ഒരു വ്യക്തിയും കുടുംബവും നടത്തുന്ന കൊള്ളയ്ക്ക് എല്ലാ വകുപ്പുകളും കൂട്ടുനിൽക്കുന്നു, അഴിമതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടും താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി വ്യക്തമായി മറുപടിയൊന്നും നല്‍കിയില്ല; മാത്യു കുഴൽനാടൻ

പിവി എന്ന പരാമര്‍ശം തന്നെക്കുറിച്ചല്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒളിച്ചോടിയ സാഹചര്യത്തില്‍ ഇതിന്റെ രണ്ടാംഘട്ട പോരാട്ടം ആരംഭിക്കുകയാണ്.

New Update
mathew kuzhal

സിഎംആർഎൽ വിഷയത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. ഒരു വ്യക്തിയും കുടുംബവും നടത്തുന്ന കൊള്ളയ്ക്ക് സർക്കാരിന്റെ എല്ലാ വകുപ്പുകളും കൂട്ടുനിൽക്കുന്ന അവസ്ഥയാണെന്ന് കുഴൽനാടൻ പറഞ്ഞു. വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്നില്ല. ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ വേട്ടയാടുന്ന നിലപാടാണ് സർക്കാരിനെന്നും കുഴൽനാടൻ വ്യക്തമാക്കി.

Advertisment

അതേസമയം മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ കേസെടുക്കണെമന്നാവശ്യപ്പെട്ട് മാത്യ കുഴല്‍നാടന്‍ എംഎൽഎ വിജിലന്‍സിന് പരാതി നല്‍കി. സംഭവത്തിൽ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം ഇരുവർക്കുമെതിരെ കേസെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കുഴല്‍നാടൻ പരാതി നൽകിയത്. ഇത് സംബന്ധിച്ച് തെളിവുകള്‍ നല്‍കിയതായും വിജിലന്‍സ് ഡയറക്ടറെ കണ്ട ശേഷം മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

അഴിമതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടും താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി വ്യക്തമായി മറുപടിയൊന്നും നല്‍കിയില്ലെന്ന് കുഴല്‍നാടന്‍ പറഞ്ഞു. ആരോപണം ഉന്നയിച്ച് പുകമറ സൃഷ്ടിക്കുന്നതിനോ, മാധ്യമശ്രദ്ധ ലഭിക്കുന്നതിനോ വേണ്ടിയല്ല താന്‍ ഇത് ഏറ്റെടുത്തത്. ഇതിന്റെ വ്യക്തമായ തെളിവുകള്‍ സഹിതമാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടവരോ ഒന്നും പ്രതികരിച്ചില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു.

"പിവി എന്ന പരാമര്‍ശം തന്നെക്കുറിച്ചല്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒളിച്ചോടിയ സാഹചര്യത്തില്‍ ഇതിന്റെ രണ്ടാംഘട്ട പോരാട്ടം ആരംഭിക്കുകയാണ്. അത് നിയമപോരാട്ടമാണ്. അതിന്റെ ഭാഗമായി ഔദ്യോഗിക പരാതിയും ബന്ധപ്പെട്ട രേഖകളും വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. പിവി എന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. അത് ഞങ്ങള്‍ തെളിയിക്കും. തന്റെ നിയമപോരാട്ടത്തിന് പാര്‍ട്ടിയുടെ അനുമതിയും പിന്തുണയും ഉണ്ട്"-  മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം മാസപ്പടി വിവാദത്തില്‍ വീണ വിജയനെതിരായി ഉന്നയിച്ച ആരോപണങ്ങളിൽ താൻ ഉറച്ചു നിൽക്കുന്നതായി കുഴൽനാടൻ കഴിഞ്ഞയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

"ഒരു സേവനവും നൽകാതെ കരിമണൽ കമ്പനിയിൽ നിന്ന് പണം ​കൈപ്പറ്റിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. നിരവധി കമ്പനികളിൽ നിന്ന് മുഖ്യമന്ത്രി ഇത്തരത്തിൽ പണം വാങ്ങിക്കൊണ്ടിരിക്കുന്നു. വീണ വിജയന് സിഎംആര്‍എല്‍ ഭിക്ഷയായി നല്‍കിയതാണോ പണം?,  പിവി എന്ന ചുരുക്കപ്പേര് പിണറായി വിജയന്‍ തന്നെയാണ്."-  വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

"രാഷ്ട്രീയത്തിൽ സുതാര്യത ഇല്ലാത്ത പ്രവർത്തങ്ങൾ മാറണം. അതിനൊരു മാതൃയാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എങ്ങനെയാണ് സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നതെന്ന് തുറന്നു കാണിക്കാനുള്ള അവസരമായി  ഈ അവസരം ഞാൻ ഉപയോഗിക്കുന്നു. സംസ്‌ഥാനത്തെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വവും നൽകേണ്ട വിജിലൻസിനെ സർക്കാർ ദുരുപയോഗം ചെയ്യുകയാണ്. എന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. അന്വേഷണം നിയമ വിരുദ്ധവും, അധികാര ദുര്‍വിനിയോഗവുമാണ്. വിജിലന്‍സ് അന്വേഷണം നടത്തി തളര്‍ത്തികളയാമെന്ന് കരുതേണ്ട, ഏത് അന്വേഷണത്തെയും നിയമപരമായി നേരിടും"-  മാത്യു കുഴല്‍നാടന്‍ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 

mathew kuzhalnadan latest news
Advertisment