Advertisment

സ്മൃതി ഇറാനിയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; കോൺഗ്രസ് നേതാവ് ദീപക് സിംഗിനെതിരെ കേസ്

സഞ്ജയ് ഗാന്ധി ആശുപത്രിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തതിനെതിരെ സിംഗ് രണ്ട് ദിവസത്തെ ധർണ സംഘടിപ്പിച്ചിരുന്നു.

New Update
smriti irani case

ഡല്‍ഹി; കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനും പാകിസ്ഥാനി എന്ന് വിളിച്ചതിനും പ്രാദേശിക കോൺഗ്രസ് നേതാവ് ദീപക് സിംഗിനെതിരെ കേസെടുത്തു. ബിജെപി നേതാവ് കേശവ് സിങ്ങിന്റെ പരാതിയിലാണ് ഗൗരിഗഞ്ച് പോലീസ് സ്റ്റേഷനിൽ സിംഗിനെതിരെ കേസെടുത്തതെന്ന് പോലീസ് സൂപ്രണ്ട് ഇളമാരൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

Advertisment

സഞ്ജയ് ഗാന്ധി ആശുപത്രിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തതിനെതിരെ സിംഗ് രണ്ട് ദിവസത്തെ ധർണ സംഘടിപ്പിച്ചിരുന്നു. ഇന്നലെ നടന്ന മെഴുകുതിരി മാർച്ചോടെയാണ് ധർണ അവസാനിച്ചത്. ഈ പ്രതിഷേധത്തിനിടെയാണ് ദീപക് സിംഗ് സ്മൃതി ഇറാനിയെ പാകിസ്ഥാനി എന്ന് വിശേഷിപ്പിച്ചത്. ദീപക് സിംഗ് നടത്തിയ പരാമർശത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

അതേസമയം ആശുപത്രിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തതിനെതിരായ ഹർജി ഒക്ടോബർ മൂന്നിന് അലഹബാദ് ഹൈക്കോടതി പരിഗണിക്കും. അതിന് ശേഷം ചീഫ് മെഡിക്കൽ ഓഫീസറുടെ ഓഫീസിന് പുറത്ത് ധർണ പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.

ലൈസൻസ് സസ്‌പെൻഡ് ചെയ്തതിനെതിരെ സഞ്ജയ് ഗാന്ധി ആശുപത്രിയിലെ ജീവനക്കാരും ഡോക്ടർമാരും നടത്തുന്ന ധർണ തുടരുകയാണ്. ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും എന്നാൽ ആശുപത്രിയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതുവരെ ജീവനക്കാരുടെയും ഡോക്ടർമാരുടെയും ധർണ തുടരുമെന്നും സഞ്ജയ് ഗാന്ധി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് സഞ്ജയ് സിംഗ് പറഞ്ഞു.

ആശുപത്രി അടച്ചുപൂട്ടിയതിനാൽ അമേഠിയിലെയും സമീപ ജില്ലകളിലെയും ജനങ്ങൾ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്തംബർ 14 ന് ചെറിയ ഓപ്പറേഷനായി പ്രവേശിപ്പിച്ച സ്ത്രീയുടെ മരണത്തെ തുടർന്നാണ് സെപ്തംബർ 17 ന് ആശുപത്രിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ആശുപത്രി സീൽ ചെയ്യുകയും ചെയ്തു. അമേഠി ആശുപത്രിയിൽ വച്ച് അമിതമായി അനസ്തേഷ്യ നൽകിയതാണ് മരണകാരണമെന്ന് സ്ത്രീയുടെ ഭർത്താവ് ആരോപിച്ചിരുന്നു.

smriti irani deepak singh
Advertisment