ഗവര്‍ണർക്ക് കരിങ്കൊടി: സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട് ഇന്ന്, പ്രതികളുടെ ജാമ്യാപേക്ഷ കോടതിയിൽ

സുരക്ഷാവീഴ്ച സംഭവിച്ചതില്‍ എന്ത് നടപടിയെടുത്തുവെന്ന് വിശദീകരിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി മൂന്നിടങ്ങളിലായാണ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായത്. 

New Update
black flag governer.jpg

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് ഇന്ന്. അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്കാണ് കൈമാറുക. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കും. എന്നാല്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചകള്‍ സംഭവിച്ചോയെന്നത് പരാമര്‍ശിക്കാതെയാകും റിപ്പോര്‍ട്ട് നല്‍കുക. റിപ്പോര്‍ട്ട് വിശദമായ ചര്‍ച്ചയ്ക്ക് ശേഷം മാത്രം രാജ്ഭവന് കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രതിഷേധക്കാര്‍ കാറിന് മേല്‍ ചാടി വീണത് ഗുരുതര സുരക്ഷ വീഴ്ച ഉണ്ടാക്കിയെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. പിന്നാലെ സുരക്ഷാവീഴ്ച സംഭവിച്ചതില്‍ എന്ത് നടപടിയെടുത്തുവെന്ന് വിശദീകരിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി മൂന്നിടങ്ങളിലായാണ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായത്. 

Advertisment

അതേസമയം കേസില്‍ പിടിയിലായ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് ജെഎഫ് എംസി കോടതി മൂന്ന് ഉത്തരവ് പറയും. നേരത്തെ അറസ്റ്റിലായ അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. പൊലീസുകാരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കരിങ്കൊടി വീശി പ്രതിഷേധിച്ച 19 എസ്എഫ്ഐ പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. പാളയത്ത് പ്രതിഷേധിച്ച ഏഴ് പേരെയും തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപത്ത് വച്ച് പ്രതിഷേധിച്ച ഏഴ് പേരെയും പേട്ടയില്‍ പ്രതിഷേധിച്ച അഞ്ച് പേരെയുമാണ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം എസ്എഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെ സര്‍ക്കാരിനെ കടന്നാക്രമിച്ച് ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. തനിക്കെതിരെ ആക്രമണം നടത്താനുള്ള ഗൂഢാലോചനക്ക് മുഖ്യമന്ത്രിയാണ് നേതൃത്വം നല്‍കിയത്. പൊലീസ് വാഹനത്തില്‍ അക്രമികളെ കൊണ്ടുവന്നു. പ്രവര്‍ത്തകരെ തിരിച്ച് കൊണ്ടുപോയതും പൊലീസ് വാഹനത്തിലാണ്. വിദ്യാര്‍ത്ഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗമാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. അക്രമികള്‍ക്കെതിരായ ദുര്‍ബല വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ബസിന് ഷൂ എറിഞ്ഞവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ ഏതാണെന്നും ഗവര്‍ണര്‍ ചോദിച്ചു. കേരളത്തില്‍ ഭരണഘടന പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. 

സര്‍വകലാശാലകളില്‍ സംഘപരിവാര്‍വത്കരണം നടത്തിയെന്ന് ആരോപിച്ചാണ് എസ്എഫ്‌ഐ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം തുടരുന്നത്. സര്‍വകലാശാല സെനറ്റിലേക്ക് ബിജെപി ബന്ധമുള്ളവരെ ഗവര്‍ണര്‍ തിരുകിക്കയറ്റിയെന്നും സംഘടന ആരോപിക്കുന്നു. എന്നാല്‍ പ്രതിഷേധത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും തന്നെ കായികമായി കൈയ്യേറ്റം ചെയ്യാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും ആവര്‍ത്തിക്കുകയാണ് ഗവര്‍ണര്‍. രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. പാളയം, ജനറല്‍ ഹോസ്പിറ്റല്‍, പേട്ട എന്നിവിടങ്ങളിലാണ് പ്രതിഷേധം നടന്നത്. പേട്ട പള്ളിമുക്കില്‍ വച്ച് ഗവര്‍ണര്‍ കാറില്‍ നിന്ന് പുറത്തിറങ്ങി പൊലീസുകാരോട് അടക്കം ദേഷ്യപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. 

kerala governer arif muhammed khan
Advertisment