/sathyam/media/media_files/cxShBCSA4iTX2o22O5Dr.jpg)
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ അവസാനിപ്പിച്ചില്ലെങ്കില്‍, ഗാസയിലും പലസ്തീനിലും ഉണ്ടായ അവസ്ഥ കശ്മീരിനും നേരിടേണ്ടിവരുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് മേധാവിയും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള പറഞ്ഞു. കഴിഞ്ഞയാഴ്ച പൂഞ്ചില്‍ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ഭീകരാക്രമണത്തെ പരാമര്‍ശിച്ചായിരുന്നു അബ്ദുള്ളയുടെ പ്രസ്താവന. ഇപ്പോള്‍ നടക്കുന്ന പ്രശ്‌നത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കണ്ടില്ലെങ്കില്‍, ഇസ്രായേല്‍ ബോംബിട്ട് നശിപ്പിക്കുന്ന ഗാസയ്ക്കും പലസ്തീനിനും ഉണ്ടായ ഗതി തന്നെ നമുക്കും നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ സുഹൃത്തുക്കളെ മാറ്റാമെന്നും അയല്‍ക്കാരെ മാറ്റാന്‍ കഴിയില്ലെന്നും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പറഞ്ഞിരുന്നു. അയല്‍ക്കാരുമായി സൗഹൃദം പുലര്‍ത്തിയാല്‍ രണ്ടുപേരും പുരോഗമിക്കും. യുദ്ധം ഇപ്പോള്‍ ഒരു ഓപ്ഷനല്ലെന്നും കാര്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നു. 'ചര്‍ച്ച എവിടെ, നവാസ് ഷെരീഫ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയാകാന്‍ പോകുകയാണ്, ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്ഥാന്‍ പറയുന്നു. എന്താണ് ഇന്ത്യ സംസാരിക്കാന്‍ തയ്യാറാകാത്തതിന് പിന്നിലുള്ള കാരണം.' - അബ്ദുള്ള ചോദിച്ചു.
അതേസമയം, തിങ്കളാഴ്ച ജമ്മു കശ്മീരിലെ രജൗരി, പൂഞ്ച് ജില്ലകള്‍ സന്ദര്‍ശിച്ച കരസേനാ മേധാവി മനോജ് പാണ്ഡെ, ഭീകരരുടെ ഒളിത്താവളങ്ങളായി ഉപയോഗിക്കുന്ന ഗുഹകള്‍ പൊളിച്ചു മാറ്റാന്‍ പ്രാദേശിക സൈനികര്‍ക്ക് നിര്‍ദേശം നല്‍കി. കൂടാതെ പ്രദേശത്തെ സുരക്ഷാ ക്രമീകരണങ്ങളും അദ്ദേഹം അവലോകനം ചെയ്തു. രജൗരി-പൂഞ്ച് മേഖലയിലെ വ്യോമ നിരീക്ഷണവും കോമ്പിംഗ് പ്രവര്‍ത്തനങ്ങളും, പ്രത്യേകിച്ച് ദേരാ കി ഗലി, ബഫ്‌ലിയാസ് വനമേഖലയിലെ നീരീക്ഷണം ചൊവ്വാഴ്ച ഏഴാം ദിവസത്തിലേക്ക് കടന്നു. തുടര്‍ച്ചയായ നാലാം ദിവസവും ഈ മേഖലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണ്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ബുധനാഴ്ച രജൗരി-പൂഞ്ച് സെക്ടര്‍ സന്ദര്‍ശിക്കുമെന്നും അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശത്തെ ഡ്യൂട്ടിയിലുള്ള സൈനികരുമായി സംവദിക്കുമെന്നും, മേഖലയിലെ തീവ്രവാദി ആക്രമണങ്ങളുമായി ഇപ്പോഴും പോരാടുന്ന സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്തുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. ഡിസംബര്‍ 21 നാണ് ജമ്മു കശ്മീരിലെ രജൗരി- പൂഞ്ചിലെ സുരന്‍കോട്ട് സബ്ഡിവിഷനിലെ ദേരാ കി ഗലിക്കും ബുഫ്‌ലിയാസിനും ഇടയിലുള്ള നിബിഡ വനമേഖലയിലെ ദനാര്‍ സവാനിയ വളവില്‍ വച്ച് രണ്ട് സൈനിക വാഹനങ്ങളെ ഭീകരര്‍ പതിയിരുന്ന് ആക്രമിച്ചത്. ആ ആക്രമണത്തില്‍ 4 സൈനികര്‍ വീരമൃത്യു വരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us