വണ്ടിപ്പെരിയാര്‍ പീഡനക്കേസില്‍ പ്രതിയെ വെറുതെവിട്ട സംഭവത്തില്‍ പ്രതികരണവുമായി ഡീന്‍ കുര്യാക്കോസ് എംപി. കേസില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കന്‍മാര്‍ ഇടപെട്ടിട്ടുണ്ടെന്ന് എംപി ആരോപിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലാണ് എംപി ഇക്കാര്യം ഉന്നയിച്ചിട്ടുള്ളത്. പ്രതിയുടെ കുറ്റസമ്മതവും, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൊലപാതകവും ബലാല്‍സംഗവും എല്ലാം ആധികാരികമായ തെളിവുകള്‍ തന്നെ ആയിരുന്നു. അവയെല്ലാം അട്ടിമറിക്കപ്പെട്ടത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല എന്നും ഡീന്‍ കുര്യാക്കോസ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിങ്ങനെ...
വണ്ടിപ്പെരിയാറില്‍ ഡിവൈഎഫ്‌ഐ കാരനായ പ്രതിയെ രക്ഷപ്പെടുത്തിയത് പോലീസും പ്രോസിക്യൂഷനും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണ്... ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കന്മാര്‍ ഇടപെട്ടിട്ടുണ്ട് എന്നുള്ളത് വ്യക്തമാണ്.
ഭരണ നേതൃത്വത്തില്‍ നിന്നുള്ള ഇടപെടല്‍ കൊണ്ടാണ് ഡിവൈഎഫ്‌ഐ കാരനായ പ്രതി രക്ഷപ്പെട്ടത് എന്നുള്ളത് വ്യക്തം.! പ്രതിയുടെ കുറ്റസമ്മതവും, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൊലപാതകവും ബലാല്‍സംഗവും എല്ലാം ആധികാരികമായ തെളിവുകള്‍ തന്നെ ആയിരുന്നു. അവയെല്ലാം അട്ടിമറിക്കപ്പെട്ടത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല കുടുംബത്തിന് നീതി ലഭിക്കണം.
ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകും...
2021 ജൂൺ 30നാണ് സംഭവം നടന്നത്. പ്രതി അർജുൻ അയൽവാസിയായ ആറ് വയസുകാരിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിലായിരുന്നു പെൺകുട്ടി. പോസ്റ്റ്മോർട്ടത്തിലാണ് കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയത്. പീഡനത്തിനിരയാക്കുമ്പോൾ ബോധരഹിതയായ പെൺകുട്ടിയെ പ്രതി കഴുത്തിൽ ഷാൾ മുറുക്കി ജനലിൽ കെട്ടി തൂക്കുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.എന്നാൽ, നടന്നത് കൊലപാതകമാണെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല. ഇതോടെയാണ് തെളിവുകളുടെ അഭാവത്തിൽ പ്രതിയെ വെറുതെ വിട്ടത്.
അർജുൻ പെൺകുട്ടിയെ മൂന്ന് വയസുമുതൽ പീഡിപ്പിച്ചിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. അർജുൻ കുടുംബവുമായി അടുപ്പമുള്ള ആളായിരുന്നു . കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ അർജുന്റെ സംരക്ഷണത്തിലാണ് ഏൽപ്പിച്ചിരുന്നത്. വിവിധ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരുന്നത്.. 2021 സെപ്തംബർ 21ന് കേസിൽ കുറ്റപത്രം സമർപ്പിച്ചു. 2022 മെയിൽ വിചാരണ തുടങ്ങി. 48 സാക്ഷികളെ വിസ്തരിച്ചിരുന്നു.
വിധിയറിഞ്ഞതോടെ കോടതിക്ക് പുറത്ത് കുട്ടിയുടെ ബന്ധുക്കൾ പ്രതിഷേധിച്ചു. നീതി നടപ്പായില്ലെന്ന് കുട്ടിയുടെ അമ്മയടക്കമുള്ളവർ ആരോപിച്ചു. രാഷ്ട്രീയബന്ധവും സ്വാധീനവും ഉപയോഗിച്ച് വിധി മാറ്റിമറിച്ചു എന്നാണ് ഇവരുടെ ആരോപണം. പ്രതി ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു. ഇതാണ് കുട്ടിയുടെ ബന്ധുക്കളുടെ ആരോപണത്തിന് കാരണം.