എന്റെ സമൂഹത്തെ സേവിക്കാൻ എനിക്ക് മന്ത്രിസ്ഥാനത്തിന്റെ ആവശ്യമില്ല. മധ്യപ്രദേശിൽ ബിജെപിക്ക് പ്രതിസന്ധി; രാജിഭീഷണിയുമായി മന്ത്രി

രത്‌ലമിലെ എസ്.ടി സീറ്റിൽ മുതിർന്ന കോൺഗ്രസ് നേതാവ് കാന്തിലാൽ ഭൂരിയയെ 2.07 ലക്ഷം വോട്ടിന് തോൽപിച്ചാണു ഭാര്യ അനിത ഇത്തവണ പാർലമെന്റിലെത്തിയത്

author-image
shafeek cm
New Update
madhya mini

ഭോപ്പാൽ: മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നു ഭീഷണിയുമായി ആദിവാസി നേതാവ് കൂടിയായ നഗർസിങ് ചൗഹാൻ രംഗത്ത്. ഭാര്യ അനിതാ നഗർസിങ് ചൗഹാൻ പാർലമെന്റ് അംഗത്വം രാജിവയ്ക്കുമെന്നും ഭീഷണിയുണ്ട്. കേന്ദ്ര കാർഷിക മന്ത്രിയും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാന്റെ വിശ്വസ്തനാണ് നഗർസിങ് ചൗഹാൻ. 2003 മുതൽ നാലു തവണ അലിരാജ്പൂരിൽനിന്നുള്ള എം.എൽ.എയാണ് അദ്ദേഹം. ഇതാദ്യമായാണ് മന്ത്രിസഭയിൽ ഇടംലഭിക്കുന്നത്.

Advertisment

രത്‌ലമിലെ എസ്.ടി സീറ്റിൽ മുതിർന്ന കോൺഗ്രസ് നേതാവ് കാന്തിലാൽ ഭൂരിയയെ 2.07 ലക്ഷം വോട്ടിന് തോൽപിച്ചാണു ഭാര്യ അനിത ഇത്തവണ പാർലമെന്റിലെത്തിയത്. ഞായറാഴ്ച നടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ സുപ്രധാനമായ രണ്ടു വകുപ്പുകൾ നഗർസിങ് ചൗഹാനിൽനിന്നു തിരിച്ചെടുത്തിരുന്നു. വനം, പരിസ്ഥിതി വകുപ്പുകളുടെ ചുമതലയിൽനിന്നാണു നീക്കിയത്. ആറു തവണ കോൺഗ്രസ് എം.എൽ.എയായിരുന്ന രാംനിവാസ് റാവത്തിനായിരുന്നു ഈ വകുപ്പുകൾ നൽകിയത്. നിലവിൽ പട്ടികജാതി ക്ഷേമ വകുപ്പ് മാത്രമാണ് അദ്ദേഹത്തിനുള്ളത്.

വകുപ്പുകൾ തിരിച്ചെടുത്തതിനു പിന്നാലെ പ്രതിഷേധം പരസ്യമാക്കി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. ആദിവാസി മുഖം നിലയ്ക്കാണ് വനം, പരിസ്ഥിതി, എസ്.സി വകുപ്പുകൾ നൽകി എന്നെ മന്ത്രിസഭയിലെടുത്തതെന്ന് നഗർസിങ് പറഞ്ഞു. വനം, പരിസ്ഥിതി വകുപ്പുകളിൽ ആദിവാസികൾക്കായി കൂടുതൽ സേവനങ്ങൾ ചെയ്യാൻ എനിക്കാകുമായിരുന്നു. എന്നാൽ, പെട്ടെന്നൊരു നാൾ കോൺഗ്രസിൽനിന്നു വന്ന ഒരാൾക്ക് എന്റെ വകുപ്പുകൾ എടുത്തുകൊടുത്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അലിരാജ്പൂരിൽ ബി.ജെ.പി കൊടി പിടിക്കാൻ ആളില്ലാത്ത കാലം തൊട്ട് താൻ പാർട്ടിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും നഗർസിങ് ചൗഹാൻ മാധ്യമങ്ങളോട് പറഞ്ഞു. 25 വർഷമായി ബി.ജെ.പിയിൽ പ്രവർത്തിക്കുന്നുണ്ട്. പുതിയ നീക്കത്തിൽ നിരാശയുണ്ട്. അടിത്തട്ടിൽനിന്നു പ്രവർത്തിച്ചു വന്ന ഒരു ബി.ജെ.പി പ്രവർത്തകന്റെ വകുപ്പ് കോൺഗ്രസ് നേതാവിനു നൽകിയിരിക്കുകയാണ്. എന്റെ സമൂഹത്തെ സേവിക്കാൻ എനിക്ക് മന്ത്രിസ്ഥാനത്തിന്റെ ആവശ്യമില്ല. വെറും എം.എൽ.എയായും എനിക്ക് അവർക്കു സേവനം ചെയ്യാനാകുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.

Advertisment