/sathyam/media/media_files/t8terqUQrVRNjs6eWKe7.jpg)
തിരുവനന്തപുരം: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത് ജനങ്ങളെ വേർതിരിച്ച ബിജെപിയുടെ രാഷ്ട്രീയ അജണ്ട ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വർഗീയ വിദ്വേഷമുണ്ടാക്കിയും മതപരമായ ചേരിതിരിവുണ്ടാക്കിയും വോട്ട് ബാങ്ക് സൃഷ്ടിക്കാൻ ബിജെപി നടത്തിയ ശ്രമമാണ് അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ചത്. അതിൽ കോൺഗ്രസിലെ പല അനുഭാവികളും അകപ്പെട്ടുപോയി. ക്ഷേത്ര നിർമ്മാണമൊക്കെ ഇതിന്റെ ഭാഗമാണ്. ഇതിന്റെയൊക്കെ നേട്ടം കൊയ്യുന്നത് ബിജെപിയാണെന്ന് ഇ പി ജയരാജൻ പറഞ്ഞു.
രാഷ്ട്രീയം മതത്തിലോ മതം രാഷ്ട്രീയത്തിലോ ഇടപെടാൻ പാടില്ല. ഒരാളുടെ വിശ്വാസത്തിലും രാഷ്ട്രീയം ഇടപെടാൻ പാടില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് രാമക്ഷേത്ര ഉദ്ഘാടനം. ഇവിടെ മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കുന്നു ഇത് തിരിച്ചറിയാൻ ഇന്ത്യയിലെ മതനിരപേക്ഷ പാർട്ടികൾക്ക് കഴിയും. ജനാധിപത്യ ശക്തികൾ ഇത് മനസ്സിലാക്കും. അത് അനുസരിച്ച് ജനങ്ങൾ ചിന്തിച്ച് പ്രവർത്തിക്കുമെന്നും ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു.
മതം മതത്തിൻറെ വഴിക്ക് വിശ്വാസം വിശ്വാസത്തിൻറെ വഴിക്ക് രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ വഴിക്ക് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗതാഗത വകുപ്പ് മന്ത്രിയാവാനിരിക്കുന്ന കെ ബി ഗണേഷ് കുമാർ സിനിമ വകുപ്പും വേണമെന്ന് ആവശ്യപ്പെട്ടതിലും എൽഡിഎഫ് കൺവീനർ പ്രതികരിച്ചു. ഏതു വകുപ്പും ആർക്കും ആവശ്യപ്പെടാമെന്ന് അദ്ദേഹം പറഞ്ഞു. ഏത് വകുപ്പ് നൽകണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. അത് എൽഡിഎഫിന്റെ പരിധിയിൽ വരുന്ന വിഷയമല്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ അറിയിച്ചിരുന്നു. ക്ഷേത്ര ഉദ്ഘാടനത്തിന്റെ പേരില്‍ പ്രധാനമന്ത്രി ഒരു പ്രത്യേക മത വിഭാഗത്തില്‍ പെട്ടവരുടെ താല്‍പര്യങ്ങള്‍ മാത്രം ഉയര്‍ത്തിപ്പിടിക്കുന്നു. അത് ഭരണഘടന നിലപാടുകള്‍ക്ക് എതിരാണ്. മതപരമായ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയ പദ്ധതിയാണ് മോദി സര്‍ക്കാരിന്റേതെന്നും യെച്ചൂരി പറഞ്ഞു.
പ്രതിഷ്ഠാ ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മന്‍മോഹന്‍ സിങ് എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. സോണിയ ഗാന്ധി നേരിട്ടോ അവരുടെ പ്രതിനിധിയോ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. ഇതിൽ കോൺഗ്രസിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.