ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയില്‍ ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ്; നിയമസഭ വിജ്ഞാപനം പുറത്തിറക്കി

ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയില്‍ ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ്; നിയമസഭ വിജ്ഞാപനം പുറത്തിറക്കി

author-image
shafeek cm
New Update
umman chandy

umman chandy

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിനു പിന്നാലെ കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ജനപ്രതിനിധിയുടെ ഒഴിവു വന്നതായി നിയമസഭ വിജ്ഞാപനമിറക്കി. ഇതിന്റെ പകർപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുകയാണു പതിവ്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനു ശേഷം നടക്കുന്ന രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പാണിത്.

Advertisment

ഇതോടെ 6 മാസത്തിനുള്ളിൽ‌ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കടക്കും. തൃക്കാക്കര മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ പി ടി തോമസ് അന്തരിച്ചതിനെത്തുടർന്നു നടത്തിയ ഉപതെരഞ്ഞെടുപ്പിൽ ഭാര്യ ഉമ തോമസ് 25,015 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു. കഴിഞ്ഞ 53 വര്‍ഷമായി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാണ് പുതുപ്പള്ളി. 1970 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടിക്ക് വോട്ടു ചെയ്തവരുടെ മക്കളും പേരക്കുട്ടികളും അവരുടെ മക്കളും പിന്നീട് ഒരു തെരഞ്ഞെടുപ്പിലും തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ കൈവിട്ടിട്ടില്ല.

മണ്ഡലത്തിലെ ഓരോ മനുഷ്യന്റെയും പ്രതീക്ഷയായി ഉമ്മന്‍ചാണ്ടി എന്നും നിലകൊണ്ടു. എത്ര തിരക്കുകൾക്കിടയിലും ഞായറാഴ്ചകളില്‍ അദ്ദേഹം പുതുപ്പള്ളിയിലെ തന്റെ വീട്ടിലുണ്ടാവും. ആവശ്യങ്ങളുമായി ജനക്കൂട്ടവും. ആ സ്നേഹബന്ധത്തിന്റെ കരുത്തിൽ 12 തവണയാണ് പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻ ചാണ്ടി നിയമസഭയിലെത്തിയത്.

കോട്ടയം താലൂക്കിലെ പുതുപ്പള്ളി,അകലക്കുന്നം, അയര്‍ക്കുന്നം, കൂരോപ്പട, മണര്‍കാട്, മീനടം, പാമ്പാടി, ചങ്ങനാശ്ശേരി താലൂക്കിലെ വാകത്താനം എന്നിങ്ങനെ എട്ട് ഗ്രാമ പഞ്ചായത്തുകൾ ചേര്‍ന്ന മണ്ഡലമാണ് പുതുപ്പള്ളി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ട് നേമത്തേക്ക് മാറണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ ആത്മഹത്യാ ഭീഷണി മുഴക്കിയതും വലിയ വാർത്തയായിരുന്നു.

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയെ നിശ്ചയിക്കാനുള്ള ചർച്ചകളിലേക്ക് കോൺഗ്രസ് പാർട്ടി വൈകാതെ കടക്കും. മകൻ ചാണ്ടി ഉമ്മന് തന്നെ നറുക്ക് വീഴാനാണ് സാധ്യത. കെപിസിസി അംഗവും യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാനുമാണ് ചാണ്ടി ഉമ്മന്‍.

kottayam puthuppally oomman chandy election
Advertisment