/sathyam/media/media_files/u2SlgcTdH8asVA8MRZY0.jpg)
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി. കോണ്‍ഗ്രസിലെ സംഘടനാ ചുമതലകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. സച്ചിന്‍ പൈലറ്റിനെ ഛത്തീസ്ഗഢിന്റെ ചുമതലയുള്ള ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. പ്രിയങ്ക ഗാന്ധിക്ക് പകരം ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെയ്ക്ക് ഉത്തര്‍പ്രദേശിന്റെ ചുമതല നല്‍കി. മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌നിക്കിന് ഗുജറാത്തിന്റെ ചുമതലയും രണ്‍ദീപ് സിങ് സുര്‍ജേവാലയെ കര്‍ണാടകയുടെയും ചുമതലയും നല്‍കി. ജയറാം രമേശിനെ കമ്മ്യൂണിക്കേഷന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും കെ സി വേണുഗോപാലിനെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും നിയമിച്ചു. പ്രിയങ്ക ഗാന്ധിക്ക് പ്രത്യേക പോര്‍ട്ട്‌ഫോളിയോ ഒന്നും നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
എഐസിസിയുടെ ട്രഷററായി മുതിര്‍ന്ന നേതാവ് അജയ് മാക്കന്‍ തുടരും. 12 ജനറല്‍ സെക്രട്ടറിമാര്‍ക്കൊപ്പം 11 സംസ്ഥാന ഭാരവാഹികളെയും പാര്‍ട്ടി നിയമിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നാലിലും പരാജയം ഏറ്റുവാങ്ങി ആഴ്ചകള്‍ക്കുള്ളിലാണ് പാര്‍ട്ടിയില്‍ സംഘടനാ ചുമതലയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. കൂടാതെ പാര്‍ട്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയായ ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പ് ഉള്‍പ്പെടെ, പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്തുന്നതിനായി നിരവധി ഗ്രൗണ്ട് ലെവല്‍ സംരംഭങ്ങളും പാര്‍ട്ടി ആസൂത്രണം ചെയ്യുന്നുണ്ട്.
ജാര്‍ഖണ്ഡിന്റെയും പശ്ചിമ ബംഗാളിന്റെയും അധിക ചുമതല ജി എസ് മിറിനാണ് നല്‍കിയിരിക്കുന്നത്. കേരളം, ലക്ഷദ്വീപ്, തെലങ്കാന എന്നിവയുടെ അധിക ചുമതല ദീപ ദാസ് മുന്‍ഷിക്കാണ്. രമേശ് ചെന്നിത്തലയെയാണ് മഹാരാഷ്ട്രയില്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ബിഹാറിന്റെ മേല്‍നോട്ടം മോഹന്‍ പ്രകാശ് നിര്‍വഹിക്കും. മേഘാലയ, മിസോറാം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ചെല്ലകുമാറിന്റെ നേതൃത്വത്തിലായിരിക്കും. ഒഡീഷ, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഡോ. അജോയ് കുമാറിന് നിയമനം നല്‍കിയിട്ടുണ്ട്. ജമ്മു കശ്മീര്‍ ഇപ്പോള്‍ ഭരത്സിംഗ് സോളങ്കിയുടെ കീഴിലാണ്. ഹിമാചല്‍ പ്രദേശും ചണ്ഡീഗഡും രാജീവ് ശുക്ലയ്ക്ക് നല്‍കിയിട്ടുണ്ട്. സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവയാണ് രാജസ്ഥാന്റെ മേല്‍നോട്ടം വഹിക്കുക.
ദേവേന്ദര്‍ യാദവിനെയാണ് പഞ്ചാബ് ഏല്‍പ്പിച്ചിരിക്കുന്നത്. ഗോവ, ദാമന്‍ ആന്‍ഡ് ദിയു, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി എന്നിവ ഇപ്പോള്‍ മണിക്രാവ് താക്കറെയുടെ നേതൃത്വത്തിലാണ്. ത്രിപുര, സിക്കിം, മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളാണ് ഗിരീഷ് ചോദന്‍കര്‍മിന് നല്‍കിയിരിക്കുന്നത്. പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അവലോകനം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് പ്രഖ്യാപനം. 2024 ജനുവരി ആദ്യ വാരത്തിന് ശേഷം എപ്പോള്‍ വേണമെങ്കിലും യാത്ര ആരംഭിക്കുമെന്ന് നേരത്തെ വിവരം പുറത്തുവന്നിരുന്നു. യാത്രയില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് വിവരം. ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം രാജ്യത്തിന്റെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് നടത്തണമെന്ന് രാഹുല്‍ ഗാന്ധിയോട് കോണ്‍ഗ്രസ് നേതാക്കള്‍ അഭ്യര്‍ഥിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us