/sathyam/media/media_files/sqHAmy5bbQKe6EiURUrt.jpg)
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയെ സംശയ നിഴലിലാക്കിക്കൊണ്ടുള്ള കാനേഡിയൻ പ്രസിഡന്റ് ട്രൂഡോയുടെ നിലപാടിനെതിരെ കേന്ദ്ര സർക്കാരിനെ പിന്തുണച്ച് കോൺഗ്രസ്. രാജ്യത്തിന്റെ താൽപ്പര്യങ്ങൾ കാത്തുസൂക്ഷിക്കണമെന്നും, അതാണ് പരമപ്രധാനമെന്നും കോൺഗ്രസ് കമ്മ്യൂണിക്കേഷൻ മേധാവി ജയറാം രമേശ് എക്സിൽ പോസ്റ്റ് ചെയ്തു.
"ഭീകരതയ്‌ക്കെതിരായ നമ്മുടെ രാജ്യത്തിന്റെ പോരാട്ടം വിട്ടുവീഴ്ചയില്ലാത്തതായിരിക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എല്ലായ്‌പ്പോഴും വിശ്വസിക്കുന്നു. പ്രത്യേകിച്ച് തീവ്രവാദം ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുമ്പോൾ, നമ്മുടെ രാജ്യത്തിന്റെ താൽപ്പര്യങ്ങളും ആശങ്കകളും പരമപ്രധാനമായി കാണണം"- ജയറാം രമേശ് എക്സിൽ പോസ്റ്റ് ചെയ്തു.
മുതിർന്ന കോൺഗ്രസ് എംപി അഭിഷേക് മനു സിംഗ്‌വിയും കനേഡിയൻ പ്രധാനമന്ത്രിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
"ജസ്റ്റിൻ ട്രൂഡോ മറ്റേതൊരു ഇന്ത്യാ വിരുദ്ധ പ്രചാരകനെയും പോലെ ഇന്ത്യയ്ക്ക് ഭീഷണിയാണ്. ഇന്ത്യ ഉടൻ തന്നെ ന്യൂഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മീഷനിൽ നിന്നുള്ള സുരക്ഷ കുറയ്ക്കണം.!," അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു.
അതേസമയം നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച കനേഡിയൻ സർക്കാരിന്റെ ആരോപണം കേന്ദ്ര സർക്കാർ പൂർണമായി തള്ളി. ഈ ആരോപണങ്ങളെ അസംബന്ധമെന്ന് വിശേഷിപ്പിച്ച സർക്കാർ, നിയമവാഴ്‌ചയോട് ഇന്ത്യയ്ക്ക് ശക്തമായ പ്രതിബദ്ധതയാണുള്ളതെന്നും വ്യക്തമാക്കി.