ഡിഎംകെ എംപി എസ് ജഗത്രക്ഷകനുമായും, സവിത വിദ്യാഭ്യാസ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. 32 കോടി രൂപയുടെ കണക്കില്‍ പെടാത്ത പണവും 28 കോടി രൂപയുടെ സ്വര്‍ണവും കഴിഞ്ഞ ദിവസം കണ്ടെടുത്തു. ഒക്ടോബര്‍ അഞ്ചിന് ആരംഭിച്ച പരിശോധനയില്‍ ഇതുവരെ 60 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്.
തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി നൂറോളം സ്ഥലങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. ഡിസ്റ്റിലറി, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹോസ്പിറ്റലുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ മറ്റ് ബിസിനസ് സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന.
റെയ്ഡില്‍ രേഖകളുടെ ഹാര്‍ഡ് കോപ്പികള്‍, ഡിജിറ്റല്‍ ഡാറ്റ എന്നീ കുറ്റകരമായ തെളിവുകള്‍ എന്നിവ സംഘം പിടിച്ചെടുത്തു. ഫീസ് രസീതുകളും സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തതിന്റെ വ്യാജ തെളിവുകളും ഐടി വകുപ്പ് കണ്ടെത്തി.
വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി ട്രസ്റ്റ് ഏജന്റുമാരുടെ സേവനം ഉപയോഗപ്പെടുത്തുന്നതായും ഇതിലൂടെ കണക്കില്‍പ്പെടാത്ത കമ്മീഷനായി ഏകദേശം 25 കോടി രൂപ ഉണ്ടാക്കിയതായും പിടിച്ചെടുത്ത തെളിവുകള്‍ സൂചിപ്പിക്കുന്നു.
ഡിസ്റ്റിലറി ബിസിനസില്‍ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിനായി 500 കോടി രൂപ ചെലവായതായും കണ്ടെത്തി. എന്നാല്‍ വാങ്ങിയതിന്റെ ബില്ലുകള്‍ കണ്ടെത്താനോ ചിലവ് കണക്കില്‍പ്പെടുത്താനോ സ്ഥാപനത്തിന് കഴിഞ്ഞില്ല. കൂടാതെ നിലവിലില്ലാത്ത വിവിധ സ്ഥാപനങ്ങള്‍ക്ക് ചെക്കുകള്‍ നല്‍കുകയും, സ്ഥാപനങ്ങളില്‍ നിന്ന് കണക്കില്‍പ്പെടാത്ത നിക്ഷേപങ്ങള്‍ നടത്തുന്നതിന് പണം വാങ്ങുകയും ചെയ്തു.
ട്രസ്റ്റുകളില്‍ നിന്ന് 300 കോടിയിലധികം രൂപ ട്രസ്റ്റികളുടെ വ്യക്തിഗത ചെലവുകള്‍ക്കും വിവിധ ബിസിനസ് ആവശ്യത്തിനും വകമാറ്റിയെന്നും പിടിച്ചെടുത്ത രേഖകള്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ഒരു വ്യാവസായിക സ്ഥാപനം ഏറ്റെടുക്കുന്നതിന് നടത്തിയ പണമിടപാടുകളും ഇതില്‍ ഉള്‍പ്പെടുന്നു.