മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കും : മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്

പട്ടികവര്‍ഗ പദവിക്കായുള്ള മെയ്‌തേയ് സമുദായത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച്, മെയ് 3 ന് മലയോര ജില്ലകളില്‍ 'ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്' സംഘടിപ്പിച്ചതിന് പിന്നാലെയാണ് മണിപ്പൂരില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്

New Update
biren singh

നാല് മാസത്തിലേറെയായി വംശീയ കലാപത്തില്‍ മുങ്ങിയ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണ്ണമായും പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് അറിയിച്ചു. അനിഷ്ട സംഭവങ്ങള്‍ തടയാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് മണിപ്പൂരിലെ ജനങ്ങളെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്നു മുതല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കായി പുനഃസ്ഥാപിക്കുമെന്നും സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Advertisment

പട്ടികവര്‍ഗ പദവിക്കായുള്ള മെയ്‌തേയ് സമുദായത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച്, മെയ് 3 ന് മലയോര ജില്ലകളില്‍ 'ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്' സംഘടിപ്പിച്ചതിന് പിന്നാലെയാണ് മണിപ്പൂരില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തില്‍ 160 ലധികം ആളുകള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മണിപ്പൂര്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചത്. 

അതേസമയം മണിപ്പൂരില്‍ ഇന്നലെ വീണ്ടും സംഘര്‍ഷമുണ്ടായി. ഇംഫാലിലെ പ്രത്യേക കോടതി ജാമ്യത്തില്‍ വിട്ടയച്ച അഞ്ച് പ്രതിരോധ വോളന്റിയര്‍മാരില്‍ ഒരാളെ കേന്ദ്ര സുരക്ഷാ ഏജന്‍സി വീണ്ടും അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വീണ്ടും അറസ്റ്റിലായ യുവാവിനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജാമ്യം ലഭിച്ചതിന് പിന്നാലെ അറസ്റ്റിലായ നാല് പേരെ കുടുംബാംഗങ്ങളോടൊപ്പം അയച്ചിരുന്നെന്നും എന്നാല്‍, നിരോധിത പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ മുന്‍ കേഡറായ മൊയ്രംഗ്തേം ആനന്ദിനെ വീണ്ടും അറസ്റ്റ് ചെയ്തതായും പ്രതിഷേധക്കാര്‍ പറഞ്ഞു. 'എന്റെ ഭര്‍ത്താവിനെ 10 വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു'  ഇംഫാല്‍ പോലീസ് സ്റ്റേഷനു മുന്നിലെത്തിയ ആനന്ദിന്റെ ഭാര്യ പറഞ്ഞു. 

'ഞങ്ങളെ നാല് പേരെ ലോക്കപ്പില്‍ നിന്ന് വിട്ടയച്ചെങ്കിലും, കുറച്ച് ഉദ്യോഗസ്ഥര്‍ ആനന്ദിനെ കൊണ്ടുപോയി. അന്നാണ് ഞങ്ങള്‍ അവനെ അവസാനമായി കണ്ടത്' ജാമ്യം ലഭിച്ച വോളന്റിയര്‍മാരില്‍ ഒരാളായ എല്‍ മൈക്കിള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

അതേസമയം, ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ക്വാക്കീഥെല്‍ സ്‌ട്രെച്ച്, സിംഗ്ജമേയ്, ഉറിപോക്ക് എന്നിവിടങ്ങളില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ആര്‍എഎഫ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സേന കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. സര്‍ക്കാരിനും പോലീസിനുമെതിരെ പ്രതിഷേധിച്ച് അവര്‍ റോഡിന് നടുവില്‍ ടയറുകള്‍ കത്തിച്ചു.

കഴിഞ്ഞ ദിവസമാണ് ഇംഫാലിലെ പ്രത്യേക കോടതി 50,000 രൂപയുടെ പിആര്‍ ബോണ്ടില്‍ അഞ്ച് പേരെ ജാമ്യത്തില്‍ വിട്ടയച്ചത്. സെപ്തംബര്‍ 16ന് ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ കോങ്ബയില്‍ വെച്ച് മറ്റ് നാല് പേര്‍ക്കൊപ്പം അറസ്റ്റ് ചെയ്തപ്പോള്‍ 78 വെടിയുണ്ടകളുള്ള ഒരു ഇന്‍സാസ് ( INSAS) റൈഫിള്‍ ആനന്ദിന്റെ പക്കല്‍ നിന്ന് കണ്ടെടുത്തിരുന്നു. അറസ്റ്റിന് പിന്നാലെ അഞ്ച് വില്ലേജ് ഡിഫന്‍സ് വോളന്റിയര്‍മാരെയും നിരുപാധികം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂര്‍ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മില്‍ വ്യാപകമായ ഏറ്റുമുട്ടലുണ്ടായിരുന്നു. 

latest news manipur biren singh
Advertisment