'ഇന്ത്യ'യുടെ ആദ്യ പൊതുയോഗം ഭോപ്പാലില്‍; സീറ്റ് വിഭജനത്തിന് തുടക്കം

വരാനിരിക്കുന്ന 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം ഉള്‍പ്പെടെ വിവിധ വിഷയങ്ങളും ഏകോപന സമിതി ചര്‍ച്ച ചെയ്തു.

author-image
shafeek cm
New Update
india bhopal

 പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ആദ്യ പൊതുയോഗം മധ്യപ്രദേശിലെ ഭോപ്പാലില്‍ നടക്കും. ഒക്ടോബര്‍ ആദ്യവാരമാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. 'ഇന്ത്യ'യുടെ ഏകോപന സമിതി ബുധനാഴ്ച ചേര്‍ന്ന ആദ്യ യോഗത്തിലാണ് തീരുമാനം. വിലക്കയറ്റം, തൊഴിലില്ലായ്മ, ബി.ജെ.പി സര്‍ക്കാരിന്റെ അഴിമതി തുടങ്ങിയ വിഷയങ്ങളാകും പൊതുയോഗം ചര്‍ച്ച ചെയ്യുകയെന്ന് പ്രതിപക്ഷ സഖ്യം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ ഡല്‍ഹിയിലെ വസതിയിലാണ് 14 അംഗ പാനല്‍ യോഗം ചേര്‍ന്നത്. 

Advertisment

വരാനിരിക്കുന്ന 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം ഉള്‍പ്പെടെ വിവിധ വിഷയങ്ങളും ഏകോപന സമിതി ചര്‍ച്ച ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ പാര്‍ട്ടികളുടെ പ്രകടനവും ഓരോ സംസ്ഥാനത്തെയും ഏറ്റവും വലിയ പാര്‍ട്ടിയുടെ ശക്തിയും അടിസ്ഥാനമാക്കി സീറ്റ് പങ്കിടല്‍ ഫോര്‍മുല നിര്‍ണ്ണയിക്കാന്‍ പാര്‍ട്ടികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു.

ലോക്സഭാ സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയാണ് പ്രധാന ലക്ഷ്യം. കൂടാതെ, ബിഹാറിലെ ജാതി സെന്‍സസ് പ്രശ്‌നം പരിഹരിക്കാനും പാര്‍ട്ടികള്‍ സമ്മതിച്ചതായി സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ ഒറ്റക്കെട്ടായി വെല്ലുവിളിക്കാനാണ് രണ്ട് ഡസനിലധികം വരുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച 'ഇന്ത്യ' ലക്ഷ്യമിടുന്നത്. ഈ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാന തീരുമാനമെടുക്കുന്ന ബോഡി കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ്.

bhopal news india
Advertisment