ഗവര്‍ണര്‍ക്കെതിരായ കരിങ്കൊടി പ്രതിഷേധം; അറസ്റ്റിലായ അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന വകുപ്പായ ഐപിസി 124 കൂടി പൊലീസ് ചേര്‍ത്തിരുന്നു. ഗവര്‍ണര്‍ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തത്

New Update
governer arif muhannad khan

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്നലെ രാത്രി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് എസ്.എഫ്.ഐക്കാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. പൊലീസുകാരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ അറസ്റ്റിലായ 5 പേര്‍ക്കും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. തിരുവനന്തപുരം നഗരത്തില്‍ മൂന്നിടങ്ങളിലാണ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങി പ്രതികരിച്ചിരുന്നു.

Advertisment

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന വകുപ്പായ ഐപിസി 124 കൂടി പൊലീസ് ചേര്‍ത്തിരുന്നു. ഗവര്‍ണര്‍ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തത്. അതേസമയം, കേരള സര്‍വകലാശാല സെനറ്റിലേക്ക് വിദ്യാര്‍ഥികളെ നിര്‍ദേശിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ടി.ആര്‍ രവിയുടെ ഇടക്കാല ഉത്തരവുണ്ടായത്. സെനറ്റിലേക്ക് നാല് വിദ്യാര്‍ഥികളെ നാമനിര്‍ദേശം ചെയ്ത നടപടിക്കാണ് സ്റ്റേ. യോഗ്യതയുള്ള വിദ്യാര്‍ഥികളെ അവഗണിച്ചാണ് ഗവര്‍ണര്‍ മറ്റ് വിദ്യാര്‍ഥികളെ നോമിനേറ്റ് ചെയ്തതെന്നാണ് ആരോപണം. മാര്‍ ഇവാനിയോസ് കോളേജ് വിദ്യാര്‍ത്ഥി നന്ദകിഷോര്‍, അരവിന്ദ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

രാജ്ഭവനില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള ഗവര്‍ണറുടെ യാത്രക്കിടെയായിരുന്നു ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉണ്ടായത്. പൊലീസ് സുരക്ഷയോടെയായിരുന്നു ഗവര്‍ണറുടെ യാത്ര. മൂന്നിടത്ത് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായി. ആദ്യം പാളയത്ത് എസ്.എഫ്.ഐക്കാര്‍ ഗവര്‍ണറുടെ വാഹനത്തിലിടിച്ച് വരെ പ്രതിഷേധിച്ചു. പിന്നെ ജനറല്‍ ആശുപത്രി പരിസരത്തും ഒടുവില്‍ പേട്ട പൊലീസ് സ്റ്റേഷന് സമീപവും പ്രതിഷേധക്കാര്‍ വാഹനത്തിന് നേരെ പ്രതിഷേധിച്ചു. ഇതോടെ വാഹനം നിര്‍ത്തി ഗവര്‍ണ്ണര്‍ കാറില്‍ നിന്ന് പുറത്തേക്കിറങ്ങി പ്രതിഷേധക്കാരുടെ അടുത്തേക്ക് നീങ്ങി. പ്രതിഷേധക്കാര്‍ക്കും പൊലീസിനും മുഖ്യമന്ത്രിക്കുമെതിരെ ക്ഷുഭിതനാവുകയായിരുന്നു ഗവര്‍ണര്‍. ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങിയതോടെ പ്രതിഷേധക്കാര്‍ ചിതറിയോടുകയായിരുന്നു.

kerala governer latest news arif muhamud khan
Advertisment