/sathyam/media/media_files/l3Diy85HCeugPmwnoRjU.jpg)
മധ്യപ്രദേശില്‍ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രിക അധ്യക്ഷന്‍ കമല്‍നാഥ് പുറത്തിറക്കി. മധ്യപ്രദേശിലെ എല്ലാ ആളുകള്‍ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും, ഒബിസി വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണവും സംസ്ഥാനത്തിന് സ്വന്തമായി ഐപിഎല്‍ ടീം രൂപീകരണവും വാഗ്ദാനം ചെയ്യുന്നതാണ് പത്രിക.
കര്‍ഷകര്‍, സ്ത്രീകള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പരിഗണന നല്‍കിക്കൊണ്ട് 59 വാഗ്ദാനങ്ങളടങ്ങിയ 106 പേജുള്ള പ്രകടനപത്രികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്. രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും സ്ത്രീകള്‍ക്ക് പ്രതിമാസം 1,500 രൂപ വീതം നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ കൂടാതെ 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും മധ്യപ്രദേശിന്റെ സ്വന്തം ഐപിഎല്ലില്‍ ടീം രൂപീകരണവും ഉണ്ടാകുമെന്നും കമല്‍ നാഥ് പറഞ്ഞു.
500 രൂപയ്ക്ക് എല്‍പിജി സിലിണ്ടറുകള്‍ നല്‍കും, സ്‌കൂള്‍ വിദ്യാഭ്യാസം സൗജന്യമാക്കും, പെന്‍ഷന്‍ പദ്ധതി നടപ്പാക്കും, യുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനമായി 1500 രൂപ മുതല്‍ 3000 രൂപ വരെ രണ്ട് വര്‍ഷത്തേക്ക് നല്‍കുമെന്നും വാഗ്ദാനത്തില്‍ ഉറപ്പ് നല്കുന്നു. 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 17ന് നടക്കും.
അതേസമയം മൂന്ന് സംസ്ഥാനങ്ങളിലെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. മധ്യപ്രദേശില്‍ 144, ഛത്തീസ്ഗഢില്‍ 30, തെലങ്കാനയില്‍ 55 എന്നിങ്ങനെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. മധ്യപ്രദേശിലെ ചിന്‍ദ്വാരയില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥിനെ മത്സരിപ്പിക്കും. മുന്‍ മുഖ്യമന്ത്രി ദ്വിഗ് വിജയ് സിംഗിന്റെ സഹോദരന്‍ ലക്ഷമണ്‍ സിംഗിനെ ചച്ചൗരയില്‍ നിന്നും, മുന്‍ മുഖ്യമന്ത്രി ജയവര്‍ധന്‍ സിംഗിനെ രാഘോഗഡ് സീറ്റില്‍ നിന്നും മത്സരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us