ചെന്നൈ; സനാതന ധര്‍മ്മത്തെ ഉൻമൂലനം ചെയ്യണമെന്ന തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. ഉദയനിധിയുടേത് മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗമായിരുന്നെന്നും അദ്ദേഹം ബോധപൂര്‍വമാണ് പ്രസ്താവന നടത്തിയതെന്നും അണ്ണാമലൈ ആരോപിച്ചു.
"കോളറ, ഡെങ്കി, കൊതുക് അടക്കമുള്ളവയെ എങ്ങനെ നിര്‍മാര്‍ജ്ജനം ചെയ്യാം അതുപോലെ സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ ആളുകള്‍ സനാതനത്തെ എതിര്‍ക്കാനുള്ള കോണ്‍ഫറന്‍സ് നടത്തി. ഇത്തവണ ഒരു പടി കൂടി കടന്ന് ഉന്മൂലനം ചെയ്യണമെന്ന നിലയിലെത്തി. ഒരു ആശയത്തെ എതിർക്കുന്നതിൽ തെറ്റില്ല. പക്ഷെ അത് ഉന്മൂലനം ചെയ്യണമെന്ന് പ്രഖ്യാപിക്കുന്നതിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങൾ ഉണ്ട്."- അണ്ണാമലൈ പറഞ്ഞു.
അതേസമയം താൻ പറഞ്ഞതിനെ ബിജെപി വളച്ചൊടിക്കുകയാണെന്ന ഉദയനിധി സ്റ്റാലിന്റെ വാദത്തെ അണ്ണാമലൈ പൂർണമായി തള്ളി. എഴുതിവെച്ച് വായിച്ച പ്രസംഗത്തെ വളച്ചൊടിക്കുകയാണെന്ന് വാദിക്കാൻ സാധിക്കില്ലെന്നും ഉദയനിധിയുടെ മുത്തച്ഛനായ കരുണാനിധിയും അച്ഛൻ സ്റ്റാലിനും പോലും ഈ ഭാഷയില്‍ സംസാരിച്ചിട്ടില്ലെന്നും അണ്ണാമലൈ ആരോപിച്ചു. രാഹുല്‍ ഗാന്ധിയും ആദ്യം ഇത് തന്നെയാണ് ചെയ്തത്. ഇപ്പോഴും സുപ്രീംകോടതി രാഹുല്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഞാന്‍ ഉദയനിധിയെ വെല്ലുവിളിക്കുന്നു. അദ്ദേഹം തന്റെ അമ്മയെ ക്ഷേത്രത്തില്‍ പോകുന്നതില്‍ നിന്ന് വിലക്കണം. അദ്ദേഹത്തിന് ഭഗവത് ഗീത സമ്മാനമായി നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് ഉദയനിധി വ്യക്തമായി വായിക്കണമെന്ന് മാത്രമാണ് എന്റെ ആഗ്രഹം."- അണ്ണാമലൈ പറഞ്ഞു. എന്താണ് സനാതന ധര്‍മമെന്ന് ഉദയനിധി മനസിലാക്കണമെന്നും ക്രിസ്തുമതം രൂപപ്പെടും മുമ്പ് തന്നെ സനാതന ധര്‍മം നിലവിലുണ്ടായിരുന്നെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.