/sathyam/media/media_files/gkCQCX2Eqa0JSOvvZMBQ.jpg)
അയല്‍ സംസ്ഥാനമായ തമിഴ്നാടിന് വെള്ളം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. നവംബര്‍ ഒന്നു മുതല്‍ 15 ദിവസത്തേക്ക് പ്രതിദിനം 2,600 ക്യുസെക്സ് വെള്ളം തമിഴ്നാടിന് വിട്ടുനല്‍കണമെന്ന് കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റി (സിഡബ്ല്യുആര്‍സി) കര്‍ണാടകയോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശിവകുമാറിന്റെ പ്രതികരണം. കാവേരി നദീതടത്തില്‍ ആവശ്യത്തിന് വെള്ളമില്ലെന്നും അതിനാല്‍ വിട്ട് നല്കാന്‍ കഴിയില്ലെന്നും ശിവകുമാര്‍ വ്യക്തമാക്കി.
കൃഷ്ണരാജ സാഗര്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളത്തിന്റെ വരവ് തമിഴ്‌നാട്ടിലേക്ക് വെള്ളം വിട്ടുനല്‍കാന്‍ മാത്രം പര്യാപ്തമുള്ളതല്ലെന്ന് ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്ന ശിവകുമാര്‍ പറഞ്ഞു. കാവേരി നദീതടത്തില്‍ 51 ടിഎംസി വെള്ളമേ ബാക്കിയുള്ളൂ, നിലവില്‍ സംഭരിക്കുന്ന വെള്ളം കുടിവെള്ളത്തിന്റെ ആവശ്യകത നിറവേറ്റാന്‍ ആവശ്യമാണെന്നും ശിവകുമാര്‍ വ്യക്തമാക്കി. പ്രതിദിനം 13,000 ക്യുസെക്സ് വെള്ളമാണ് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നത്. നേരത്തെ സിഡബ്ല്യുആര്‍സി നിര്‍ദ്ദേശത്തിനെതിരെ കര്‍ണാടക അപ്പീല്‍ നല്‍കുമെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞിരുന്നു.
''സംസ്ഥാനത്തെ റിസര്‍വോയറുകളില്‍ 8,0009000 ക്യുസെക്‌സ് (ഘനയടി) വെള്ളത്തിന്റെ ഒഴുക്കുണ്ട്. എങ്കിലും ഞങ്ങള്‍ കര്‍ഷകരുടെ താല്‍പര്യമാണു സംരക്ഷിക്കുന്നത്. സിഡബ്ല്യുആര്‍സിയുടെ നിര്‍ദേശത്തിനെതിരെ അപ്പീല്‍ നല്‍കും. മഴയില്ലാത്തതിനാല്‍ വളരെ ബുദ്ധിമുട്ടുണ്ട്'' ശിവകുമാര്‍ പറഞ്ഞു. ബെംഗളൂരുവില്‍ ഒന്നോ രണ്ടോ തവണ ചെറിയ തോതില്‍ മഴ പെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ ബിലിഗുണ്ട്‌ലുവില്‍ മഴ കിട്ടിയിട്ടില്ലെന്നും അദ്ദേഹം ഇവിടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വരള്‍ച്ച രൂക്ഷമാണെന്നും ശിവകുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് പലയിടത്തും നേരിടുന്ന വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചും ലോഡ്‌ഷെഡിംഗിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് ധാരാളം വെള്ളം ആവശ്യമാണെന്നും സംസ്ഥാനത്ത് കല്‍ക്കരി പ്രശ്‌നവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തമിഴ് നാട്ടിലെ ഡെല്‍റ്റ ജില്ലയിലെ കര്‍ഷകര്‍ ജലസേചനത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് കാവേരി ജലത്തെയാണ്. കാവേരി നദീജലം പങ്കിടല്‍ വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയിരുന്നു. അവതരിപ്പിച്ച ശേഷം പ്രമേയം ഏകകണ്ഠമായി പാസാക്കണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിയമസഭാംഗങ്ങളോട് ആവശ്യപ്പെട്ടു.
'തമിഴ്നാട് കാവേരി ഡെല്‍റ്റയിലെ കര്‍ഷകരുടെ ജീവിത മാര്‍ഗം സംരക്ഷിക്കാന്‍, സുപ്രീം കോടതിയുടെ അന്തിമ ഉത്തരവില്‍ നിര്‍വചിച്ചിരിക്കുന്നതുപോലെ കാവേരി ജലം വിട്ടുനല്‍കാന്‍ കര്‍ണാടക സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ഈ നിയമസഭ കേന്ദ്രത്തോട് ഏകകണ്ഠമായി അഭ്യര്‍ത്ഥിക്കുന്നു.'- സ്റ്റാലിന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us