/sathyam/media/media_files/BHLDV3oGcryIOwsYMcnT.jpg)
കോട്ടയം: ആരു ജയിക്കും ആരൊക്ക വീഴും, വിജയം കോട്ടയത്തെ സ്ഥാനാർഥികൾക്ക് അഭിമാന പ്രശ്നം. യു.ഡി.എഫിൽ നിന്ന് പുറത്താക്കപ്പെട്ട കേരളാ കോൺഗ്രസ് എമ്മിന് തങ്ങളുടെ കരുത്തു കാട്ടാനുള്ള അവസരമായിരുന്നു കോട്ടയത്തെ തോമസ് ചാഴികാടൻ്റെ സ്ഥാനാർഥിത്വം. എതിർ ഭാഗത്ത് മത്സരിക്കുന്നത് പി.ജെ. ജോസ്ഫ് നയിക്കുന്ന കേരളാ കോൺഗ്രസ് കൂടിയാകുമ്പോൾ വീറും വാശിയും കൂടും. അത്തരത്തിലുള്ള പോരാട്ടമാണ് പ്രചാരണത്തിലടക്കം കോട്ടയം ലോക്സഭാ മണ്ഡലത്തിൽ കണ്ടെത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് നാലു മാസം മുൻപ് തന്നെ തോമസ് ചാഴികാടനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് എൽ.ഡി.എഫ് പ്രചാരണം ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് ആദ്യമായൊരു സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുന്നത് കോട്ടയത്ത് ചാഴികാടൻ്റെതായിരുന്നു.
ഏറ്റവും കൂടുതൽ സമയം പ്രവർത്തിക്കാൻ അവസരം ലഭിച്ച ചാഴികാടൻ വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. നൂറു ശതമാനം വിജയം ഉറപ്പെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എൽ.ഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തി രണ്ടു മാസങ്ങൾക്കു ശേഷമാണ് യു.ഡി.എഫ് കേരളാ കോൺഗ്രസ് നേതാവ് ഫ്രാൻസീസ് ജോർജിനെ കോട്ടയത്ത് മത്സരിക്കാൻ നിയോഗിക്കുന്നത്. ഇതോടെ 44 വർഷങ്ങൾക്കു ശേഷം കേരളാ കോൺഗ്രസുകൾ നേർക്കുനേർ മത്സരിക്കുന്നു എന്ന പ്രത്യേകത കോട്ടയത്തെ പോര് സംസ്ഥാന തലത്തിൽ ശ്രദ്ധയാകർഷിച്ചു. തുടർന്ന് വാശിയേറിയ പ്രചാരണ പോരാട്ടമാണ് കോട്ടയത്ത് നടന്നത്.
കോട്ടയത്തു വിജയിക്കുന്ന കേരളാ കോണ്‍ഗ്രസുകള്‍ അതാതു മുന്നണിയിലെ പ്രബലരാകുമെന്ന് ഉറപ്പായി. കേരളാ കോണ്‍ഗ്രസുകള്‍ തമ്മിലുള്ള പോരാട്ടത്തിലും മേല്‍ക്കൈ നേടും. വരുന്ന തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്ന കേരളാ കോണ്‍ഗ്രസിന്റെ വിലപേശല്‍ ശക്തി വര്‍ധിക്കും. പരാജയപ്പെടുന്ന കേരളാ കോണ്‍ഗ്രസിനു മുന്നില്‍ വിലങ്ങുതടികള്‍ ഒട്ടേറെയുണ്ടാകും. എന്‍.ഡി.എ. മുന്നണിയ്ക്കു കോട്ടയത്ത് ലഭിക്കുന്ന ഓരോ വോട്ടും ബി.ഡി.ജെ.എസിന് അഭിമാനപ്രശ്‌നമാണ്.
2019ല്‍ പി.സി. തോമസ് നേടിയതിനേക്കാള്‍ അധികമായി വോട്ട് ലഭിച്ചാല്‍ ബി.ഡി.ജെ.എസിന്റെ ശക്തി മുന്നണിയില്‍ വര്‍ധിപ്പിക്കും. കുറഞ്ഞാല്‍, ബി.ജെ.പിയില്‍ പുനര്‍വിചിന്തനം ഉണ്ടാകും. കോട്ടയം, ഏറ്റുമാനൂര്‍, വൈക്കം നിയസഭാ മണ്ഡലങ്ങളില്‍ സാരമായ എന്‍.ഡി.എ. വോട്ട് വര്‍ധനയുണ്ടായാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബി.ഡി.ജെ.എസിനെ പ്രേരിപ്പിക്കും.