/sathyam/media/media_files/STPzVVN3lBANVVRrlPBb.jpg)
തിരുവനന്തപുരം; കെഎസ്ആർടിസിയിലെ വരവും ചിലവും സംബന്ധിച്ച് ആർക്കും കൃത്യമായ ധാരണയില്ലെന്ന് കെബി ഗണേഷ് കുമാർ. ഗതാഗത വകുപ്പിന്റെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ആയിരുന്നു കെബി ഗണേഷ് കുമാറിന്റെ പ്രതികരണം. ഇത്രയും വലിയ സ്ഥാപനമായിട്ടും അക്കൗണ്ടിംഗ് സംവിധാനമില്ല, എച്ച്ആർ സംവിധാനമില്ല അദ്ദേഹം പറഞ്ഞു.
വരവിനെക്കുറിച്ച് മാത്രമാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എവിടെയാണ് ഈ പൈസ എന്നതാണ് ചോദ്യം. ആ സംശയം മാദ്ധ്യമങ്ങൾക്കുമുണ്ട് കെഎസ്ആർടിസിയിലെ ജീവനക്കാർക്കുമുണ്ട്. സംഭവം ഞാൻ അന്വേഷിച്ചപ്പോൾ കണക്കില്ല. കണക്കുണ്ടാകുമ്പോൾ തന്നെ വലിയ മാറ്റമുണ്ടാകും. ജീവനക്കാർ അധ്വാനിച്ചു കൊണ്ടുവരുന്ന പണം ഒരു സ്ഥലത്തും ചോർന്നുപോകാൻ അനുവദിക്കില്ല. എല്ലാ ഓട്ടകളും അടയ്ക്കുമെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു.
ഓഫീസിലെ വൈദ്യുതി ചാർജ്ജ് വരെ കുറച്ച് ചിലവ് നിയന്ത്രിക്കും. വെറുതെ വണ്ടി ഓടിക്കില്ല. ഡീസലിന്റെ ഉപയോഗം കുറയ്ക്കും. ഇലക്ട്രിക് വെഹിക്കിളോ മൈലേജ് കൂടുതലുളള മറ്റ് മാർഗങ്ങളിലേക്കോ മാറും. മുഖ്യമന്ത്രിയുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
പെൻഷൻ തുക ഒരുപാട് കൊടുക്കാനുണ്ട്. അക്കൗണ്ടിംഗ് സംവിധാനമില്ലാത്തതിനാൽ കാൽക്കുലേറ്റ് ചെയ്യുന്ന പെൻഷൻ ശരിയാണോയെന്ന് എങ്ങനെ പറയാനാകും. അതെല്ലാം മനസിലാക്കേണ്ടിയിരിക്കുന്നു. ഒരാഴ്ച സമയം തന്നാൽ ഇതെല്ലാം മനസിലാക്കി നിങ്ങളോട് സംസാരിക്കാം. നല്ല പ്രൊപ്പോസൽ എന്റെ കൈയ്യിൽ ഉണ്ട്. മുഖ്യമന്ത്രി സമ്മതിച്ചു കഴിഞ്ഞാൽ അത് നടപ്പിലാക്കുമെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു.
സർക്കാരിന്റെ സഹായമില്ലാതെ കുറച്ചുനാൾ കൂടി നിൽക്കാനില്ല. ആരും സമരം ചെയ്യേണ്ട. ഒരു തൊഴിലാളി യൂണിയനും എതിരല്ല. ലാഭത്തിലാക്കാൻ കഴിഞ്ഞില്ലെങ്കിലും മെച്ചപ്പെട്ട സർവ്വീസായി ജീവനക്കാർക്ക് ശമ്പളം കൊടുക്കാനും മുൻപോട്ട് കൊണ്ടുപോകാനും കഴിയും. ഒരു മുറുക്കാൻ കടയിലെ എക്കണോമിക്്‌സ് ആണ് വേണ്ടത്. വരവ് കൂടുക ചിലവ് കുറയ്ക്കുക. ഗണേഷ് കുമാർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us