കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയെ തവനൂര്‍ ജയിലിലേക്ക് മാറ്റി. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്നാണ് തവനൂരിലേക്ക് മാറ്റിയത്. ജയിലില്‍ അടിയുണ്ടാക്കിയതിന്റെ പേരിലാണ് ജയില്‍മാറ്റം. ഇന്നു രാവിലെയാണ് മലപ്പുറത്തെ തവനൂര്‍ ജയിലിലേക്ക് സുനിയെ മാറ്റി പാര്‍പ്പിച്ചത്.
ഉത്തരമേഖല ജയില്‍ ഡിഐജിയുടെ കീഴിലാണ് തവനൂര്‍ ജയില്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനുള്ള നീക്കമെന്നാണ് ലഭിക്കുന്ന സൂചന. കൊടി സുനിയും സംഘവും ചേര്‍ന്ന് ജയില്‍ ഉദ്യോഗസ്ഥനായ അര്‍ജുനനെ ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയും തടയാന്‍ ചെന്ന ഉദ്യോഗസ്ഥരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്നായിരുന്നു കേസ്. നിരവധി ജയില്‍ ഉപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ 4 ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു.