/sathyam/media/media_files/F02VnNqknWR5V7rSs5nb.jpg)
ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) സര്‍ക്കാരിനെക്കുറിച്ചും മുഖ്യമന്ത്രി എം കെ സ്റ്റാലിനെക്കുറിച്ചും സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ തെറ്റായ അവകാശവാദങ്ങള്‍ പങ്കുവെച്ചതിന് തമിഴ്നാട് മുന്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) ആര്‍ നടരാജിനെതിരെ കേസെടുത്തു. ഡിഎംകെ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്രിച്ചി സൈബര്‍ ക്രൈം സെല്‍ കേസെടുത്തിരിക്കുന്നത്.
വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ്, നടരാജ് ഒരു തമിഴ് വാര്‍ത്താ ചാനലില്‍ നിന്നുള്ള വ്യാജ വാര്‍ത്താ കാര്‍ഡ് പങ്കിട്ടത്. 'തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഹിന്ദുക്കളുടെ വോട്ട് വേണമെന്ന അവസ്ഥയിലേക്ക് ഡിഎംകെ താണിട്ടില്ല' എന്ന് എംകെ സ്റ്റാലിന്റെ ചിത്രത്തിനൊപ്പം എഴുതിയിരുന്ന പോസ്റ്റാണ് നടരാജ് പങ്കുവച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആയിരത്തിലധികം ക്ഷേത്രങ്ങള്‍ പോലീസ് പിന്തുണയോടെ തകര്‍ത്തുവെന്ന വ്യാജ പോസ്റ്റും മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ വാട്‌സ്ആപ്പിലൂടെ ഷെയര്‍ ചെയ്തതായി പരാതിക്കാരന്‍ പറയുന്നു.
തമിഴ്നാട് സര്‍ക്കാരിനെയും പോലീസിനെയും അപകീര്‍ത്തിപ്പെടുത്താനും സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുള്ളതാണ് ഈ പോസ്റ്റുകളെന്നും പരാതിക്കാരന്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍, സെക്ഷന്‍ 153 (എ) (വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 504 (സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുന്ന ഉദ്ദേശത്തോടെയുള്ള ബോധപൂര്‍വമായ അധിക്ഷേപം), ഐപിസി സെക്ഷന്‍ 505 (1) (ബി), 505 (1) ( സി), 505 (2) (പൊതു ദ്രോഹത്തിന് കാരണമാകുന്ന പ്രസ്താവനകള്‍), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, 200 ന്റെ വകുപ്പ് 66 (ഡി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മുന്‍കാലങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ച വ്യക്തികള്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് (ബിജെപി) പുറമെ ഡിഎംകെയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് നേരത്തെ ചെന്നൈയില്‍ നടന്ന ഒരു വിവാഹ ചടങ്ങില്‍ നടരാജിനെ പരാമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞിരുന്നു.
അതേസമയം സര്‍വ്വകലാശാലകള്‍ വളരണമെങ്കില്‍ മുഖ്യമന്ത്രിമാര്‍ ചാന്‍സലര്‍മാരാകണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം നേതാവുമായ എം കെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. ഡോ. ജെ ജയലളിത മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സ് യൂണിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കവെയാണ് സ്റ്റാലിന്‍ ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ സര്‍വകലാശാലയുടെ ചാന്‍സലറാക്കിയ മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ നടപടിയെ സ്റ്റാലിന്‍ അഭിനന്ദിച്ചു.
''സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണമായ ധനസഹായത്തിലാണ് ഈ സര്‍വകലാശാല പ്രവര്‍ത്തിക്കുന്നത്. ഭരണത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് സര്‍വകലാശാലയുടെ ചാന്‍സലര്‍ ആകേണ്ടത്. ഞാന്‍ രാഷ്ട്രീയം പറയാന്‍ ശ്രമിക്കുന്നില്ല, യാഥാര്‍ത്ഥ്യം മാത്രമാണ് പറയുന്നത്. മുഖ്യമന്ത്രിമാര്‍ ചാന്‍സലര്‍മാരായാല്‍ മാത്രമേ സര്‍വകലാശാലകള്‍ക്ക് പുരോഗതി ഉണ്ടാകൂ. മറ്റാരെങ്കിലും ഈ സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ ആയിരുന്നെങ്കില്‍ അതിന്റെ അന്തസത്ത നഷ്ടപ്പെടുമായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് അറിയാമായിരുന്നു. അതിന് ഞാന്‍ അവരെ അഭിനന്ദിക്കുന്നു.''- സ്റ്റാലിന്‍ പറഞ്ഞു.
തുടര്‍ന്ന് പ്രശസ്ത ഗായകരായ പി സുശീലയ്ക്കും പി എം സുന്ദരത്തിനും അദ്ദേഹം ഓണററി ഡോക്ടറേറ്റ് കൈമാറി. രണ്ട് സംഗീത ഇതിഹാസങ്ങള്‍ക്ക് ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സര്‍വകലാശാല ചാന്‍സലറായതിനാല്‍ മാത്രമാണ് ഇത് സാധ്യമായതെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. സ്വാതന്ത്ര്യ സമര സേനാനിയും സിപിഐ (എം) നേതാവുമായ പി ശങ്കരയ്യയ്ക്ക് ഹോണററി ഡോക്ടറേറ്റ് നല്‍കാന്‍ ഗവര്‍ണര്‍ ആര്‍എന്‍ രവി എങ്ങനെ വിസമ്മതിച്ചുവെന്നും അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചു.