/sathyam/media/media_files/WdtjvsKU16bxYzZ2w1fC.jpg)
മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിലും ബിജെപിയിലും പ്രതിഷേധം. സീറ്റ് ലഭിക്കാത്ത ഭരണകക്ഷിയായ ബിജെപിയുടെയും പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും നേതാക്കളുടെ അനുയായികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി.
നവംബര്‍ 17ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 229 സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ബിജെപി 230 സീറ്റുകളില്‍ 228 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു.
ഭോപ്പാല്‍ സൗത്ത് വെസ്റ്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഭഗവാന്‍ദാസ് സബ്നാനിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുന്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ ഉമാശങ്കര്‍ ഗുപ്തയുടെ അനുയായികള്‍ ഞായറാഴ്ച ഭോപ്പാലില്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ വി ഡി ശര്‍മ്മയ്ക്ക് മുന്നില്‍ മുദ്രാവാക്യം വിളിച്ചു.
ഭോപ്പാല്‍ സൗത്ത് വെസ്റ്റില്‍ നിന്നുള്ള നിരവധി ബിജെപി ഭാരവാഹികള്‍ ഗുപ്തയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മേധാവിക്ക് കത്തെഴുതി. ടികംഗഡില്‍ നിന്നുള്ള മുന്‍ ബിജെപി എംഎല്‍എ കെകെ ശ്രീവാസ്തവ സംസ്ഥാന ബിജെപി അധ്യക്ഷന് അയച്ച കത്തിലൂടെ സ്ഥാനാര്‍ഥി പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ച് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചു.
ഗ്വാളിയോറില്‍, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തനായ ബിജെപി നേതാവ് മുന്നാലാല്‍ ഗോയലിന്റെ അനുയായികള്‍ ഗോയലിന് ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ജയ് വിലാസ് കൊട്ടാരത്തിന് പുറത്ത് പ്രതിഷേധിച്ചു. ഇവരെ അനുനയിപ്പിക്കാന്‍, സിന്ധ്യ കൊട്ടാരത്തിന്റെ ഗേറ്റിലെത്തി അവര്‍ക്കും ഗോയലിനും ഒപ്പം നില്‍ക്കുന്നുവെന്ന് ഉറപ്പ് നല്‍കി.
പ്രതിഷേധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, പെട്ടെന്നുള്ള ആവേശം മൂലമാണ് ഇത്തരം പ്രകടനങ്ങള്‍ നടന്നതെന്ന് സംസ്ഥാന ബിജെപി വക്താവ് പങ്കജ് ചതുര്‍വേദി പറഞ്ഞു. 'കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമായി ദേശീയ ആശയങ്ങള്‍ക്കും പാവപ്പെട്ടവരുടെ ക്ഷേമത്തിനും വേണ്ടിയാണ് ബിജെപി പ്രവര്‍ത്തകര്‍ അധ്വാനിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി കോണ്‍ഗ്രസ് ക്യാമ്പില്‍ പ്രതിഷേധം നടക്കുന്നു' അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥി പട്ടികയില്‍ പേരില്ലാത്തതില്‍ പ്രതിഷേധിച്ച് ബദ്നഗറിലെ സിറ്റിങ് കോണ്‍ഗ്രസ് എംഎല്‍എ മുരളി മോര്‍വാളിന്റെ അനുയായികള്‍ സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ കമല്‍നാഥിന്റെ ഭോപ്പാലിലെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്തി. ബദ്നഗറില്‍ നിന്നുള്ള കോണ്‍ഗ്രസ് നോമിനി രാജേന്ദ്ര സിംഗ് സോളങ്കിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ ടയറുകള്‍ കത്തിച്ചു.
ഭോപ്പാലിലെ ഗോവിന്ദ്പുര, വിദിഷയിലെ കുര്‍വായ് എന്നിവിടങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിസിസി ഓഫീസിലും പ്രകടനം നടത്തി. എന്നാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വളരെ വിജയകരമായിരുന്നുവെന്നും സംസ്ഥാനത്തുടനീളം നല്ല സൂചനകള്‍ വരുന്നുണ്ടെന്നും എംപി കോണ്‍ഗ്രസ് മീഡിയ വിഭാഗം ചെയര്‍മാന്‍ കെകെ മിശ്ര പറഞ്ഞു.
'ഈ പ്രതിഷേധങ്ങള്‍ വളരെ നിസ്സാരമാണ്. ഇത് കുടുംബ പ്രശ്നമാണ്, അത് പരിഹരിക്കപ്പെടും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി അഞ്ചാംഘട്ട പട്ടിക പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ടിക്കറ്റ് ലഭിക്കാത്ത നിരവധി നേതാക്കളുടെ അനുയായികള്‍ ജബല്‍പൂരിലെ പാര്‍ട്ടി ഓഫീസില്‍ കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവിന് മുന്നില്‍ പ്രതിഷേധിച്ചു. മധ്യപ്രദേശ് ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ ചുമതലക്കാരനാണ് ഭൂപേന്ദര്‍ യാദവ്.
ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ മന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതും, മന്ത്രിക്ക് ചുറ്റും ജനക്കൂട്ടം തടിച്ചുകൂടുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഭൂപേന്ദര്‍ യാദവ്, രാജ്യസഭാംഗം കവിതാ പാട്ടിദാര്‍ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായി ബിജെപി പ്രവര്‍ത്തകര്‍ വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us