'ഇന്ത്യ മുന്നണി യോഗം ചായയും സമൂസയ്ക്കുമായി': പരിഹസിച്ച് ജെഡിയു എംപി

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചും ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം ഉയര്‍ത്തിയും വിവാദത്തിലായ നേതാവാണ് സുനില്‍ കുമാര്‍.

New Update
jdu india.jpg

 ഇന്ത്യ മുന്നണി സഖ്യത്തെപരിഹസിച്ച് ജനതാദള്‍ (യുണൈറ്റഡ്) എംപി സുനില്‍ കുമാര്‍ പിന്റു. സീറ്റ് വിഭജനം നടക്കുന്നത് വരെ ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് ചായയും-സമൂസയും കഴിക്കുന്നതിന് മാത്രമായി പരിമിതപ്പെടുത്തിയിരുന്നുവെന്നാണ് പ്രസ്താവന. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ബിജെപി മികച്ച വിജയം നേടിയതിന്റെ പശ്ചാത്തലത്തിലാണ് എംപിയുടെ പരിഹാസം. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചും ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം ഉയര്‍ത്തിയും വിവാദത്തിലായ നേതാവാണ് സുനില്‍ കുമാര്‍. മോദിയുണ്ടെങ്കില്‍ അത് നടപ്പാക്കുമെന്ന മുദ്രാവാക്യമാണ് എംപി മുഴക്കിയത്. പ്രതിപക്ഷസഖ്യത്തിനൊപ്പമുള്ള ജെഡിയുവിന്റെ എംപി തന്നെ മോദിയെ പ്രശംസിച്ചത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 

Advertisment

ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിലെ ജനങ്ങളാണ് മോദിയില്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം വസ്തുതകള്‍ മാത്രമാണ് പറയുന്നതെന്നും പിന്റു പറഞ്ഞു. പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചതിനെ ന്യായീകരിക്കുകയായിരുന്നു അദ്ദേഹം.  ''നമ്മള്‍ ജനങ്ങളുടെ തിരഞ്ഞെടുപ്പുകള്‍ മനസിലാക്കുകയും പരിഗണിക്കുകയും വേണം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്കായുള്ള നമ്മളുടെ തന്ത്രങ്ങളില്‍ പ്രവര്‍ത്തിക്കുകയും വേണം,'' അദ്ദേഹം പറഞ്ഞു. താന്‍ ബിജെപിക്കൊപ്പമായിരുന്നുവെന്നും ഹൃദയത്തില്‍ എന്നും ബിജെപിക്കാരനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബിജെപിയാണ് തന്നെ ജെഡിയുവിലേക്ക് അയച്ചതെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നോട് ആവശ്യപ്പെട്ടാല്‍ രാജിവെക്കാന്‍ തയ്യാറാണെന്നും സുനില്‍ കുമാര്‍ പറഞ്ഞു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാദളുമായി (ആര്‍ജെഡി) ചേര്‍ന്ന് മത്സരിക്കുന്നത് തനിക്ക് താല്‍പര്യമുള്ള കാര്യമല്ലെന്നും അദ്ദേഹം വ്യ്ക്തമാക്കി.  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയും ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം ഉയര്‍ത്തിയും പിന്റു രംഗത്തെത്തിയതിന് പിന്നാലെ ബിഹാറില്‍ ഇതേചൊല്ലി ബഹളമുണ്ടായിരുന്നു. സിതാമര്‍ഹി പാര്‍ലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പിന്റുവിനെതിരെ പാര്‍ട്ടി വക്താവ് നീരജ് കുമാര്‍ തന്നെ രംഗത്തെത്തി. മോദി സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ പിന്റു ലോക്സഭാ എംപി സ്ഥാനം രാജിവെക്കണമെന്ന് നീരജ് കുമാര്‍ ആവശ്യപ്പെട്ടു.

അതേസമയം ഡല്‍ഹിയില്‍ നടക്കാനിരുന്ന ഇന്ത്യ മുന്നണി യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തി. റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും അസംബന്ധമാണ്. തനിക്ക് പനിയായതിനാലാണ് യോഗത്തിലെത്താന്‍ കഴിയില്ലെന്ന് അറിയിച്ചതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതിനിടെ ഇന്ത്യ മുന്നണിയുടെ യോഗം ഡിസംബര്‍ 17ന് നടക്കുമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു യാദവ് അറിയിച്ചു. ബുധനാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ ന്യൂഡല്‍ഹിയിലെ വസതിയില്‍ യോഗം ചേരാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് പ്രധാന നേതാക്കള്‍ അസൗകര്യം അറിയിച്ചതോടെ യോഗം മാറ്റിവെക്കുകയായിരുന്നു. 

'ഇന്ത്യ ബ്ലോക്ക് മീറ്റിംഗില്‍ ഞാന്‍ പങ്കെടുക്കില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് അസംബന്ധമാണ്. എനിക്ക് അന്ന് പനിയുണ്ടായിരുന്നു. അടുത്ത യോഗം എപ്പോള്‍ നടന്നാലും ഞാന്‍ തീര്‍ച്ചയായും പോകും,' നിതീഷ് കുമാര്‍ പറഞ്ഞു. നിതീഷ് കുമാറിന് പകരം മുതിര്‍ന്ന നേതാക്കളായ ജെഡിയു മേധാവി ലാലന്‍ സിങ്ങും ജലവിഭവ മന്ത്രി സഞ്ജയ് കുമാര്‍ ഝായും യോഗത്തില്‍ പങ്കെടുക്കുന്നാണ് അറിയിച്ചിരുന്നത്. ഇതിനിടെ ഡിസംബര്‍ ആറിന് നിശ്ചയിച്ചിരുന്ന യോഗത്തില്‍ പങ്കെടുക്കാമെന്ന് അറിയിച്ചിരുന്ന ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) തലവന്‍ ഉദ്ധവ് താക്കറെ പിന്നീട് വിമാന ടിക്കറ്റുകള്‍ റദ്ദാക്കി. അതേസമയം, ആം ആദ്മി പാര്‍ട്ടി യോഗം സംബന്ധിച്ച് സ്ഥിരീകരണമൊന്നും അറിയിച്ചിരുന്നില്ല. 

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രം രൂപീകരിക്കാനാണ് പ്രതിപക്ഷ ഇന്ത്യാ മുന്നണി നേതാക്കളുടെ യോഗത്തിന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആഹ്വാനം ചെയ്തത്. എന്നാല്‍ വ്യക്തിപരവും ഔദ്യോഗികവുമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തിനെത്താന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരും യോഗത്തിനെത്താന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചതും സംസ്ഥാനത്തെ നിലവിലെ സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് സ്റ്റാലിന്‍ യാത്ര ചെയ്യാനാകില്ലെന്ന് അറിയിച്ചത്. അതേസമയം മറ്റ് പ്രതിബദ്ധതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മമത ബാനര്‍ജിയും അഖിലേഷ് യാദവും പിന്മാറിയതെന്നും കോണ്‍ഗ്രസ് വൃത്തങ്ങളും വ്യക്തമാക്കി.

നിലവില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ബിജെപി വന്‍ വിജയം നേടിയ സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യ മുന്നണി യോഗം വിളിച്ചിരിക്കുന്നത്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണകക്ഷിയായ കോണ്‍ഗ്രസിനെ ബിജെപി പുറത്താക്കി. എന്നാല്‍ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആശ്വാസജയം ലഭിച്ചു. കെസിആറിന്റെ ബിആര്‍എസിനെയാണ് കോണ്‍ഗ്രസ് തോല്‍പ്പിച്ചത്. 

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തെ (എന്‍ഡിഎ) നേരിടാനായി രൂപീകരിച്ച കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള വന്‍കിട രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയാണ് ഇന്ത്യ. ജൂലൈയില്‍ ബെംഗളൂരുവില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടി യോഗത്തിലായിരുന്നു സഖ്യം രൂപീകരണം. കഴിഞ്ഞ പ്രതിപക്ഷ യോഗത്തില്‍ ശിവസേന (യുബിടി) അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ആതിഥേയത്വം വഹിക്കുകയും സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്തു. കൂടാതെ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഏകോപന സമിതി രൂപീകരിക്കുകയും ചെയ്തു.

india jdu
Advertisment