മുഴുവന്‍ സെഷനിലും താന്‍ സഭയ്ക്കുള്ളില്‍ അഭ്യര്‍ത്ഥിക്കുകയും ചര്‍ച്ച നടത്താന്‍ ക്ഷണിക്കുകയും ചെയ്ത് കത്ത് എഴുതുകയായിരുന്നു. എന്നാല്‍ നിങ്ങളുമായി ആശയവിനിമയം നടത്താന്‍ ഞാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്നും ഉപരാഷ്ട്രപതി; എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ തനിക്ക് സങ്കടവും വിഷമവും നിരാശയുമുണ്ടെന്ന് വ്യക്തമാക്കി ഖാര്‍ഗെ; ധന്‍ഖറിന് മറുപടിയുമായി ഖാർഗെയുടെ കത്ത്

അതേസമയം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിനെ തൃണമൂല്‍ എംപി അനുകരിച്ചതിനെ ചൊല്ലി രാഷ്ട്രീയ തര്‍ക്കം തുടരുകയാണ്

New Update
dhankar kharghe.jpg

ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍ഖറിന്റെ കത്തിന് മറുപടിയുമായി രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സ്പീക്കര്‍ സഭയുടെ കാവല്‍ക്കാരനാണ്. സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനും പാര്‍ലമെന്ററി പദവികള്‍ സംരക്ഷിക്കുന്നതിനുമൊപ്പം പാര്‍ലമെന്റില്‍ സംവാദത്തിലൂടെയും ചര്‍ച്ചകളിലൂടെയും സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കണം. താന്‍ ഇപ്പോള്‍ ഡല്‍ഹിക്ക് പുറത്താണെന്നും അതിനാല്‍ അദ്ദേഹത്തെ കാണാന്‍ കഴിയില്ലെന്നും ഖാര്‍ഗെ കത്തില്‍ അറിയിച്ചു. പാര്‍ലമെന്റിന്റെ(Parliament) പ്രക്ഷുബ്ധമായ ശീതകാല സമ്മേളനത്തില്‍ ഇരുസഭകളിലെയും 146 പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

Advertisment

അതേസമയം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിനെ തൃണമൂല്‍ എംപി അനുകരിച്ചതിനെ ചൊല്ലി രാഷ്ട്രീയ തര്‍ക്കം തുടരുകയാണ്. കല്യാണ്‍ ബാനര്‍ജിയാണ് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തിനിടെ രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ധന്‍കറിനെ അനുകരിച്ചത്. ഇതിനിടെയാണ് സ്പീക്കര്‍ ഖാര്‍ഗെയ്ക്ക് കത്തയച്ചത്. ചര്‍ച്ച കൂടാതെ ബില്ലുകള്‍ പാസാക്കിയതിനും സര്‍ക്കാരില്‍ നിന്ന് ഉത്തരവാദിത്തം ആവശ്യപ്പെടാത്തതിനും ചരിത്രം പ്രിസൈഡിംഗ് ഓഫീസര്‍മാരെ കഠിനമായി വിധിക്കുമ്പോള്‍ അത് സങ്കടകരമാണെന്ന് ഖാര്‍ഗെ കത്തില്‍ പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇത് സംബന്ധിച്ച് രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖറിന് കത്തെഴുതി അതൃപ്തി അറിയിച്ചിരുന്നു. എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ തനിക്ക് സങ്കടവും വിഷമവും നിരാശയുമുണ്ടെന്ന് വ്യക്തമാക്കിയാണ് ഖാര്‍ഗെ കത്ത് അയച്ചത്. ഇതിന് മറുപടിയായി ധനഖര്‍ കത്തെഴുതുകയും ഖാര്‍ഗെയെ തന്റെ വസതിയില്‍ വന്ന് കാണാന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. മുഴുവന്‍ സെഷനിലും താന്‍ സഭയ്ക്കുള്ളില്‍ അഭ്യര്‍ത്ഥിക്കുകയും ചര്‍ച്ച നടത്താന്‍ ക്ഷണിക്കുകയും ചെയ്ത് കത്ത് എഴുതുകയായിരുന്നു. എന്നാല്‍ നിങ്ങളുമായി ആശയവിനിമയം നടത്താന്‍ ഞാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്നും ഉപരാഷ്ട്രപതി തന്റെ മറുപടി കത്തില്‍ പറഞ്ഞിരുന്നു.

ഡിസംബര്‍ 13ലെ പാര്‍ലമെന്റ് സുരക്ഷാവീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഔദ്യോഗിക പ്രസ്താവന നടത്തണമെന്ന ആവശ്യമുന്നയിച്ചാണ് പ്രതിപക്ഷം ഇരുസഭകളിലും പ്രതിഷേധമുയര്‍ത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ഇതുവരെ 146 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവരില്‍ ഭൂരിപക്ഷം പേര്‍ക്ക് ശീതകാല സമ്മേളനത്തിന്റെ ബാക്കിയുള്ള ദിനങ്ങളില്‍ സഭയിലെത്താന്‍ കഴിയില്ലെന്ന നിര്‍ദ്ദേശവും ലഭിച്ചു. ഇതിന് പിന്നാലെയാണ് മിമിക്രി വിവാദം ചൂടുപിടിച്ചത്.

ഇത് പ്രതിപക്ഷ എംപിമാരെ പാര്‍ലമെന്റില്‍ നിന്ന് ജനാധിപത്യവിരുദ്ധമായി സസ്പെന്‍ഡ് ചെയ്തതില്‍ നിന്നും ഡിസംബര്‍ 13 ലെ പാര്‍ലമെന്റ് സുരക്ഷാ ലംഘനത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള തികച്ചും ദയനീയമായ ശ്രമമാണെന്ന് ജയറാം രമേശ് ആരോപിച്ചു. എന്നാല്‍ ജഗ്ദീപ് ധന്‍കര്‍ തന്നെ തന്നെ അനുകരിച്ചതിനെതിരെ രംഗത്തെത്തി. ഒരു എംപി പരിഹസിക്കുന്നതും രണ്ടാമത്തെ എംപി ആ സംഭവം വീഡിയോയില്‍ പകര്‍ത്തുന്നതും ലജ്ജാകരവും പരിഹാസ്യവും അസ്വീകാര്യവുമാണെന്നാണ് ധന്‍ഖര്‍ പ്രതികരിച്ചത്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും അതൃപ്തി രേഖപ്പെടുത്തി. ഇതിനിടെ തൃണമൂല്‍ എംപിക്കെതിരെ ഡല്‍ഹിയിലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെന്നതും ശ്രദ്ധേയമാണ്. 

ഇതിനിടെ മിമിക്രി വിവാദത്തില്‍ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്നെ രംഗത്തെത്തി. 'ആരാണ് അപമാനിക്കപ്പെട്ടത്? എങ്ങനെയാണ്? എംപിമാരെ പുറത്താക്കി. ഞാന്‍ വീഡിയോ പകര്‍ത്തി. പക്ഷേ അതെന്റെ ഫോണിലായിരുന്നു. മാധ്യമങ്ങളാണ് അത് സംപ്രേക്ഷണം ചെയ്തത്', രാഹുല്‍ പറഞ്ഞു. 150 എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് ഇരിക്കുന്നുണ്ട്. സഭയില്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ല. അദാനിയെ കുറിച്ച് ചര്‍ച്ചയില്ല, തൊഴിലില്ലായ്മയെ കുറിച്ച് ചര്‍ച്ചയില്ല, റഫേല്‍ യുദ്ധവിമാനത്തെ കുറിച്ച് ഒരു ചര്‍ച്ചയുമില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. 

jagdeep dhankar mallikarjun kharghe
Advertisment