'ബംഗ്ലാവ് ഒഴിയാൻ മഹുവ മൊയ്ത്രയോട് ആവശ്യപ്പെടുക': ഭവന മന്ത്രാലയത്തിന് കത്തയച്ച് ലോക്‌സഭാ പാനൽ

ഹിരാനന്ദാനിയുടെ നിര്‍ദേശപ്രകാരം അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ടാണ് മൊയ്ത്ര ലോക്സഭയില്‍ ചോദ്യങ്ങള്‍ ചോദിച്ചതെന്നാണ് ദുബെ ആരോപിച്ചത്. ഒരു

New Update
mahua moitra fail.jpg

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയോട് താമസിക്കുന്ന ബംഗ്ലാവ് ഒഴിയാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ പാനല്‍ ഭവന മന്ത്രാലയത്തിന് കത്തയച്ചു. കൈക്കൂലി ആരോപണക്കേസില്‍ മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ഈ കത്ത്. ടിഎംസി നേതാവ് താമസിക്കുന്ന ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പാര്‍ലമെന്റിന്റെ ഹൗസിംഗ് കമ്മിറ്റി ഭവന, നഗരകാര്യ മന്ത്രാലയത്തിന് കത്തയച്ചിരിക്കുന്നത്. കൈക്കൂലി ആരോപണക്കേസില്‍ എത്തിക്സ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ലോകസഭ അംഗീകരിച്ചതിനെത്തുടര്‍ന്ന് ഡിസംബര്‍ എട്ടിനാണ് മഹുവയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് മഹുവ സമ്മാനങ്ങള്‍ സ്വീകരിച്ചെന്നും, ലോകസഭയുടെ ലോഗിന്‍ ഐഡി നിയമവിരുദ്ധമായി പങ്കുവച്ചുവെന്നുമാണ് കുറ്റം.

Advertisment

ബി.ജെ.പി എം.പി നിഷികാന്ത് ദുബെ നല്‍കിയ പരാതിയോടെയാണ് ഈ കേസ് ആരംഭിക്കുന്നത്. തുടര്‍ന്ന്  എത്തിക്സ് കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ മൊയ്ത്ര തന്റെ ലോക്സഭാ വെബ്സൈറ്റ് ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ അനധികൃത വ്യക്തികളുമായി പങ്കുവെച്ച് അധാര്‍മ്മിക പെരുമാറ്റത്തിനും സഭയെ അവഹേളിച്ചതിനും കുറ്റക്കാരിയാണെന്ന് കണ്ടെത്തി. ഇത്തരം പ്രവൃത്തികള്‍ രാജ്യസുരക്ഷയില്‍ അദമ്യമായ സ്വാധീനം ചെലുത്തുന്നതായി സമിതി ചൂണ്ടിക്കാട്ടി.

ഹിരാനന്ദാനിയുടെ നിര്‍ദേശപ്രകാരം അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ടാണ് മൊയ്ത്ര ലോക്സഭയില്‍ ചോദ്യങ്ങള്‍ ചോദിച്ചതെന്നാണ് ദുബെ ആരോപിച്ചത്. ഒരു ബിസിനസുകാരനില്‍ നിന്ന് ഉപഹാരങ്ങള്‍ സ്വീകരിച്ച് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്ത തൃണമൂല്‍ എംപിയുടെ പെരുമാറ്റം പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ അനുയോജ്യമല്ലെന്ന് പ്രമേയത്തില്‍ പറയുന്നു.

അതേസമയം, തന്നെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മഹുവ മൊയ്ത്ര തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിച്ചു. 49 കാരിയായ നേതാവ് ഈ നടപടിയെ 'കംഗാരു കോടതിയുടെ വിധിയെന്നും, പ്രതിപക്ഷത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ഒരു പാര്‍ലമെന്ററി പാനല്‍ ആയുധമാക്കുകയാണെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മഹുവ പറഞ്ഞു. കൂടാതെ എത്തിക്സ് കമ്മിറ്റിയും അതിന്റെ റിപ്പോര്‍ട്ടും എല്ലാ നിയമങ്ങളും ലംഘിച്ചുവെന്നും പാനല്‍ റിപ്പോര്‍ട്ട് രണ്ട് സ്വകാര്യ വ്യക്തികളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും അവരുടെ ആരോപണങ്ങള്‍ പരസ്പര വിരുദ്ധമാണെന്നും മഹുവ ആരോപിച്ചു. 

അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുടെ നിര്‍ദ്ദേശപ്രകാരം ലോക്‌സഭയില്‍ മഹുവ ചോദ്യങ്ങള്‍ ചോദിച്ചെന്നും ഇതിന് പകരമായി സമ്മാനങ്ങള്‍ കൈപ്പറ്റിയെന്നുമായിരുന്നു ദുബെയുടെ ആരോപണം. മൊയ്ത്രയും ഹിരാനന്ദനിയും തമ്മില്‍ കൈമാറിയ സമ്മാനങ്ങളുടെ തെളിവുകള്‍ സുപ്രീം കോടതി അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായിയുടെ കത്തിലുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും കാണിച്ചാണ് ദുബെ പരാതി നല്‍കിയത്. ഇതുകൂടാതെ മഹുവ തന്റെ ഔദ്യോഗിക പാര്‍ലമെന്റ് ലോഗിന്‍ ഐഡി ഹിരാനന്ദാനിയുമായി പങ്കുവെച്ചതായും ആരോപണമുണ്ട്. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ദുബായ്, ന്യൂജേഴ്‌സി, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് മഹുവയുടെ ഐഡി ആക്‌സസ് ചെയ്തതായി എത്തിക്‌സ് കമ്മിറ്റി കണ്ടെത്തിയിരുന്നു.

mahua moitra
Advertisment