മധ്യപ്രദേശ് പോരിനൊരുങ്ങി ബിജെപി; അഞ്ചാം പട്ടിക പുറത്ത്, 12 പേര്‍ വനിതകള്‍

മുതിര്‍ന്ന നേതാവ് യശോധര രാജെ സിന്ധ്യ മത്സരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ദേവേന്ദ്ര കുമാര്‍ ജെയിന്‍ ശിവപുരി സീറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.

New Update
bjp election.jpg


മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ചാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 92 പേരുകളുള്ള പട്ടികയില്‍ 12 വനിതകള്‍ ഇടംപിടിച്ചു. ഇന്നത്തെ പട്ടികയോടെ ബിജെപിയുടെ ഭൂരിപക്ഷം സീറ്റുകളിലേയും ചിത്രം തെളിഞ്ഞു. 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് 228 സ്ഥാനാര്‍ത്ഥികളെയാണ് ഇതുവരെ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യപ്രദേശില്‍ നവംബര്‍ 17ന് ആണ് വോട്ടെടുപ്പ്. ഡിസംബര്‍ മൂന്നിന് ഫലപ്രഖ്യാപനം നടത്തും. 

Advertisment

മുതിര്‍ന്ന നേതാവ് യശോധര രാജെ സിന്ധ്യ മത്സരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ദേവേന്ദ്ര കുമാര്‍ ജെയിന്‍ ശിവപുരി സീറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. മുമ്പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന സച്ചിന്‍ ബിര്‍ള ബര്‍വ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന സിദ്ധാര്‍ത്ഥ് രാജ് തിവാരിക്ക് ടിയോന്തര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ ബിജെപി ടിക്കറ്റ് അനുവദിച്ചു. മന്ത്രി ഗൗരിശങ്കര്‍ ബിസന്റെ മകള്‍ മൗസം ബിസെന്‍ ബാലാഘട്ടില്‍ നിന്നാണ് മത്സരിക്കുന്നത്. 

അംബേദ്കര്‍ നഗറില്‍ നിന്ന് ഉഷാ താക്കൂര്‍, ഷുജല്‍പൂരില്‍ നിന്ന് ഇന്ദര്‍ സിംഗ് പര്‍മര്‍, ബമോറിയില്‍ നിന്ന് മഹേന്ദ്ര സിംഗ് സിസോദിയ, അമര്‍പതാനില്‍ നിന്ന് രാം ഖിലവന്‍ പട്ടേല്‍ എന്നിവരും പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്ത സംസ്ഥാന മന്ത്രിമാരില്‍ ഉള്‍പ്പെടുന്നു. ഗ്വാളിയോര്‍ ഈസ്റ്റില്‍ നിന്ന് മായ സിംഗ്, ഗ്വാളിയോര്‍ സൗത്തില്‍ നിന്ന് നാരായണ്‍ സിംഗ് കുഷ്വാഹ, ദാമോയില്‍ നിന്ന് ജയന്ത് മലയ്യ, ബുര്‍ഹാന്‍പൂരില്‍ നിന്ന് അര്‍ച്ചന ചിറ്റ്‌നിസ്, ഇന്‍ഡോറില്‍ നിന്ന് മഹേന്ദ്ര ഹാര്‍ദിയ, സെന്ധ്വയില്‍ നിന്ന് അന്തര്‍ സിംഗ് ആര്യ, ഷംഷാബാദില്‍ നിന്ന് സൂര്യ പ്രകാശ് മീണ തുടങ്ങി നിരവധി മുന്‍ മന്ത്രിമാരെയും ബി.ജെ.പി നാമനിര്‍ദ്ദേശം ചെയ്തു. 

നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ നാലാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇടംപിടിച്ചിരുന്നു. മൂന്ന് കേന്ദ്രമന്ത്രിമാരുള്‍പ്പെടെ ഏഴ് എംപിമാരെ ബിജെപി രണ്ടാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിന്നു. കേന്ദ്രമന്ത്രിമാരായ ഫഗ്ഗന്‍ സിംഗ് കുലസ്തെ, പ്രഹ്ലാദ് സിംഗ് പട്ടേല്‍, നരേന്ദ്ര സിംഗ് തോമര്‍ എന്നിവര്‍ മത്സരിക്കുമെന്ന് ബിജെപി അറിയിച്ചു. റീതി പഥക്, ഗണേഷ് സിംഗ്, ഉദയ് പ്രതാപ് സിംഗ്, രാകേഷ് സിംഗ് എന്നീ നാല് ലോക്സഭാ പ്രതിനിധികളെയും പാര്‍ട്ടി മത്സരിപ്പിക്കുന്നുണ്ട്. 

ഇതാദ്യമായല്ല ബിജെപി എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കുന്നത്. ഇതിന് മുമ്പും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഇത്തരത്തിലുള്ള ഫോര്‍മുല പരീക്ഷിച്ചിരുന്നു. 2021ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് ലോക്സഭാ, രാജ്യസഭാ എംപിമാര്‍ക്കാണ് ബിജെപി അവസരം നല്‍കിയത്. എന്നാല്‍ ശാന്തിപൂര്‍, ദിന്‍ഹത മണ്ഡലങ്ങളില്‍ മത്സരിച്ച ബി.ജെ.പി എം.പിമാരായ ജഗന്നാഥ് സര്‍ക്കാറും നിസിത് പ്രമാണിയും മാത്രമാണ് വിജയിച്ചത്. അതേ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന ബിജെപി നേതാക്കളും എംപിമാരുമായ സ്വപന്‍ ദാസ് ഗുപ്ത, ലോക്കറ്റ് ചാറ്റര്‍ജി, ബാബുല്‍ സുപ്രിയോ എന്നിവര്‍ പരാജയപ്പെട്ടു.

bjp madhyapradesh
Advertisment