സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരമാര്‍ശത്തിന്മേല്‍ പ്രതിഷേധം തുടരുന്നതിനിടെ വിവാദ പ്രസ്താവനയുമായി ഡിഎംകെ മന്ത്രിയും എംപിയുമായ എ രാജ. സനാതന ധര്‍മ്മത്തെ എച്ച്‌ഐവി, കുഷ്ഠം പോലെ സാമൂഹിക വിപത്തായ രോഗങ്ങളുമായി താരതമ്യം ചെയ്യണമെന്നാണ് അദ്ദേഹം പറഞ്ഞത്.
സനാതന ധര്‍മ്മത്തോടുള്ള ഉദയനിധിയുടെ സമീപനം മൃദുവായിരുന്നുവെന്നും രാജ പറഞ്ഞു. സനാതനവും വിശ്വകര്‍മ്മ യോജനയും വ്യത്യസ്തമല്ല, ഒന്നുതന്നെയാണ്. മലേറിയയും ഡെങ്കിപ്പനിയും പോലെ തുടച്ചുനീക്കണമെന്ന് താരതമ്യപ്പെടുത്തി ഉദയനിധി മൃദു സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം ഒരു പൊതുപരിപാടിയില്‍ പറഞ്ഞു. 'എന്നാല്‍ ഈ രോഗങ്ങള്‍ ഒരു സാമൂഹിക വിപത്തല്ല. കുഷ്ഠരോഗവും എച്ച്‌ഐവിയുമാണ് അങ്ങനെയുളളത്.
അതിനാല്‍, എച്ച്‌ഐവി, കുഷ്ഠരോഗം തുടങ്ങിയ സാമൂഹിക വിപത്തായ ഒരു രോഗമായി ഇതിനെ കാണേണ്ടതുണ്ട്' ഡിഎംകെ എംപി പറഞ്ഞു. 'ആരെ വേണമെങ്കിലും കൊണ്ടുവരൂ, സനാതന ധര്‍മ്മത്തെക്കുറിച്ച് സംവാദത്തിന് ഞാന്‍ തയ്യാറാണ്. അത് 10 ലക്ഷമോ ഒരു കോടിയോ ആയാലും എനിക്ക് പ്രശ്നമില്ല, അവര്‍ ഏത് ആയുധവുമായും വരട്ടെ. പെരിയാര്‍, അംബേദ്കര്‍ എന്നിവരുടെ പുസ്തകങ്ങളുമായി ഞാന്‍ സല്‍ഹിയില്‍ സംവാദത്തിന് വരാം' എ രാജ പറഞ്ഞു.
പ്രധാനമന്ത്രി യോഗം വിളിച്ചാല്‍ എല്ലാ കാബിനറ്റ് മന്ത്രിമാര്‍ക്കും മറുപടി നല്‍കാന്‍ തയ്യാറാണെന്ന് എ രാജ പറഞ്ഞിരുന്നു. 'പ്രധാനമന്ത്രി യോഗം വിളിച്ച്, എന്നെ അനുവദിക്കുകയാണെങ്കില്‍ എല്ലാ ക്യാബിനറ്റ് മന്ത്രിമാര്‍ക്കും മറുപടി നല്‍കാന്‍ ഞാന്‍ തയ്യാറാണ്. സനാതന ധര്‍മ്മം ഏതാണെന്ന് ഞാന്‍ വിശദീകരിക്കും അതിന് ശേഷം നിങ്ങള്‍ തീരുമാനിക്കൂ' എ രാജ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
ഈ മാസം ആദ്യം, സനാതന ധര്‍മ്മം സമത്വത്തിനും സാമൂഹിക നീതിക്കും എതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നും ഉദയനിധി സ്റ്റാലിന്‍ ആരോപിച്ചിരുന്നു. സനാതന ധര്‍മ്മത്തെ കൊറോണ വൈറസ്, മലേറിയ, ഡെങ്കിപ്പനി എന്നിവയോട് ഉപമിച്ച അദ്ദേഹം, ഇത്തരം കാര്യങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതല്ല മറിച്ച് നശിപ്പിക്കപ്പെടേണ്ടതാണെന്നും പറഞ്ഞു.
സനാതന ധര്‍മ്മം പിന്തുടരുന്ന 80 ശതമാനം ജനങ്ങളെയും 'വംശഹത്യ' ചെയ്യാന്‍ ഡിഎംകെ നേതാവ് ആഹ്വാനം ചെയ്തതായി ആരോപിച്ച് ബിജെപിയുടെ ഐടി വകുപ്പ് മേധാവി അമിത് മാളവ്യ രംഗത്തെത്തിയതോടെ അദ്ദേഹത്തിന്റെ പ്രസ്താവന ഏറെ വിവാദമായി. അതേസമയം ഉദയനിധി ഈ ആരോപണം നിഷേധിച്ചു. 'സനാതന എന്ന പേര് തന്നെ സംസ്‌കൃതത്തില്‍ നിന്നാണ് വന്നത്. സനാതനത്തിന്റെ അര്‍ത്ഥമെന്താണ്? അത് ശാശ്വതം എന്നാണ്, അതായത്, അത് മാറ്റാന്‍ കഴിയില്ല; ആര്‍ക്കും ഒരു ചോദ്യവും ഉന്നയിക്കാന്‍ കഴിയില്ല, അതാണ് അതിന്റെ അര്‍ത്ഥം. സനാതന ജനങ്ങളെ ജാതിയുടെ അടിസ്ഥാനത്തില്‍ വിഭജിച്ചു' അദ്ദേഹം ആരോപിച്ചു.