ്ഞു. 'ഇതുപോലൊരു ആഗസ്റ്റ് 9നാണ് മഹാത്മാഗാന്ധി സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഭാഗമായി 'ക്വിറ്റ് ഇന്ത്യാ' എന്ന മുദ്രാവാക്യം വിളിച്ചത്, മോദി ഇന്ന് ഇതാവർത്തിച്ചു' എന്ന് അമിത്ഷായുടെ പ്രസ്താവനയെ ആഹ്ളാദാരവത്തോടെയാണ് ട്രഷറി ബെഞ്ച് സ്വീകരിച്ചത്.
രാഹുല്‍ ഗാന്ധിയെ പരിഹസിച്ച അമിത്ഷാ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശമാണ് ഉയര്‍ത്തിയത്. 13 തവണയാണ് രാഹുലിനെ നേതാവായി ഉയര്‍ത്തിക്കാണിച്ചത്, 13 തവണയും രാഹുല്‍ പരാജയപ്പെട്ടെന്നായിരുന്നു അമിത്ഷായുടെ പരിഹാസം. പേരെടുത്ത് പറയാതെ അമിത്ഷാ രാഹുലിനെതിരെ വിമര്‍ശനം ഉയര്‍ത്തി. കലാവതിയുടെ വീട്ടില്‍ പോയി ഒരു നേതാവ് ഭക്ഷണം കഴിച്ചു. ആ കലാവതിക്ക് വെള്ളവും വൈദ്യുതിയുമെല്ലാം നരേന്ദ്ര മോദി നല്‍കി.
കഴിഞ്ഞ കാലത്ത് അഴിമതിയും കുടുംബാധിപത്യവും ആണ് രാജ്യം ഭരിച്ചതെന്നും കോണ്‍ഗ്രസിനെ അമിത്ഷാ കുറ്റപ്പെടുത്തി. അങ്ങിങ്ങായി ഇപ്പോഴും കുടുംബാധിപത്യം, അഴിമതി എന്നിവ നിലനില്‍ക്കുന്നു, അതുകൊണ്ടാണ് ഇവയോട് രാജ്യം വിടാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതെന്നും അമിത്ഷാ വ്യക്തമാക്കി.
ഏത് മാര്‍ഗത്തിലും അധികാരത്തില്‍ തുടരുക എന്നതാണ് കോണ്‍ഗ്രസ് നയം. എന്നാല്‍ പണം ഉപയോഗിച്ച് ഭരണം സംരക്ഷിക്കാന്‍ വാജ്‌പേയ് ശ്രമിച്ചില്ല. ഒരു വോട്ടിന് അഭിമാനത്തോടെ തോല്‍വി ഏറ്റുവാങ്ങി; 1998ല്‍ വാജ്‌പെയ് സര്‍ക്കാര്‍ അവിശ്വാസപ്രമേയത്തില്‍ പരാജയപ്പെട്ടത് ഓര്‍മ്മിച്ചായിരുന്നു അമിത്ഷായുടെ പ്രതികരണം. ആദര്‍ശത്തിന്റെ രാഷ്ട്രീയം ആണ് എന്‍ഡിഎക്ക് എന്ന് ചൂണ്ടിക്കാണിച്ച അമിത്ഷാ അധികാരത്തിനു വേണ്ടി അഴിമതി കാണിക്കുന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസിന് എന്നും കുറ്റപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us