/sathyam/media/media_files/GicQdLj5cBvgG28avsWv.jpg)
ട്രിച്ചി; ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരായ ട്വീറ്റില്‍ ബിജെപി ഐടി വകുപ്പ് മേധാവി അമിത് മാളവ്യയ്ക്കെതിരെ കേസെടുത്തു. ഡിഎംകെ പ്രവര്‍ത്തകന്‍ കെഎവി ദിനകരന്റെ പരാതിയിലാണ് തമിഴ്നാട്ടിലെ ട്രിച്ചിയില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 153, 153 (എ), 504, 505 (1) (ബി) വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ഉദയനിധിയുടെ വിവാദമായ സനാതന ധര്‍മ പരാമര്‍ശത്തിന് പിന്നാലെയാണ് അമിത് മാളവ്യ കേസിനാസ്പദമായ ട്വീറ്റ് പങ്കുവെച്ചത്. സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള ഉദയനിധിയുടെ പരാമര്‍ശം അത് പിന്തുടരുന്ന 80 ശതമാനം ജനങ്ങളേയും 'വംശഹത്യ' ചെയ്യാനുള്ള ആഹ്വാനമാണെന്നാണ് മാളവ്യ പറഞ്ഞത്.
സനാതന ധര്‍മ്മം എതിര്‍ക്കപ്പെടുക മാത്രമല്ല, ഉന്മൂലനം ചെയ്യപ്പെടണം എന്നാണ് ഉദയനിധിയുടെ അഭിപ്രായമെന്നും ചുരുക്കത്തില്‍ സനാതന ധര്‍മ്മം പിന്തുടരുന്ന ഭാരതത്തിലെ 80% ജനങ്ങളെയും വംശഹത്യ നടത്താനാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നതെന്നും മാളവ്യ ആരോപിച്ചു.
ഈ ട്വീറ്റിലൂടെ മാളവ്യ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ അക്രമവും വിദ്വേഷവും വളര്‍ത്താനും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും ശ്രമിച്ചെന്നാണ് ദിനകരന്റെ പരാതി. സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങളില്‍ ഉദയനിധി സ്റ്റാലിന്‍ വിശദീകരണം നല്‍കിയിട്ടും രാഷ്ട്രീയ ലക്ഷ്യത്തോടെ അമിത് മാളവ്യ മന്ത്രി നടത്തിയ പ്രസംഗം ബോധപൂര്‍വ്വം വളച്ചൊടിച്ചെന്നും പരാതിയില്‍ പറയുന്നു.
'സനാതന ധര്‍മ്മ'ത്തെക്കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ നിരവധി ഹിന്ദുത്വ ഗ്രൂപ്പുകളും ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും വിമര്‍ശിച്ചിരുന്നു. സനാതന ധര്‍മ്മം എതിര്‍ക്കപ്പെടേണ്ടതല്ല, ഉന്മൂലനം ചെയ്യപ്പെടേണ്ടതുണ്ടെന്നായിരുന്നു സപ്തംബര്‍ മൂന്നിന് നടന്ന ഒരു സമ്മേളനത്തില്‍ ഉദയനിധി പറഞ്ഞത്. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിര്‍ക്കാനാവില്ല. ഇത് ഇല്ലാതാക്കണം. അങ്ങനെയാണ് സനാതനത്തെ ഉന്മൂലനം ചെയ്യേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
എന്നാല്‍ സനാതന ധര്‍മ്മം പിന്തുടരുന്നവര്‍ക്കെതിരെ അക്രമത്തിന് താന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്ന് മാളവ്യയുടെ ട്വീറ്റിന് പിന്നാലെ ഉദയനിധി വ്യക്തമാക്കിയിരുന്നു. തന്റെ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും നിയമപരമായ ഏത് വെല്ലുവിളികളും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സനാതന ധര്‍മ്മം മൂലം ദുരിതമനുഭവിക്കുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us