/sathyam/media/media_files/1aHJwitg2WpW4ZnQzLc4.jpg)
തെല്‍ അവിവ്: ഗസയില്‍ തുടരുന്ന ആക്രമണം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവെച്ച നിര്‍ദേശം അംഗീകരിക്കണമെന്ന അമേരിക്കയുടെ അഭ്യര്‍ഥന തള്ളി ഇസ്രായേല്‍. ഗസ യുദ്ധം അന്തിമഘട്ടത്തില്‍ ആണെന്നും ലക്ഷ്യം നേടും വരെ ആക്രമണം തുടരുമെന്നും നെതന്യാഹു പറഞ്ഞു. ലബനനിലേക്കുള്ള യുദ്ധവ്യാപനം ഇസ്രായേലിന്റെ അന്ത്യം കുറിക്കുമെന്ന് ഹമാസ് തിരിച്ചടിച്ചു.
ബന്ദികളുടെ മോചനത്തിന് താല്‍ക്കാലികവും ഭാഗികവുമായ വെടിനിര്‍ത്തല്‍ ആകാമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു. ഹിസ്ബുല്ലയെ നേരിടാന്‍ ഒരു വിഭാഗം സൈന്യത്തെ വടക്കന്‍ ഇസ്രായേലിലേക്ക് മാറ്റുമെങ്കിലും ഗസ ആക്രമണം നിര്‍ത്തില്ലെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ബൈഡന്‍ സമര്‍പ്പിച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കണമെന്ന അമേരിക്കയുടെ പുതിയ അഭ്യര്‍ഥനയും തള്ളിയാണ് നെതന്യാഹുവിന്റെ പ്രസ്താവന.
ഗസ യുദ്ധം അവസാനിക്കാതെ ലെബനന്‍ അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ യു.എസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ അറിയിച്ചു. അതേ സമയം ഇസ്രായേലിന്റെ സുരക്ഷക്കായി എല്ലാ സഹായവും തുടരുമെന്നും ജെയ്ക് സള്ളിവന്‍ ഉറപ്പു നല്‍കി. ഗസയില്‍ ആക്രമണം നിര്‍ത്താനോ സൈനിക പിന്‍മാറ്റത്തിനോ ഇസ്രായല്‍ തയാറല്ലെന്ന് നെതന്യാഹുവിന്റെ പ്രതികരണം തെളിയിക്കുന്നതായി ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ പറഞ്ഞു.
വെസ്റ്റ് ബാങ്കിനെ ഇസ്രായേലിന്റെ ഭാഗമാക്കാനും ലെബനനില്‍ അധിനിവേശം നടത്താനുമുള്ള ഇസ്രായേല്‍ നീക്കം ആ രാജ്യത്തിന്റെ തകര്‍ച്ച പൂര്‍ണമാക്കുമെന്നും ഹമാസ് താക്കീത് ചെയ്തു. ലെബനന്‍ യുദ്ധം മേഖലായുദ്ധമായി മാറുമെന്നും കടുത്ത നടപടികളില്‍ നിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കണമെന്നും ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കയെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. ലെബനന്‍, ഇസ്രായേല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുകയാണ്. ഹിസ്ബുല്ല അയച്ച മിസൈല്‍ പതിച്ച് ഒരു കെട്ടിടം തകര്‍ന്നതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനികര്‍ തങ്ങിയ കെട്ടിടത്തിനു നേരെയാണ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല അറിയിച്ചു. ആളപായം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.
അതേസമയം ഗസയില്‍ ഇസ്രായേല്‍ ആക്രമണം വ്യാപകമായി തുടരുകയാണ്. ഗസ എമര്‍ജന്‍സി മെഡിക്കല്‍ ഡയരക്ടര്‍ ഹാനി അല്‍ ജഫ്‌റാവി ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു. പിന്നിട്ട മാസങ്ങളില്‍ ഒട്ടേറെ പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഠിനാധ്വാനം നടത്തിയ ജഫ്‌റാവിയുടെ വിയോഗം ഗസയിലുടനീളം കണ്ണീര്‍ പടര്‍ത്തി.
ഗസയില്‍ 21,000 കൂട്ടികളെ കാണാനില്ലെന്ന് സന്നദ്ധ സംഘടനയായ സേവ് ദ ചില്‍ഡ്രന്റെ അറിയിപ്പും ദുഃഖകരമാണ്.