/sathyam/media/post_banners/aDlf26mUArZaYQzQNsAZ.jpg)
തിരുവനന്തപുരം: സർക്കാരും ഗവർണറും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് നീങ്ങുന്നെന്ന പ്രതീതിയുണ്ടാക്കി, സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന പരാതിയിൽ ഗവർണർ ചീഫ്സെക്രട്ടറിയുടെ വിശദീകരണം തേടി. സംസ്ഥാനത്തിന്റെ ധനസ്ഥിതി അപകടകരമാംവിധം കൈവിട്ടുപോയ നിലയിലാണെന്നത് കണക്കിലെടുത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയോട് ഗവർണർ ശുപാർശ ചെയ്യണമെന്നാണ് ആവശ്യം.
കെ.എസ്.ആർ.ടി.സി പെൻഷൻ നൽകാത്തതിനെതിരായ കേസിൽ ഖജനാവിൽ പണമില്ലെന്ന് ചീഫ്സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലവും സി.എ.ജി റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് പൊതുപ്രവർത്തകനും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ ചെയർമാനുമായ ആർ.എസ് ശശികുമാറിന്റെ പരാതി.
സംസ്ഥാനസർക്കാരിന്റെ തകർന്നടിഞ്ഞ ധനസ്ഥിതിയുടെ ഗൗരവം ഉൾക്കൊണ്ട് അടിയന്തിര നടപടി ആവശ്യപെട്ടുള്ള നിവേദനം ഗവർണർക്ക് ലഭിക്കുന്നത് ഇത് ആദ്യമായാണ്. ഹൈക്കോടതി ഉത്തരവിന്റെയും ചീഫ് സെക്രട്ടറി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെയും പകർപ്പുകൾ കൂടി നിവേദനത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.
ഗവർണർ സംസ്ഥാന ചീഫ് സെക്രട്ടറിയോട് അടിയന്തിരമായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. നിവേദനത്തിന്റെ പകർപ്പും ചീഫ് സെക്രട്ടറിക്ക് അയച്ചു കൊടുത്തിട്ടുണ്ട്. സംസ്ഥാന സർക്കാരിന് അനുവദിച്ചിട്ടുള്ള വായ്പ പരിധി കവിഞ്ഞതായും, വൻ സാമ്പത്തിക ബാധ്യതകൾ ഉള്ളതായും ഇതിൽ വിശദീകരിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 2019 ലെ ശമ്പള പരിഷ്ക്കരണ കുടിശ്ശികയും ഡിഎ യുമടക്കം 24000 കോടി രൂപയുടെ കുടുശിക നൽകാനുണ്ട്. റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാൻ കഴിയുന്നില്ല. റിട്ടയർ ചെയ്യുന്നവരുടെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞു വച്ചിരിക്കുന്നു. ജീവനക്കാരുടെ പ്രതിമാസ പെൻഷൻ പോലും മാസങ്ങളായി നൽകുന്നില്ല.
സർക്കാർ ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫൈനാൻസ് കോർപ്പറേഷൻ സമാഹരിച്ച സ്ഥിര നിക്ഷേപങ്ങൾ കാലാവധി പൂർത്തിയായിട്ടും മടക്കി ലഭിക്കാത്തത് മൂലം നിക്ഷേപകർ കോടതിയെ സമീപിച്ചിരിക്കുകയാണ്. പണം മടക്കി കൊടുക്കുവാൻ ഹൈക്കോടതി ഉത്തരവ് നൽകിയിട്ടും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിനിധിയിലാണെന്നും കെഎസ്ആർടിസിക്ക് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാൻ സാധിക്കില്ലെന്നുമുള്ള വിവരം രേഖാമൂലം കോടതിയെ അറിയിക്കുകയായിരുന്നു.
കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞു വച്ചിരിക്കുന്നു. സ്കൂളുകളിലെ ഉച്ച ഭക്ഷണവിതരണവും താറുമാറായി. 2020 -21 ൽ പ്രതീക്ഷിച്ച ബഡ്ജറ്റ് വരുമാനം 32628 കോടി രൂപ ആണെങ്കിലും ലഭ്യമായത് 42628 കോടിയായിരുന്നു. സമാനമായി 2021- 222 വർഷം 44811 കോടിയായിരുന്നു പ്രതീക്ഷ എങ്കിലും 47837 കോടി രൂപ സംസ്ഥാനത്തിന് ലഭ്യമായിരുന്നു.
മന്ത്രിസഭയുടെ ആസൂത്രണമില്ലാത്ത ധനകാര്യ മാനേജ്മെന്റും, സംസ്ഥാനത്തിന് ലഭിക്കേണ്ട റവന്യൂ വരുമാനം പിരിച്ചെടുക്കുന്നതിലെ വീഴ്ചയും, ധൂർത്തും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതായി സിഎജി റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനം ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധി തുടരുമ്പോൾ രാഷ്ട്രീയ നേട്ടങ്ങൾക്ക് മാത്രമായി സംസ്ഥാന സർക്കാർ കേരളീയം, നവ കേരള സദസ്സ് തുടങ്ങിയ പരിപാടികൾക്ക് കോടികൾ ചെലവിടുകയാണ്.
ഈ നില തുടർന്നാൽ സംസ്ഥാനതാല്പര്യങ്ങളിലുപരി സ്വകാര്യ താൽപ്പര്യങ്ങളിൽ വ്യാപൃതരായിരിക്കുന്ന മന്ത്രിമാരുടെ പിടിപ്പുകേടുമൂലം ജനജീവിതം ദുസ്സഹമാവുമ്പോൾ ജീവിക്കുന്നതിന് വേണ്ടി ജനങ്ങളിൽ അക്രമവും കുറ്റവാസനയും ഏറാനുള്ള സാധ്യത കണക്കിലെടുത്ത് ഭരണഘടനയുടെ ആർട്ടിക്കിൾ 360(1) പ്രകാരം സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാൻ ബഹുമാനപ്പെട്ട രാഷ്ട്രപതിയോട് ശുപാർശ ചെയ്യണമെന്നാണ് ഗവർണർക്ക് സമർപ്പിച്ച നിവേദനത്തിൽ അഭ്യർത്ഥിച്ചിട്ടുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us