/sathyam/media/media_files/xP7BeODRZKPXNRLj1RRL.jpg)
കൊല്‍ക്കൊത്ത: സനാതന ധര്‍മ്മത്തെ എതിര്‍ത്ത് സംസാരിച്ച ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെ തള്ളി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന പ്രസ്ഥാവന നടത്തരുത്. എല്ലാ മതങ്ങളെയും ബഹുമാനിക്കണം. താന്‍ സനാതന ധര്‍മ്മത്തെ ബഹുമാനിക്കുന്നുവെന്നും മമത ബാനര്‍ജി പറഞ്ഞു.
വിഷയത്തില്‍ കോണ്‍ഗ്രസും പ്രതികരിച്ചിരുന്നു. എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നത് തങ്ങളുടെ ആശയമാണ്. എന്നാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
'ഇക്കാര്യത്തില്‍ ഞങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാണ്. 'സര്‍വ ധര്‍മ്മ സമഭാവ' (എല്ലാ മതങ്ങളോടും ബഹുമാനം) കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രമാണ്. എന്നാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കണം. എല്ലാവരുടെയും വിശ്വാസത്തെ ഞങ്ങള്‍ മാനിക്കുന്നു,' ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെ സി വേണുഗോപാല്‍ പറഞ്ഞു.
ഉദയനിധിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനെതിരേയും ഇന്‍ഡ്യ സഖ്യത്തിനെതിരേയും രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. പരാമര്‍ശത്തിലൂടെ ഇന്ത്യയുടെ സംസ്‌കാരത്തേയും ചരിത്രത്തേയും അപമാനിച്ചുവെന്ന് ബിജെപി വിമര്‍ശിച്ചിരുന്നു.
ഇന്‍ഡ്യ സഖ്യം ഹിന്ദുത്വത്തിനെതിരെയാണെന്ന് വ്യക്തമാക്കുന്നതാണ് ഉദയനിധിയുടെ പരാമര്‍ശമെന്ന് അമിത് ഷാ വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ സഖ്യത്തിന്റെ വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റേയും പ്രീണന തന്ത്രത്തിന്റേയും ഭാ?ഗമാണ് ഉദയനിധിയുടെ പരാമര്‍ശം. രാജസ്ഥാനില്‍ ബിജെപി പരിവര്‍ത്തന്‍ യാത്രയ്ക്കിടെയായിരുന്നു അമിത് ഷായുടെ വിമര്‍ശനം. രാഹുല്‍ തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ-ത്വയ്ബയുമായാണ് ഹിന്ദു സംഘടനകളെ താരതമ്യപ്പെടുത്തുന്നത്. ഹിന്ദു സംഘടനകള്‍ ലഷ്‌കര്‍ ഇ-ത്വയ്ബയെക്കാള്‍ അപകടകാരികളാണെന്ന് വരെ രാഹുല്‍ പറഞ്ഞെന്നും അമിത് ഷാ ആരോപിച്ചിരുന്നു.
ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകനായ വിനീത് ജിന്‍ഡാല്‍ ആണ് പരാതി നല്‍കിയത്. സനാതനധര്‍മ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. 'ചില കാര്യങ്ങളെ എതിര്‍ക്കാന്‍ കഴിയില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, കൊതുകുകള്‍, മലേറിയ, കൊവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. അതുപോലെ സനാതന ധര്‍മ്മത്തേയും ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്.' എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. സനാതന ധര്‍മ്മം എന്ന വാക്ക് സംസ്‌കൃതത്തില്‍ നിന്നാണ് വന്നത്. ഇത് സമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിതി സ്റ്റാലിന്‍ പറഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us