/sathyam/media/media_files/CER8Rrr0SbmRbUIxzm3E.jpg)
കര്‍ണാടക ഐടി മന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനുമായ പ്രിയങ്ക് ഖാര്‍ഗെ ബെലഗാവി നിയമസഭയില്‍ വീര്‍ സവര്‍ക്കറിനെതിരെ നടത്തിയ പരാമര്‍ശം വിവാദത്തില്‍. സുവര്‍ണ സൗധത്തിന്റെ ചുമതല താന്‍ വഹിച്ചിരുന്നെങ്കില്‍ വീര്‍ സവര്‍ക്കറുടെ ചിത്രം നീക്കം ചെയ്യുമായിരുന്നുവെന്നും പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. 'സവര്‍ക്കറിന്റെ സംഭാവന എന്താണ്? സവര്‍ക്കര്‍ക്ക് വീര്‍ പദവി എങ്ങനെ ലഭിച്ചുവെന്ന് ബിജെപി പറയട്ടെ. ആരാണ് സവര്‍ക്കര്‍റിന് വീര്‍ പട്ടം നല്‍കിയത്? അത് ബിജെപി പറയണം.
സവര്‍ക്കര്‍ ബ്രിട്ടീഷുകാരില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നില്ല, ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, സര്‍ക്കാരിന്റേതല്ല, സുവര്‍ണ സൗധത്തിന്റെ ചുമതല എനിക്ക് വിട്ടിരുന്നെങ്കില്‍, ഞാന്‍ വീര്‍ സവര്‍ക്കറുടെ ഫോട്ടോ നീക്കം ചെയ്യുമായിരുന്നു, അദ്ദേഹം ഒരു വീരനല്ല, അതിനെ ഞാന്‍ വെല്ലുവിളിക്കുന്നു.'- പ്രിയങ്ക് ഖാര്‍ഗെ നിയമസഭാ സമ്മേളനത്തില്‍ പറഞ്ഞു. ചില നേതാക്കള്‍ പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങളെ പിന്തുണച്ചപ്പോള്‍, സവര്‍ക്കറിനെതിരായ അദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി രംഗത്ത് വന്നു.
'പ്രിയങ്ക് ഖാര്‍ഗെ വിവരദോഷിയാണ്, വിദ്യാസമ്പന്നരില്‍ ഒരാളാണ് താനെന്ന് അദ്ദേഹം സ്വയം കരുതുന്നു, എന്നാല്‍ നിയമസഭയിലെ ഏറ്റവും വിദ്യാഭ്യാസമില്ലാത്ത ആളാണ് അദ്ദേഹം. സവര്‍ക്കറുടെ ഫോട്ടോ നീക്കം ചെയ്യാന്‍ ശ്രമിച്ചാല്‍ പ്രതിഷേധം നിയമസഭയ്ക്കുള്ളില്‍ മാത്രമല്ല പുറത്തുമുണ്ടാകും.'- ഖാര്‍ഗെയുടെ പ്രസ്താവനയോട് പ്രതികരിച്ച് ഭാരതീയ ജനതാ പാര്‍ട്ടി എം.എല്‍.എ ഭരത് ഷെട്ടി പറഞ്ഞു. ഖാര്‍ഗെ ഒരു പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ സംസ്ഥാനത്തെ സാമ്പത്തിക പരാജയങ്ങളില്‍ നിന്ന് വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശത്തെ പിന്തുണച്ച് കോണ്‍ഗ്രസ് എംഎല്‍സി ബികെ ഹരി പ്രസാദ് രംഗത്ത് വന്നു. 'സ്വാതന്ത്ര്യ സമരത്തില്‍ സവര്‍ക്കറുടെ സംഭാവന പൂജ്യമാണ്, അത് പ്രിയങ്ക് ഖാര്‍ഗെയുടെ അഭിപ്രായമാണെങ്കില്‍ കൂടി അദ്ദേഹം പറഞ്ഞത് ശരിയാണ്, അദ്ദേഹത്തിന്റെ ഫോട്ടോ നീക്കം ചെയ്യണം, അതിനെക്കുറിച്ച് രണ്ട് അഭിപ്രായം ഇല്ല.'- ഹരി പ്രസാദ് പറഞ്ഞു. 'ബിജെപി അധികാരത്തിലിരുന്നപ്പോപ്പോള്‍ മുതല്‍ അവര്‍ ചരിത്രം തിരുത്താന്‍ ആഗ്രഹിക്കുന്നു, സവര്‍ക്കറുടെ സംഭാവന എന്താണെന്ന് ലോകത്തിന് അറിയാം.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭാ സമ്മേളനത്തിനായി സുവര്‍ണ സൗധയില്‍ നിന്ന് സവര്‍ക്കറുടെ ചിത്രം നീക്കം ചെയ്യാന്‍ കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാര്‍ പദ്ധതിയിടുന്നതായി ബിജെപി നേരത്തെ ആരോപിച്ചിരുന്നു. ഫോട്ടോ എടുത്തുമാറ്റാന്‍ ശ്രമിച്ചാല്‍ നിയമസഭയില്‍ പ്രതിഷേധിക്കുമെന്നും ബിജെപി വ്യക്തമാക്കിയിരുന്നു. എന്നാല്‍, സുവര്‍ണ സൗധയില്‍ നിന്ന് സവര്‍ക്കറുടെ ഛായാചിത്രം നീക്കം ചെയ്യാനുള്ള പദ്ധതി സ്പീക്കര്‍ യു ടി ഖാദര്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. ഈ ഊഹാപോഹങ്ങള്‍ തള്ളിക്കളഞ്ഞ അദ്ദേഹം, വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇത്തരമൊരു വിഷയം ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം നിയമസഭയില്‍ സവര്‍ക്കറുടെ ഛായാചിത്രം സ്ഥാപിച്ചപ്പോള്‍ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു. ഡിസംബര്‍ നാലിന് ബെലഗാവിയിലാണ് കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനം ആരംഭിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us