കോഴിക്കോട്: മുൻ എംപിയും നടനുമായ സുരേഷ് ഗോപിക്കെതിരെ എടുത്ത കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപിയെ രാഷ്ട്രീയമായി വേട്ടയാടാനുള്ള നീക്കമാണ് നടക്കുന്നത്. കേരളത്തിലെ ഏറ്റവും മനുഷ്യസ്നേഹിയായിട്ടുള്ള ഒരു പൊതുപ്രവർത്തകനാണ്. അദ്ദേഹം അനീതിക്കും അഴിമതിക്കുമെതിരെ ശബ്ദിക്കാൻ തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ ഏതു നിലയ്ക്കും വേട്ടയാടുക എന്ന സമീപനം പിണറായി വിജയൻ സർക്കാർ സ്വീകരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സഹകരണ കൊള്ളയ്ക്കെതിരായി അദ്ദേഹം ഒരു പദയാത്രയുമായി രംഗത്തിറങ്ങിയപ്പോഴാണ് ഇത്രയും ക്രൂരമായ വേട്ടയാടൽ അദ്ദേഹത്തിനെതിരായി സർക്കാർ നടത്തുന്നത്. അത് കേരളസമൂഹം അനുവദിക്കില്ല.സുരേഷ് ഗോപി പുഷ്പം പോലെ ജനങ്ങൾക്കിടയിലൂടെ ഇറങ്ങി നടക്കും. കേരളത്തിലെ ഏറ്റവും മനുഷ്യസ്നേഹമുള്ള രാഷ്ട്രീയപ്രവർത്തകനാണ് സുരേഷ് ഗോപിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അനാവശ്യമായ ചോദ്യം ചോദിച്ച് സുരേഷ് ഗോപിയെ ബുദ്ധിമുട്ടിക്കാനാണ് നീക്കം. പോലീസ് സർക്കാരിന്റെ ചട്ടുകമായി മാറി. ക്ലിഫ് ഹൗസിൽ നിന്നും എകെജി സെന്ററിൽ നിന്നുമുള്ള നിർദേശ പ്രകാരമാണ് നിലവിലെ ചോദ്യം ചെയ്യൽ എന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
സർക്കാരിനെതിരെ പ്രതികരിക്കുമ്പോൾ അവർക്ക് പൊള്ളുന്നത് കൊണ്ടാണ് സുരേഷ് ഗോപിയെ വേട്ടയാടുന്നത്. അത് അനുവദിക്കില്ല. അദ്ദേഹത്തിന്റെ വായടപ്പിക്കാനുള്ള ശ്രമമാണിത്. സുരേഷ് ഗോപിയുടെ ഒരു രോമത്തിൽ സ്പർശിക്കാൻ പോലും പിണറായി വിജയൻ സർക്കാർ ആയിരം ജന്മമെടുത്താലും സാധിക്കില്ല. കേരളത്തിലെ സാധാരണ ജനങ്ങളെ അണിനിരത്തി രാഷ്ട്രീയ വേട്ടയെ നേരിടാനാണ് തീരുമാനമെന്നും ബിജെപി അദ്ധ്യക്ഷൻ വ്യക്തമാക്കി.
സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖർ, അനിൽ ആന്റണി ഉൾപ്പടെ നിരവധി ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു. അതൊന്നും വിലവെക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.