/sathyam/media/media_files/xMjMUxLFUFOv0u0dktWn.jpg)
മറാത്ത സംവരണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുകൂലമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തിന് പരിഹാരം കാണുന്നതിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ സംവരണം ആവശ്യപ്പെട്ട് പ്രവര്‍ത്തകന്‍ മനോജ് ജാരങ്കെ നടത്തുന്ന അനിശ്ചിതകാല നിരാഹാരം സമരം അവസാനിപ്പിക്കാന്‍ നേതാക്കള്‍ പ്രമേയം പാസാക്കി. മറാത്ത സമുദായത്തിന് സംവരണം ഉറപ്പാക്കുന്നതിന് ആക്ടിവിസ്റ്റ് ജാരങ്കെ സര്‍ക്കാരുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി ഷിന്‍ഡെ പറഞ്ഞു. മറാത്തകള്‍ സംയമനം പാലിക്കണമെന്നും സംവരണം നടപ്പാക്കുന്നതിന് നിയമപരമായ മാര്‍ഗങ്ങള്‍ക്ക് സര്‍ക്കാരിന് സമയം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന (യുബിടി) നേതാവ് അനില്‍ പരബ്, സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാര്‍, നിയമസഭാ കൗണ്‍സിലിലെ ലോപി അംബാദാസ് ദന്‍വെ തുടങ്ങിയവര്‍ പ്രമേയത്തില്‍ ഒപ്പുവച്ചു. മറാത്ത സംവരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു.
പ്രക്ഷോഭത്തെ തുടര്‍ന്ന് അഞ്ച് മറാത്ത്വാഡ ജില്ലകളില്‍ സര്‍ക്കാര്‍ നടത്തുന്ന ബസ് സര്‍വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവച്ചു. ബീഡിന്റെ ചില ഭാഗങ്ങളില്‍ കര്‍ഫ്യൂവും ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളുടെ വീടിന് പ്രതിഷേധക്കാരുടെ ഭീഷണിയുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് കര്‍ഫ്യൂവും ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയത്.
അക്രമത്തില്‍ ഏര്‍പ്പെടരുതെന്നും സ്ഥിതിഗതികള്‍ വഷളാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കണമെന്നും ജനങ്ങളോടും രാഷ്ട്രീയ പാര്‍ട്ടികളോടും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. മറാത്ത സമുദായം അപൂര്‍ണ്ണമായ ഈ സംവരണം അംഗീകരിക്കില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും ജാരങ്കെ ആവശ്യപ്പെട്ടിരുന്നു. മറാത്ത സമുദായത്തിന് സമ്പൂര്‍ണ സംവരണം അനുവദിച്ചില്ലെങ്കില്‍ ബുധനാഴ്ച വൈകുന്നേരം മുതല്‍ കുടിവെള്ളം നിര്‍ത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
യോഗ്യരായ മറാത്താ സമുദായാംഗങ്ങള്‍ക്ക് പുതിയ കുംബി ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ ചൊവ്വാഴ്ച ഉത്തരവ് പ്രസിദ്ധീകരിച്ചിരുന്നു. കുമ്പികളെ പരാമര്‍ശിക്കുന്നതും ഉറുദു, മോദി ലിപികളില്‍ എഴുതിയതുമായ പഴയ രേഖകള്‍ വിവര്‍ത്തനം ചെയ്യാന്‍ ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഈ രേഖകള്‍ ഡിജിറ്റൈസ് ചെയ്യുകയും സാക്ഷ്യപ്പെടുത്തുകയും പിന്നീട് പൊതുസഞ്ചയത്തില്‍ ഇടുകയും വേണമെന്നും പ്രമേയത്തില്‍ പറയുന്നു.
മറാത്ത സമുദായത്തില്‍പ്പെട്ടവര്‍ക്കുള്ള വിദ്യാഭ്യാസ, തൊഴില്‍ സംവരണം എന്നിവ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് മറാത്ത നേതാവ് മനോജ് ജാരങ്കെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ പ്രതിഷേധം ശക്തമാകുന്നത്. മനോജ് ജരാംഗെ പാട്ടീല്‍ ജല്‍ന ജില്ലയില്‍ ഒക്ടോബര്‍ 25 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതോടെയാണ് പ്രക്ഷോഭം ശക്തമായത്. മുന്‍പ് ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ അദ്ദേഹം നിരാഹാര സമരം നടത്തുകയും സംവരണ ആവശ്യം പരിഗണിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിന് പിന്നാലെ സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us