രാജ്യത്തിൻറെ പേര് മാറ്റൽ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള്‍. ബിജെപി സർക്കാർ കഴിഞ്ഞ വർഷം വരെ ഇന്ത്യ എന്ന പേരിൽ നിരവധി കേന്ദ്ര പദ്ധതികൾ നടത്തിയിരുന്നുവെന്നും എന്നാൽ പ്രതിപക്ഷ സഖ്യം 'ഇന്ത്യ' രൂപീകരിച്ചതിന് പിന്നാലെ രാജ്യത്തിന്റെ പേര് മാറ്റാൻ ആവശ്യപ്പെടുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചു.
“ഇന്ത്യ നിങ്ങളുടെ പിതാവിന്റേതാണോ? 140 കോടി ജനങ്ങളുടേതാണ്. ഇന്ത്യ ജീവിക്കുന്നത് നമ്മുടെ ഹൃദയത്തിലാണ്, ഭാരതം നമ്മുടെ ഹൃദയത്തിലാണ്, ഹിന്ദുസ്ഥാൻ നമ്മുടെ ഹൃദയത്തിലാണ്. ബിജെപി സർക്കാർ കഴിഞ്ഞ വർഷം വരെ ഇന്ത്യ എന്ന പേരിൽ നിരവധി കേന്ദ്ര പദ്ധതികൾ നടത്തിയിരുന്നു. എന്നാൽ പ്രതിപക്ഷ സഖ്യത്തിന്റെ പേര് 'ഇന്ത്യ'യെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജ്യത്തിൻറെ പേര് മാറ്റാൻ തീരുമാനിക്കുന്നത്.
നാളെ പ്രതിപക്ഷ സഖ്യത്തിന്റെ പേര് ഭാരത് എന്ന് വിളിക്കുകയാണെങ്കിൽ, നിങ്ങൾ (ബിജെപി) രാജ്യത്തിന്റെ പേര് വീണ്ടും മാറ്റുമോ?" അരവിന്ദ് കെജ്രിവാൾ ചോദ്യം ചെയ്തു' - ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അരവിന്ദ് കെജ്രിവാളിന്റെ പരാമർശം.
പാർലമെന്റിന്റെ വരാനിരിക്കുന്ന പ്രത്യേക സമ്മേളനത്തിൽ ഇന്ത്യയെ 'ഭാരത്' എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള പ്രമേയം സർക്കാർ കൊണ്ടുവന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് അരവിന്ദ് കെജ്രിവാളിന്റെ പരാമർശം. ഇന്ത്യയുടെ പേര് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ വിമർശനം ഉയർന്നിരുന്നു.