'യൂത്ത് കോൺ​ഗ്രസ് ക്രമക്കേട് പൊതു തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന കുറ്റകൃത്യം'; ഡിജിപിയുടെ റിപ്പോർട്ട്

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ നിര്‍ണായക റിപ്പോര്‍ട്ടാണ് പൊലീസ് മേധാവി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറിയത്.

New Update
youth congress.jpg

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഡിജിപി പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് വേണ്ടി സംസ്ഥാനത്ത് വ്യാപകമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തയ്യാറാക്കിയതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പൊതു തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന കുറ്റകൃത്യമാണെന്ന് മുന്നറിയിപ്പ് റിപ്പോര്‍ട്ടില്‍ ഉണ്ട്. റിപ്പോര്‍ട്ടില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുക്കുന്ന തീരുമാനം നിര്‍ണായകമാണ്.

Advertisment

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ നിര്‍ണായക റിപ്പോര്‍ട്ടാണ് പൊലീസ് മേധാവി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറിയത്. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതിന്റെ ഗൗരവം ചൂണ്ടിക്കാട്ടുന്നതാണ് റിപ്പോര്‍ട്ട്. വ്യാപകമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. വ്യത്യസ്ത ആപ്പുകളുടെ സഹായത്തോടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ഈ റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുക്കുന്ന തീരുമാനം അതിനിര്‍ണായകമാണ്. അതേസമയം പത്തനംതിട്ട കേന്ദ്രീകരിച്ച് തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി നിര്‍മ്മിച്ച കേസിലെ മുഖ്യ കണ്ണി യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഉപാധ്യക്ഷന്‍ എം ജെ രഞ്ജു ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു. ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും രഞ്ജു ഹാജരായില്ല. കേസില്‍ ഇതുവരെ നാലു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളായ ഇവര്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മങ്കൂട്ടത്തിലിന്റെ വിശ്വസ്തരുമാണ്. ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചിട്ടുണ്ട്. തൃക്കരിപ്പൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജയ്‌സണ്‍ മുകളേലിനെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്താനാണ് പൊലീസ് തീരുമാനം.

youth congress
Advertisment