/sathyam/media/media_files/jzsi7uGEIIPFagA8X4nr.jpg)
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുമ്പോഴും അര്‍ഹതപ്പെട്ട ആനുകൂല്യം പോലും കേന്ദ്രം കേരളത്തിന് നല്‍കുന്നില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേന്ദ്ര അവഗണനയ്ക്ക് എതിരെ ഡല്‍ഹിയില്‍ ജനുവരിയില്‍ എല്‍ഡിഎഫ് സമരം ചെയ്യും. ചലോ ദില്ലി എന്ന പേരിലായിരിക്കും സമരം. മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
കേന്ദ്രത്തിന് എതിരെ യുഡിഎഫില്‍ നിന്ന് ശബ്ദം ഉയരുന്നില്ല. കേന്ദ്രത്തിന് കേരള വിരോധമാണ്. കേന്ദ്ര നയങ്ങള്‍ക്ക് എതിരെ സംസ്ഥാന, ജില്ലാ തലങ്ങളില്‍ കണ്‍വെന്‍ഷന്‍ വിളിക്കും. നവകേരള സദസിനിടയിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. കേന്ദ്ര വിരുദ്ധ സമരത്തിന് ആര് വന്നാലും സഹകരിപ്പിക്കുമെന്ന് ലീഗിനെ ക്ഷണിക്കുമോ എന്ന ചോദ്യത്തിന് മറുപടി ആയി ഇ പി ജയരാജന്‍ പറഞ്ഞു. ധനമന്ത്രി ഇതര സംസ്ഥാനങ്ങളില്‍ പോയി ചര്‍ച്ച നടത്തുമെന്നും എല്‍ഡിഎഫ് യോഗത്തിന് ശേഷം ഇ പി ജയരാജന്‍ പറഞ്ഞു.
കേന്ദ്രം കേരളത്തിന് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പോലും നല്‍കുന്നില്ലെന്ന് ഇപി പറഞ്ഞു. 58000 കോടി രൂപയുടെ സഹായം കേന്ദ്രം നിഷേധിക്കുകയാണ്. 18 യുഡിഎഫ് എംപിമാര്‍ ഇവിടെ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഇവരാരും കേരളത്തോട് കാട്ടുന്ന അവഗണനക്കെതിരെ ഒരു ഇടപെടലും നടത്തുന്നില്ല. മുഖ്യമന്ത്രിയുടെ യോഗത്തില്‍ ആവശ്യപ്പെട്ടിട്ടും യുഡിഎഫ് എംപിമാര്‍ മുഖം തിരിച്ച് നില്‍ക്കുകയാണ്. കേരളം കൊടുക്കുന്ന നിവേദനത്തില്‍ ഒപ്പിടാന്‍ പോലും എംപിമാര്‍ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിന്റെ സാമ്പത്തിക പ്രയാസം കേരളത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തോടുള്ള കേരളവിരോധപരമായ സമീപനത്തിനെതിരെ സംസ്ഥാന തലത്തില്‍ വിപുലമായ കണ്‍വന്‍ഷന്‍ നടത്തുമെന്ന് ഇപി അറിയിച്ചു. ജില്ലാ തലത്തില്‍ പ്രത്യേകം യോഗം വിളിക്കും. നവകേരള സദസ്സിനോട് അനുബന്ധമായി കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്ക് എതിരെ സെമിനാറുകള്‍ സംഘടിപ്പിക്കും. അതില്‍ കേരളത്തോട് താത്പര്യമുള്ള എല്ലാ പാര്‍ട്ടികളെയും പങ്കെടുപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us