/sathyam/media/media_files/EtvHsC2rTjKqdM5O1nNA.jpg)
ഡല്‍ഹി; സനാതന ധര്‍മ്മ പരാമര്‍ശം വിവാദമായതിന് പിന്നാലെ, ഹിന്ദു-മുസ്ലിം സംവാദത്തിന്റെ കെണിയില്‍ വീഴരുതെന്ന നിര്‍ദേശവുമായി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ അദ്ദേഹം ഇക്കാര്യം പറഞ്ഞതായി വൃത്തങ്ങള്‍ പറഞ്ഞു. വിഭജന രാഷ്ട്രീയത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിനും ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനും 'ഇന്ത്യ' സഖ്യത്തെ മാര്‍ഗമാക്കാനും പാര്‍ട്ടി തീരുമാനിച്ചു.
ബിജെപിയുടെ മുതലാളിത്ത ഭരണത്തില്‍ അവഗണിക്കപ്പെടുന്ന ദരിദ്രരെക്കുറിച്ച് മാത്രമേ പാര്‍ട്ടി സംസാരിക്കാവൂ എന്നും രാഹുല്‍ ഗാന്ധി ഹൈദരാബാദില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ (CWC) പറഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, സി ഡബ്ല്യു സിയുടെ വിപുലമായ യോഗം ഇന്ന് ചേരും. അതില്‍ എല്ലാ സംസ്ഥാന പാര്‍ട്ടി മേധാവികളും കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി (സിഎല്‍പി) നേതാക്കളും പങ്കെടുക്കും. പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയംഗങ്ങളെയും യോഗത്തില്‍ ക്ഷണിച്ചിട്ടുണ്ട്.
വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, അവശ്യവസ്തുക്കളുടെ തുടര്‍ച്ചയായ വിലക്കയറ്റം എന്നിവയില്‍ സിഡബ്ലൂസിയുടെ പ്രമേയത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുടെ റോസ്ഗാര്‍ മേളകള്‍ പ്രതിവര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനത്തിന്റെ പരാജയം മറച്ചുവെക്കാനുള്ള തട്ടിപ്പായിരുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു.
മണിപ്പൂരിലെ ഭരണഘടനാ സംവിധാനത്തിന്റെ സമ്പൂര്‍ണ തകര്‍ച്ചയിലും തുടരുന്ന അക്രമങ്ങളിലും പ്രമേയം ഖേദം രേഖപ്പെടുത്തി. മണിപ്പൂരില്‍ നിന്നാരംഭിച്ച് പ്രശ്‌നം വടക്കുകിഴക്കന്‍ മേഖലയിലേക്ക് വ്യാപിക്കുമെന്നും സിഡബ്ല്യുസി അവകാശപ്പെട്ടു. മുഖ്യമന്ത്രിയെ ഉടന്‍ പുറത്താക്കി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം യോഗം ആവര്‍ത്തിച്ചു.
ഇതുകൂടാതെ ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശത്തേക്കുള്ള ചൈനയുടെ നുഴഞ്ഞുകയറ്റവും അരുണാചല്‍ പ്രദേശും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളും ഉള്‍പ്പെടുന്ന ഭൂപടങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് പോലുള്ള പ്രകോപന പരമായ ചൈനീസ് നടപടികളെയും സമിതി അപലപിച്ചു. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ വ്യക്തത വരുത്താനും ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയ്ക്കെതിരായ വെല്ലുവിളികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും സി ഡബ്ലൂ സി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന പാര്‍ട്ടിയുടെ ആവശ്യം സിഡബ്ല്യുസി ആവര്‍ത്തിച്ചു. എംഎസ്പിയിലും മറ്റ് ആവശ്യങ്ങളിലും കര്‍ഷകരോടും കര്‍ഷക സംഘടനകളോടും മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധത അറിയിച്ചിരുന്നെങ്കിലും അവര്‍ കടബാധ്യതയിലാണെന്ന് സിഡബ്ല്യുസി പ്രമേയത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷന്‍മാരായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ജനറല്‍ സെക്രട്ടറിമാരായ കെ.സി.വേണുഗോപാല്‍, ജയറാം രമേഷ്. തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.