/sathyam/media/media_files/JjXlTUVdqFh1HE2fgy6d.jpg)
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ രാജ്ഭവനിൽ നടത്തിയ സത്കാരത്തിൽ (അറ്റ് ഹോം) മുഖ്യമന്ത്രി പിണറായി വിജയൻ ഭാര്യയ്ക്കും കൊച്ചുമകനുമൊപ്പം 10മിനിറ്ര് നേരത്തേ എത്തി. അരമണിക്കൂറോളം ചടങ്ങിൽ പങ്കെടുത്ത് ഗവർണർക്കൊപ്പം ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. രാജ്ഭവൻ മുറ്റത്ത് പന്തലിട്ട് ആയിരത്തോളം പേർക്കാണ് ഗവർണർ സത്കാരം നൽകിയത്. ഗവർണറും സർക്കാരുമായി ഏറെക്കാലമായി പൊരിഞ്ഞ പോരിലായിരുന്നതിനാൽ സത്കാരത്തിനുള്ള ഗവർണറുടെ ക്ഷണം മുഖ്യമന്ത്രി സ്വീകരിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ മഞ്ഞുരുകലിന്റെ സൂചന നൽകി മുഖ്യമന്ത്രി ഗവർണറുടെ വിരുന്നിൽ സജീവമായി പങ്കെടുത്തു.
കഴിഞ്ഞ മേയിൽ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിനൊപ്പം പ്രാതൽ കഴിക്കാനെത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി നേരിട്ട് ക്ഷണിച്ചിട്ടും ഗവർണർ പോയിരുന്നില്ല. പ്രാതലിനുള്ള ക്ഷണം സ്വീകരിച്ചെന്നും എത്താമെന്നും ഗവർണർ ഉറപ്പു നൽകിയിരുന്നെങ്കിലും ക്ലിഫ് ഹൗസിലേക്ക് പോയില്ല. ധനമന്ത്രി കെ.എൻ.ബാലഗോപാലിനോട് തനിക്കുള്ള പ്രീതി നഷ്ടമായെന്ന് കത്തിലൂടെ ഗവർണർ അതൃപ്തി പരസ്യപ്പെടുത്തിയതിനു ശേഷം ബാലഗോപാൽ ഔദ്യോഗികമായി ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങൾക്കല്ലാതെ രാജ്ഭവനിൽ പോയിട്ടില്ല. കൊല്ലത്തായിരുന്ന ബാലഗോപാൽ രാജ്ഭവനിലെ വിരുന്നിൽ പങ്കെടുക്കുക്കാൻ എത്താത്തതും ശ്രദ്ധേയമായി.
/sathyam/media/media_files/cFVSFzJWIZpnK9tVCtsN.jpg)
മന്ത്രി ആന്റണി രാജു, ശശി തരൂർ എം.പി, ചീഫ് സെക്രട്ടറി വി.വേണു, ഐ.എ.എസ് ഉദ്യോഗസ്ഥരായ ശാരദാ മുരളീധരൻ, കെ.ആർ.ജ്യോതിലാൽ, കെ.ഇളങ്കോവൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ്, മുൻ അംബാസർ ടി.പി.ശ്രീനിവാസൻ, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, പാളയം ഇമാം വി.പി സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്ന ജ്ഞാന തപസ്വി, എൻ.എസ്.എസ് പ്രസിഡന്റ് എം. സംഗീത് കുമാർ എന്നിവർ പങ്കെടുത്തു.
സ്വാതന്ത്ര്യ സമര സേനാനികളായ കാരോട് പ്ലാമൂട്ടുക്കട സ്വദേശി കെ.രാഘവൻ നാടാർ, നെടുമങ്ങാട് ഇരിഞ്ചയം വേങ്കവിള സ്വദേശി പി.തങ്കപ്പൻ പിള്ള, ഒറ്റശേഖരമംഗലം മണ്ഡപത്തിൻ കടവ് സ്വദേശി വേലായുധൻ പിള്ള, ചിറയൻകീഴ് കിഴുവിലം പാറയത്തുകോണം സ്വദേശി എസ്. ബാലകൃഷ്ണൻ നായർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിരുന്നിൽ സ്വാതന്ത്ര്യസമര സേനാനികൾക്കും അവരുടെ ആശ്രിതർക്കും പ്രാധാന്യം നൽകണമെന്ന് കേന്ദ്രസർക്കാർ രാജ്ഭവനോട് നിർദ്ദേശിച്ചിരുന്നു.
/sathyam/media/media_files/2wdnCqa4onpkQ4manCt2.jpg)
സർക്കാരുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്ന് കഴിഞ്ഞ വർഷം അറ്റ് ഹോം റദ്ദാക്കിയതിന് ശേഷം ഇത്തവണയാണ് ചടങ്ങ് നടത്തുന്നത്. സർവകലാശാലകളിലെ ചാൻസലർ എന്ന നിലയിലെ ഗവർണറുടെ അധികാരം എടുത്തുമാറ്റാനുള്ള നീക്കങ്ങൾ സജീവമാവുകയും വൈസ്ചാൻസലർ നിയമനത്തിൽ ഗവർണറെ നോക്കുകുത്തിയാക്കാൻ ഓർഡിനൻസിന് ശ്രമിക്കുകയും ചെയ്തതോടെയാണ് അന്ന് ഗവർണർ സർക്കാരുമായി ഇടഞ്ഞത്. രാജ്ഭവന്റെ ആവശ്യപ്രകാരം സത്കാരത്തിനായി സർക്കാർ 15ലക്ഷം അനുവദിച്ചശേഷമായിരുന്നു ചടങ്ങ് റദ്ദാക്കിയത്. സത്കാരത്തിന് നീക്കിവച്ചിരുന്ന തുക തുക മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് നൽകാനും ഗവർണർ അന്ന് തീരുമാനിച്ചിരുന്നു.
കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ സംഘടിപ്പിച്ച അറ്റ് ഹോമിൽ മുഖ്യമന്ത്രി പങ്കെടുത്തെങ്കിലും മന്ത്രിമാർ എല്ലാവരും എത്തിയിരുന്നില്ല. സർക്കാരിന്റെ ഏതാനും നയതീരുമാനങ്ങളിൽ ഗവർണറുടെ അംഗീകാരം ഇനിയും കിട്ടാനുണ്ട്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ നിയമിക്കുന്നതിനെതിരെ ഉയർന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ നിയമനം വേണമെങ്കിൽ ഗവർണർക്ക് നീട്ടിക്കൊണ്ടുപോകാം. മണികുമാറിന്റെ നിയമനത്തെ മൂന്നംഗ സമിതിയിൽ പ്രതിപക്ഷനേതാവ് എതിർത്തതും ഗവർണറുടെ ശ്രദ്ധയിലുണ്ട്.
/sathyam/media/media_files/F8ChVxC8K1G1zUbcvkUL.jpg)
സംശയങ്ങളും മറ്റും ചോദിച്ച് ഗവർണർക്ക് ഈ ഫയലിൽ ഒപ്പു വയ്ക്കാതിരിക്കാമെങ്കിലും ഇതിനെതിരെ സർക്കാരോ മറ്റാരെങ്കിലുമോ കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയാൽ അദ്ദേഹത്തിന് നിയമനം അംഗീകരിക്കേണ്ടി വരും. ഈ വിഷയത്തിൽ ഗവർണർ നിയമോപദേശം തേടിയതായാണ് വിവരം. പി.എസ്.സി അംഗങ്ങളായി രണ്ട് പേരെ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനവും ഗവർണർ അംഗീകരിച്ചിട്ടില്ല. ഇവർക്കെതിരെ ലഭിച്ച പരാതികൾ സംബന്ധിച്ച് സർക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ്. സത്കാരത്തിൽ മുഖ്യമന്ത്രി പങ്കെടുത്തതോടെ, ഗവർണർ ഈ ശുപാർശകളിലും ബില്ലുകളിലും ഒപ്പിടുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us