'വസതിയിൽ അതിക്രമിച്ചു കയറി': മഹുവ മൊയ്‌ത്രയ്ക്കെതിരെ പരാതി നൽകി ജയ് അനന്ത് ദേഹാദ്രായി

പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതിന് കൈക്കൂലി വാങ്ങിയെന്ന ആരോപണമാണ് മഹുവ മൊയ്ത്ര നേരിടുന്നത്.

New Update
mahua anant dehadrayi.jpg

തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ പരാതി നല്‍കി മുന്‍ പങ്കാളിയും അഭിഭാഷകനുമായ ജയ് അനന്ത് ദേഹാദ്രായി. ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തന്റെ വസതിയില്‍ അതിക്രമിച്ചു കയറിയതായാണ് ദേഹാദ്രായി പരാതിയില്‍ പറയുന്നത്. നവംബര്‍ അഞ്ച്, ആറ് തീയതികളില്‍ യാതൊരു മുന്നറിയിപ്പും കൂടാതെ തന്റെ വീട്ടില്‍ എത്തിയെന്നാണ്  ആരോപണം. 

Advertisment

''നവംബര്‍ അഞ്ചിന് രാവിലെ 11നും ആറിന് രാവിലെ ഒമ്പതിനും പാര്‍ലമെന്റ് അംഗം മഹുവ മൊയ്ത്ര എന്റെ വസതിയില്‍ അറിയിക്കാതെ വന്നു. എനിക്കെതിരെ കൂടുതല്‍ വഞ്ചനാപരമായ പരാതികള്‍ ഫയല്‍ ചെയ്യുക എന്ന ഏക ലക്ഷ്യത്തോടെയാണ് മൊയ്ത്ര മനഃപൂര്‍വം എന്റെ താമസ സ്ഥലത്തേക്ക് വന്നത്'' ടിഎംസി എംപിയ്ക്കെതിരായ പരാതിയില്‍ ജയ് അനന്ത് ദേഹാദ്രായി പറയുന്നു. 

'അതിക്രമം നടത്താനും  ഭീഷണിപ്പെടുത്താനുമുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് അവര്‍ തന്റെ വസതിയില്‍ വന്നത്' -ദേഹാദ്രായി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും അനന്ത് ദേഹാദ്രായി പോലീസിനോട് ആവശ്യപ്പെട്ടു. 

പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതിന് കൈക്കൂലി വാങ്ങിയെന്ന ആരോപണമാണ് മഹുവ മൊയ്ത്ര നേരിടുന്നത്. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചതിന് പകരമായി മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് കഴിഞ്ഞ മാസം ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതിയിരുന്നു. സുപ്രീം കോടതി അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായി പങ്കുവെച്ച രേഖകളും  ദുബെ ഉദ്ധരിച്ചു.

തുടര്‍ന്ന്, സ്പീക്കര്‍ വിഷയം ബിജെപി എംപി വിനോദ് കുമാര്‍ സോങ്കറിന്റെ നേതൃത്വത്തിലുള്ള എത്തിക്സ് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. തന്റെ ലോഗിന്‍ വിശദാംശങ്ങള്‍ താന്‍ ഉപയോഗിച്ചതായി മൊയ്ത്ര സമ്മതിച്ചെങ്കിലും പണപവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അവര്‍ നിഷേധിച്ചു. ഈ ആരോപണങ്ങളെല്ലാം അപകീര്‍ത്തികരമാണെന്നാണ് മൊയ്ത്ര ഇതിനോട് പ്രതികരിച്ചത്. ലോക്സഭാ അംഗമെന്ന നിലയില്‍ തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് എന്തെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങള്‍ താന്‍ സ്വീകരിച്ചുവെന്ന ആരോപണങ്ങള്‍ അപകീര്‍ത്തികരവും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് അവര്‍ പറഞ്ഞു.
 

latest news mahua moitra
Advertisment