/sathyam/media/post_banners/GgPtyfv7vtLd2dDeTNOe.jpg)
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനമായതിനാലാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. “എല്ലാ ഗെയിമുകളിലും വിജയിക്കുകയും ഫൈനൽ തോൽക്കുകയും ചെയ്തു. എന്തുകൊണ്ടാണ് മത്സരം തോറ്റതെന്ന് ഞാൻ അന്വേഷിച്ചു, ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിലാണ് ലോകകപ്പ് ഫൈനൽ കളിച്ചതെന്നാണ് കണ്ടെത്തിയത്. അതിനാൽ ഇന്ത്യ പരാജയപ്പെട്ടു,"-ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
“എനിക്ക് ബിസിസിഐയോട് ഒരു അഭ്യർത്ഥനയുണ്ട്. ഗാന്ധി കുടുംബാംഗങ്ങളുടെ ജന്മദിനമായ ദിവസം ഇന്ത്യ കളിക്കരുത്. ലോകകപ്പ് ഫൈനലിൽ നിന്ന് അത് ഞാൻ പഠിച്ചു“ ഗാന്ധി കുടുംബത്തെ പരിഹസിച്ച് ബിജെപി മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ലോകകപ്പിൽ ഇന്ത്യ തോറ്റതിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നുവന്നത്.
മോദിയുടെ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം മത്സരത്തിൽ ഇന്ത്യ തോൽക്കുന്നതിന് കാരണമായതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെയാണ് രാഷ്ട്രീയ വഴിത്തിരിവുണ്ടായത്. മോദിയെ 'ശകുനം' എന്ന് വിശേഷിപ്പിച്ചാണ് രാഹുൽ ആരോപണം ഉന്നയിച്ചത്. മോദിയുടെ പേരിലുള്ള അഹമ്മദാബാദ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരങ്ങളിൽ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവരും പങ്കെടുത്തു. ഇന്ത്യയുടെ തോൽവിക്ക് ഇത് കാരണമായതായാണ് രാഹുൽ ​ഗാന്ധി പറഞ്ഞത്.
ബുധനാഴ്ച രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളുടെ പേരിൽ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകിയിരുന്നു. ഞായറാഴ്ച നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് ഓസ്‌ട്രേലിയ കിരീടം സ്വന്തമാക്കിയത്.
അതിനിടെ അഹമ്മദാബാദിനുപകരം ലഖ്‌നൗവിൽ മത്സരം നടന്നിരുന്നെങ്കിൽ ടീം ഇന്ത്യ ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ വിജയിക്കുമായിരുന്നുവെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. ലഖ്‌നൗവിൽ മത്സരം നടന്നിരുന്നെങ്കിൽ, ഇന്ത്യൻ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെയും മഹാവിഷ്ണുവിന്റെയും അനുഗ്രഹം ടീം ഇന്ത്യക്ക് ലഭിക്കുമായിരുന്നെന്നും ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കവെ, അഖിലേഷ് യാദവ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us