/sathyam/media/media_files/Rzc1iIkqWFYoLzb00vVY.jpg)
തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച സംഭവം രാഷ്ട്രപതിയെ അറിയിക്കാനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിക്കുക. തനിക്കെതിരെ നടന്നത് എസ്എഫ്‌ഐ ആക്രമണമാണെന്നും അതിന് പിന്നിലെ ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നുമാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്.
സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിശദമായി വാദം കേള്‍ക്കും. കേസില്‍ ആറു പേരെ രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഒരാള്‍ക്ക് ഇന്ന് വൈകിട്ട് അഞ്ചുവരെ ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 124 വകുപ്പ് ചുമത്തിയതില്‍ പൊലീസ് കോടതിയില്‍ വിശദീകരണം നല്‍കും. ഇന്നലെ കോടതി പൊലീസിനോട് വിശദീകരണം ചോദിച്ചിരുന്നു. രാഷ്ട്രപതി, ഗവര്‍ണര്‍ എന്നിവരെ വഴിയില്‍ തടയുമ്പോഴാണ് 124 വകുപ്പ് ചുമത്തുക.
തിങ്കളാഴ്ച രാത്രിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്. ഗോ ബാക്ക് മുദ്രാവാക്യം ഉയര്‍ത്തിയെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിക്കുകയായിരുന്നു. 'ആര്‍എസ്എസ് ഗവര്‍ണര്‍ ഗോബാക്ക്' എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.വിമാനത്താവളത്തിലേക്ക് പോകുന്ന വഴി പേട്ട ജംഗ്ഷന് സമീപം പൊലീസ് സ്റ്റേഷന് എതിര്‍വശത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കാറില്‍ നിന്ന് പുറത്തിറങ്ങി ക്ഷുഭിതനായ ഗവര്‍ണര്‍ രൂക്ഷ ഭാഷയില്‍ പ്രതികരിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us