'എസ്എഫ്ഐയും ഡിവൈഎഫ്ഐയും മിശ്രവിവാഹ ബ്യൂറോയുമായി നടക്കുകയല്ല'; സമസ്തയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

നാടിന്റെ വികസനം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന കാര്യം ജനങ്ങളിലേക്ക് എത്തിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

New Update
Pinarayi-Vijayan-Reacts-Youth-Congress-Black-Flag-Protest.jpg

ചാലക്കുടി: മിശ്രവിവാഹ വിവാദത്തില്‍ സമസ്തയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും മിശ്രവിവാഹ ബ്യൂറോയുമായി നടക്കുകയല്ലെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി മിശ്രവിവാഹം തടയാന്‍ ആര്‍ക്കും ആവില്ലെന്നും വ്യക്തമാക്കി. മിശ്രവിവാഹത്തിനെതിരെ പരാതി എക്കാലത്തും ഉണ്ടാകും. കുടുംബങ്ങള്‍ പരാതി ഉയര്‍ത്തും. മിശ്രവിവാഹം സമൂഹത്തില്‍ എല്ലാകാലത്തും പൊതുവായി നടക്കുന്ന മാറ്റത്തിന്റെ ഭാഗം. മിശ്രവിവാഹം തടയാന്‍ ഒരു കൂട്ടര്‍ക്കും ആവില്ല. ഞങ്ങള്‍ തടഞ്ഞു കളയുമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അത് സാധ്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള സദസ്സിന്റെ ഭാഗമായുള്ള പത്രസമ്മേളനത്തില്‍ ചാലക്കുടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Advertisment

ബഫര്‍ സോണ്‍ വിഷയത്തിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. 2022 ജൂണ്‍ മൂന്നിലെ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനം പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നു. ഈ ആവശ്യം കോടതി അനുവദിച്ചു. ജനവാസ മേഖല പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയും. കരട് വിജ്ഞപനത്തില്‍ നേരത്തെ ജനവാസ മേഖല പെട്ടിട്ടുണ്ടോ എന്ന് വീണ്ടും പരിശോധിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

നാടിന്റെ വികസനം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന കാര്യം ജനങ്ങളിലേക്ക് എത്തിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള സദസ്സിന്റെ ഭാഗമായി 3,00571 പരാതികള്‍ ഇന്നലെ വരെ ലഭിച്ചുവെന്ന് പിണറായി വിജയന്‍ അറിയിച്ചു. വാഗ്ദാനം ചെയ്ത സമയത്തിനുള്ളില്‍ തന്നെ പരാതികള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നു. കാസര്‍ഗോഡ് 14701 പരാതികള്‍ ലഭിച്ചു. 256 എണ്ണം പൂര്‍ണ്ണമായും പരിഹരിച്ചു കണ്ണൂരില്‍ 28801 നിവേദനങ്ങള്‍ ലഭിച്ചു, 312 എണ്ണം തീര്‍പ്പാക്കി. നിവേദനങ്ങളുടെ എണ്ണം കൂടുന്നത് സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കൊണ്ടാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമി കയ്യേറ്റം സംബന്ധിച്ച് മന്ത്രിസഭ എടുത്ത തീരുമാനം വ്യവസായ മേഖലയ്ക്ക് അനുകൂലമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് വിമര്‍ശനം നവകേരള സദസിന്റെ വേദിയില്‍ തന്നെ പറയാമായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗവര്‍ണര്‍ മാധ്യമങ്ങളിലൂടെയല്ല തന്നെ ക്ഷണിക്കേണ്ടത് തന്നോട് പറയാനുള്ളത് നേരിട്ട് പറയണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

സ്ത്രീധനം ചോദിക്കുന്നവരോട് 'താന്‍ പോടോ' എന്ന് പറയാനുള്ള കരുത്ത് പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ക്കൊപ്പം കുടുംബവും നില്‍ക്കണം. സ്ത്രീധനം ചോദിക്കാന്‍ പാടില്ലെന്ന് പൊതുബോധം ആണ്‍കുട്ടികള്‍ക്ക് ഉണ്ടാവണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

'പെണ്‍കുട്ടികളും സ്ത്രീകളും കരുത്തുള്ളവരായി മാറുക. സ്ത്രീധനം തന്നാലെ വിവാഹം കഴിക്കൂ എന്ന് പറയുന്നവരോട് 'താന്‍ പോടാ' എന്ന് പറയാനുള്ള കരുത്തിലേക്ക് പെണ്‍കുട്ടികള്‍ മാറേണ്ടി വരും. അതാണ് അവസ്ഥ. അത് സമൂഹത്തിന്റെ പൊതുബോധമായി മാറണം. സമൂഹത്തിന്റെ പിന്തുണ അതിന് ഉണ്ടാകണം. രക്ഷിതാക്കളുടെ പിന്തുണയുണ്ടാകണം. സ്ത്രീധനം ചോദിക്കാന്‍ പാടില്ലെന്ന ബോധം ആണ്‍കുട്ടികള്‍ക്കുമുണ്ടാകണം. സ്ത്രീധനം ചോദിക്കുന്നതിന്റെ കൂടെ നില്‍ക്കാന്‍ പാടില്ലെന്ന ബോധം ആണ്‍കുട്ടിയുടെ കുടുംബത്തിനും ഉണ്ടാകണം. സമൂഹത്തിന്റെയാകെ മാറ്റം ഇവിടെ പ്രതിഫലിക്കണം. അതിനൊപ്പം നിയമപരമായ നടപടികളും സ്വീകരിച്ചുപോകാന്‍ കഴിയും', മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീധനത്തിന്റെ പേരില്‍ യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് പ്രതികരണം.

latest news cm pinarayi vijayan
Advertisment