തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഡിഎംകെ(ദ്രാവിഡ മുന്നേറ്റ കഴകം). തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ എല്ലാ പ്രവര്‍ത്തകരും ശ്രമിക്കണമെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയുടെ സഖ്യകക്ഷിയാണ് കോണ്‍ഗ്രസ്. അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ രൂപീകരിച്ച പ്രതിപക്ഷ ഇന്ത്യ ബ്ലോക്കിന്റെ ഭാഗമാണ് കോണ്‍ഗ്രസും ഡിഎംകെയും.
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഡിഎംകെയുടെ നീക്കം. സര്‍വേകള്‍ ചൂണ്ടിക്കാണിച്ചതുപോലെ കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിക്കില്ലെന്ന് ഉറപ്പാക്കാനാണ് ഈ തീരുമാനമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ എസ് ശര്‍മിള വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് ഭരണമാറ്റത്തിന് സാധ്യതയുള്ളപ്പോള്‍ സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ച് തടസ്സമായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
'വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമെടുത്തിട്ടുണ്ട്. ബിആര്‍എസിന്റെ വരാനിരിക്കുന്ന തോല്‍വിയുടെ തിരക്കഥയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു അവസരമുണ്ടെന്നും ഈ ഘട്ടത്തില്‍ ഭരണവിരുദ്ധ വോട്ടുകളുടെ ഏതെങ്കിലും വിഭജനം കെ.സി.ആറിനെ താഴെയിറക്കുന്നതില്‍ തടസ്സമാകുമെന്നും തോന്നി.,' ശര്‍മിള പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയും (ബിആര്‍എസ്), കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്. 119 അംഗ തെലങ്കാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 30ന് നടക്കും. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. സ്ത്രീകള്‍ക്ക് 10 ലക്ഷം തൊഴിലവസരങ്ങള്‍, കര്‍ഷകര്‍ക്ക് സൗജന്യമായി പശുക്കള്‍ അടക്കമുള്ളവയാണ് ബിജെപിയുടെ ഉറപ്പുകള്‍. കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പുകളും ഒരു പെണ്‍കുട്ടിക്ക് ജനനസമയത്ത് 2 ലക്ഷം രൂപ സ്ഥിരനിക്ഷേപവും ബിജെപിയുടെ വാഗ്ദാനം ചെയ്യുന്നു.
തെലങ്കാനയിലെ ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) പിന്നാക്ക വിഭാഗ വിരുദ്ധ പാര്‍ട്ടിയാണെന്ന് അമിത് ഷാ ആരോപിച്ചു. ഗഡ്വാളില്‍ നടന്ന ബി.ജെ.പിയുടെ പൊതു റാലിയില്‍ വെച്ചാണ് പ്രകടന പത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.