/sathyam/media/media_files/tPI7t2dV87eoCDFlI1bo.jpg)
ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂനെ അമേരിക്കയില്‍ വച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കുറ്റാരോപിതനായ നിഖില്‍ ഗുപ്തയെ അമേരിക്കയ്ക്ക് കൈമാറാന്‍ അനുമതി നല്‍കി ചെക്ക് അപ്പീല്‍ കോടതി. ഗുര്‍പത്വന്ത് സിംഗ് പന്നൂനെ യുഎസില്‍ വച്ച് വധിക്കാനുള്ള ഗൂഢാലോചനയില്‍ ഒരു ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായി സഹകരിച്ചതായാണ് നിഖില്‍ ഗുപ്തയ്‌ക്കെതിരായ യുഎസ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരുടെ കണ്ടെത്തല്‍. ഗുപ്തയെ കൈമാറുന്നത് സംബന്ധിച്ച അന്തിമ തീരുമാനം നീതിന്യായ മന്ത്രി പവല്‍ ബ്ലാസെക്കിന്റെ കെയിലാണെന്ന് മന്ത്രാലയ വക്താവ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
52 കാരനായ ഗുപ്തയെ യുഎസ് അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം 2023 ജൂണില്‍ ചെക്ക് റിപ്പബ്ലിക്കില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. നിലവില്‍ ചെക്ക് റിപ്പബ്ലിക്കിലെ ഏകാന്ത തടവറയിലാണ് ഗുപ്തയെ പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ യുഎസ് അധികാരികളുടെ അന്വേഷണം തെറ്റാണെന്നും അവര്‍ അന്വേഷിക്കുന്ന വ്യക്തി താനല്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ഗുപ്തയുടെ ആരോപണം. കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് നവംബര്‍ 20നാണ് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഗുപ്തയ്ക്കെതിരെ കുറ്റം ചുമത്തിയത്. നിഖില്‍ ഗുപ്തയ്ക്ക് കോണ്‍സുലര്‍ പ്രവേശനവും നിയമസഹായവും ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജി ഈ മാസം സുപ്രീം കോടതി തള്ളിയിരുന്നു.
കേസിനാസ്പദമായ വിഷയം സെന്‍സിറ്റീവ് ആണെന്നും അതില്‍ ഇടപെടാന്‍ കോടതിക്ക് പരിമിധികളുണ്ടെന്നും വിദേശ കോടതിയുടെ അധികാരപരിധി മാനിക്കണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു സുപ്രീം കോടതി ഹര്‍ജി തള്ളിയത്. 'ഇത് ഒരു അന്താരാഷ്ട്ര വിഷയമാണ്, എല്ലാ വശങ്ങളും വിയന്ന കണ്‍വെന്‍ഷന്റെ പരിധിയില്‍ വരും. കോണ്‍സുലര്‍ പ്രവേശനം അനുവദിച്ചില്ലെങ്കില്‍, അധികാരികളെ നേരിട്ട് സമീപിക്കാം. എന്നാല്‍, നിങ്ങളുടെ പട്ടിക പ്രകാരം, നിങ്ങള്‍ക്ക് രണ്ട് തവണ കോണ്‍സുലാര്‍ പ്രവേശനം ലഭിച്ചു, ''നിഖില്‍ ഗുപ്തയുടെ അഭിഭാഷകന്‍ സി ആര്യാമ സുന്ദരത്തിന്റെ സമര്‍പ്പണത്തിന് മറുപടിയായി ജസ്റ്റിസ് സഞ്ജീവ് ഖന്ന അഭിപ്രായപ്പെട്ടു. അതേസമയം ഹര്‍ജിക്കാരന് തന്റെ രാജ്യത്ത് നിന്ന് സഹായം തേടാന്‍ അവകാശമുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ സുന്ദരം വാദിച്ചു.
കുറ്റം തെളിയിക്കപ്പെട്ടാല്‍, കൊലപാതക ഗൂഢാലോചന നടത്തിയതിന് ഗുപ്തയ്ക്ക് 20 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റിന്റെ യുഎസ് അറ്റോര്‍ണി മാത്യു ജി ഓള്‍സെന്‍ വ്യക്തമാക്കി. കൊലപാതകം നടത്താന്‍ ഒരു കൊലയാളിക്ക് 100,000 ഡോളര്‍ നല്‍കാമെന്ന് ഗുപ്ത സമ്മതിച്ചിരുന്നു. അതിനായി 2023 ജൂണ്‍ 9ന് 15,000 ഡോളര്‍ മുന്‍കൂറായി നല്‍കിയിരുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. അമേരിക്കന്‍ മണ്ണില്‍ ഒരു സിഖ് വിഘടനവാദിയെ കൊല്ലാന്‍ നടത്തിയ ഗൂഢാലോചനയെ അതീവ ഗൗരവത്തോടെയാണ് യുഎസ് കൈകാര്യം ചെയ്യുന്നതെന്ന് വൈറ്റ് ഹൗസ് പറഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us