മുന്‍ മന്ത്രി കെ പി വിശ്വനാഥന്‍ അന്തരിച്ചു

നാല് തവണ കൊടകരയില്‍ നിന്നും രണ്ട് തവണ കുന്നംകുളം നിയമസഭാ സീറ്റില്‍ നിന്നുമാണ് വിജയിച്ചത്.

New Update
kp viswanathann.jpg

തൃശ്ശൂര്‍: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ പി വിശ്വനാഥന്‍ അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 9.35 നായിരുന്നു അന്ത്യം. 1991 മുതൽ 1994 വരെ കെ കരുണകരന്‍ മന്ത്രി സഭയിലും 2004 മുതൽ 2005 വരെ ഉമ്മൻ ചാണ്ടി മന്ത്രി സഭയിലും വനം വകുപ്പ് മന്ത്രിയായിരുന്നു. നിലവില്‍ കെപിസിസി നിര്‍വാഹക സമിതി അംഗമാണ്. യുവജന സംഘടനയായ യൂത്ത് കോണ്‍ഗ്രസ് വഴിയാണ് രാഷ്ട്രീയ പ്രവേശനം. 1967 മുതല്‍ 1970 വരെ സംഘടനയുടെ തൃശൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു.

Advertisment

2006, 2011 നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കൊടകരയില്‍ നിന്ന് മത്സരിച്ചെങ്കിലും സിപിഐഎമ്മിലെ സി രവീന്ദ്രനാഥിനോട് പരാജയപ്പെട്ടു. നാല് തവണ കൊടകരയില്‍ നിന്നും രണ്ട് തവണ കുന്നംകുളം നിയമസഭാ സീറ്റില്‍ നിന്നുമാണ് വിജയിച്ചത്. വനം മന്ത്രിയായിരിക്കെ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളിലും വനസംരക്ഷണത്തിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ആന്റി നര്‍ക്കോട്ടിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ അവാര്‍ഡ് ലഭിച്ചു.

തൃശൂർ ജില്ലയിലെ കുന്നംകുളത്ത് കല്ലായിൽ പാങ്ങൻ്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22നാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം നേടി. അഭിഭാഷകൻ കൂടിയാണ് കെ പി വിശ്വനാഥൻ. കെപിസിസി എക്സിക്യൂട്ടീവ് അംഗം, തൃശൂർ ഡിസിസി സെക്രട്ടറി, കോൺഗ്രസ് പാർലമെന്ററി പാർട്ടി അംഗം, ഖാദി ബോർഡ് അംഗം, കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗം, തൃശൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം, സംസ്ഥാന സഹകരണ ബാങ്ക് ചെയർമാൻ, ഡയറക്ടർ എന്നിങ്ങനെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

latest news kp viswanathan
Advertisment