/sathyam/media/media_files/2yYvkoFdnH1hrQz9cv40.jpg)
തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിആര്‍എസ് എംപിക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതികരിച്ച് സംസ്ഥാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ഇത് തനിക്കെതിരായ ആക്രമണമാണെന്നാണ് ചന്ദ്രശേഖര്‍ റാവു പറഞ്ഞത്.
'ദുബ്ബാക്കിലെ സ്ഥാനാര്‍ത്ഥിക്ക് നേരെയുള്ള ആക്രമണം കെസിആറിന് നേരെയുള്ള ആക്രമണമാണെന്നാണ് ഞാന്‍ പറയുന്നത്' ബിആര്‍എസ് മേധാവി പറഞ്ഞു. തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇത്തരത്തിലുള്ള നടപടിയെ എല്ലാവരും അസന്നിഗ്ദ്ധമായി അപലപിക്കണമെന്നും ചന്ദ്രശേഖര്‍ റാവു കൂട്ടിച്ചേര്‍ത്തു.
തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഭരണകക്ഷിയായ ബിആര്‍എസ് എംപി കോത പ്രഭാകര്‍ റെഡ്ഡിക്ക് കുത്തേറ്റത്. ദുബ്ബാക്ക് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് കോത പ്രഭാകര്‍. നിലവില്‍ മേദക് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്.
വയറ്റില്‍ പരിക്കേറ്റ കോത പ്രഭാകറിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇയാളുടെ നില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു. നവംബര്‍ 30ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രഭാകര്‍ റെഡ്ഡി പ്രചാരണത്തിനെത്തിയപ്പോഴാണ് സംഭവം. ദൗല്‍താബാദ് മണ്ഡലിത്തില്‍ വച്ചാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
അക്രമിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ഇയാളുടെ വിശദാംശങ്ങള്‍ പരിശോധിച്ച് വരികയാണെന്നും സിദ്ദിപേട്ട് പോലീസ് കമ്മീഷണര്‍ എന്‍ ശ്വേത പിടിഐയോട് പറഞ്ഞു. എംപിയെ കുത്തിയെന്നാരോപിച്ച് നാട്ടുകാരില്‍ ചിലര്‍ പ്രതിയെ മര്‍ദ്ദിച്ചതായും പൊലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us