Advertisment

പാർട്ടിയിലും ജീവിതത്തിലും തളരാത്ത പോരാളി. കാൽപ്പാദം മുറിച്ചിട്ടും തളരില്ല, തിരിച്ചുവരുമെന്ന് ഉറക്കെപ്പറഞ്ഞ നേതാവ്. സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താനുള്ള ശ്രമത്തിനിടെ മരണം. വിടവാങ്ങിയത് എൽ.ഡി.എഫ് സർക്കാരിലെ തിരുത്തൽ ശക്തിയായ കരുത്തുറ്റ നേതാവ്. കാനം വിടപറയുമ്പോൾ നഷ്ടം കേരള രാഷ്ട്രീയത്തിന്

കടുത്ത പ്രമേഹത്തെ തുടർന്ന് കാൽപാദം മുറിച്ചു മാറ്റിയെങ്കിലും തളരില്ല, തിരിച്ചുവരുമെന്നായിരുന്നു അവസാന അഭിമുഖത്തിലും കാനം രാജേന്ദ്രൻ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചത്.

New Update
kanam rajendran two

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ യഥാ‌ർത്ഥ പ്രതിപക്ഷമായിരുന്നു സി.പി.ഐയും അതിനെ സംസ്ഥാനത്ത് നയിച്ച കാനം രാജേന്ദ്രനും. അദ്ദേഹത്തിന്റെ അതിശക്തമായ നിലപാടുകൾ കാരണം ആ സർക്കാരിന്റെ പല തീരുമാനങ്ങളും മാറ്റേണ്ടിവന്നു. പോലീസ് ഭേദഗതി, യു.എ.പി.എ ചുമത്തുന്നത്, ഗുണ്ടാനിയമം ചുമത്താനുള്ള അധികാരം പോലീസിന് നൽകുന്നത് അടക്കമുള്ള വിഷയങ്ങളിൽ മന്ത്രിസഭാ യോഗങ്ങളിൽ സി.പി.ഐ മന്ത്രിമാർ അതിശക്തമായ വിയോജിപ്പ് അറിയിച്ചിരുന്നത് കാനത്തിന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു.

Advertisment

കടുത്ത പ്രമേഹത്തെ തുടർന്ന് കാൽപാദം മുറിച്ചു മാറ്റിയെങ്കിലും തളരില്ല, തിരിച്ചുവരുമെന്നായിരുന്നു അവസാന അഭിമുഖത്തിലും കാനം രാജേന്ദ്രൻ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചത്. അസുഖം കാരണം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് മൂന്നുമാസത്തെ അവധി അപേക്ഷ നൽകിയിരുന്നു. രാഷ്ട്രീയത്തിനപ്പുറം വിപുലമായ വ്യക്തി ബന്ധങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. എല്ലാ വിഷയങ്ങളിലും സരസമായും കൃത്യമായും അഭിപ്രായം പറയാൻ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയുമായി എല്ലാ മാസവും കൂടിക്കാഴ്ച നടത്തുകയും ഭരണത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ അതിലൂടെ പരിഹരിക്കപ്പെടുകയും ചെയ്തിരുന്നു.

പ്രമേഹ രോഗവും അണുബാധയും മൂലം അദ്ദേഹത്തിന്റെ വലതു കാൽപാദം അടുത്തിടെ മുറിച്ചു മാറ്റേണ്ടിവന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന നേതാവ്, പക്ഷേ തളർന്നില്ല. ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം വീണ്ടും സജീവമാകാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലായിരുന്നു കാനം.  ഇടതു കാലിന് നേരത്തെ ഒരു അപകടം ഉണ്ടാക്കിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പ്രമേഹം അത് കൂടുതൽ മോശമാക്കി. കാര്യമായ പ്രശ്നം ഒന്നും ഇല്ലാത്ത വലതു കാലിന്റെ അടിഭാഗത്തു മുറിവുണ്ടായി. പ്രമേഹം മൂലം അതു കരിഞ്ഞുമില്ല.

രണ്ടു മാസമായിട്ടും കരിയാതെ തുടർന്നതോടെയാണ് ആശുപത്രിയിൽ എത്തിയത്. അപ്പോഴേക്കും പഴുപ്പു മുകളിലേക്കു കയറി. രണ്ടു വിരലുകൾ മുറിച്ചുകളയണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഓപ്പറേഷൻ സമയത്തു മൂന്നു വിരലുകൾ മുറിച്ചു. എന്നിട്ടും അണുബാധയ്ക്കു കുറവുണ്ടായില്ല. ഒടുവിൽ പാദം തന്നെ മുറിച്ചു മാറ്റേണ്ടി വന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു അഭിമുഖത്തിൽ കാനം പറഞ്ഞതിങ്ങനെ- വേദന ഉണ്ട്, പക്ഷേ കുറയുന്നുണ്ട്. അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. കൃത്രിമ പാദം വയ്ക്കണം. അതുമായി പൊരുത്തപ്പെടണം. രണ്ടു മാസത്തിനുള്ളിൽ അതു ചെയ്യാൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

സി.പി.എമ്മിന്റെ പല നിലപാടുകളും അദ്ദേഹം തുറന്നെതിർത്തിട്ടുണ്ട്. സർക്കാരിന്റെ നയങ്ങളെയും വിമർശിച്ചു. ഇതിലെ അപകടം മണത്ത സി.പി.എം, രണ്ട് പാർട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാരുടെ കൂടിക്കാഴ്ച എല്ലാ മാസവും നടത്താൻ നിശ്ചയിച്ചു. ഇതോടെയാണ് സി.പി.ഐയുടെ മഞ്ഞുരുകിയത്. രണ്ടാം പിണറായി സർക്കാർ വന്നപ്പോഴേക്കും പിണറായിക്കു വേണ്ടിയാണ് കാനം സംസാരിക്കുന്നതെന്ന ആരോപണം പാർട്ടി സമ്മേളനങ്ങളിൽ ഉയർന്നു. പക്ഷേ പാർട്ടിയിൽ വൻ സ്വീകാര്യതയായിരുന്നു അദ്ദേഹത്തിന് 13 ജില്ലാ കമ്മിറ്റികളും കാനം സെക്രട്ടറിയായി തുടരണമെന്ന് ആവശ്യപ്പെട്ടത് ഇതിന്റെ തെളിവാണ്.

kanam rajendran
Advertisment